നടനെ കല്യാണം കഴിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് എതിര്‍പ്പ്; വിജയകാന്താണ് എന്റെ മരുമകനെന്ന് പ്രേമലതയുടെ അച്ഛന്‍!
തമിഴ് സിനിമയുടെ ക്യാപ്റ്റന്‍, സൂപ്പര്‍ താരം വിജയകാന്തിന്റെ വിയോഗ വാര്‍ത്തയാണ് ഇന്ന് ഉറക്കമുണര്‍ന്ന ആരാധകരെ കാത്തിരുന്നത്. ഏറെ നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വലയുകയായിരുന്നു അദ്ദേഹം. കുറച്ചുനാള്‍ മുമ്പ് വിജയകാന്ത് മരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഭാര്യ അറിയിക്കുകയായിരുന്നു. ഇത്തവണയും അതുപോലൊരു വ്യാജ വാര്‍ത്തയായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ആ വാര്‍ത്ത തിരുത്തപ്പെട്ടില്ല.
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു വിജയകാന്ത്. പോയ വാരമാണ് താരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതും. പിന്നാലെ താരത്തിന് കോവിഡും ബാധിച്ചിരുന്നു. മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തന്റേയും വിജയകാന്തിന്റേയും വിവാഹത്തെക്കുറിച്ച് ഭാര്യ പ്രേമലത മനസ് തുറന്നിരുന്നു. വിജയകാന്തിനൊപ്പം രാഷ്ട്രീയ രംഗത്തടക്കം സജീവമായി തന്നെ പ്രേമലതയും ഉണ്ടായിരുന്നു.

വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് പ്രേമലത. 1990 ജനുവരി 31 നായിരുന്നു പ്രേമലതയും വിജയകാന്തും വിവാഹിതരാകുന്നത്. അറേഞ്ച് മാര്യേജയായിരുന്നു പ്രേമലതയുടേയും വിജയകാന്തിന്റേയും. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകന്‍ ഷന്മുഖ പാണ്ഡ്യന്‍ നടനാണ്. മുമ്പൊരു അഭിമുഖത്തില്‍ പ്രേമല തങ്ങളുടെ ആദ്യ കൂടിച്ചാഴ്ചയെക്കുറിച്ച് സംസാരിച്ചിരുന്നു.
''വിവാഹങ്ങള്‍ നടക്കുന്നത് സ്വര്‍ഗ്ഗത്തില്‍ വച്ചാണ് എന്ന് പറയുന്നതിന്റെ തെളിവാണ് ഞങ്ങളുടെ വിവാഹം. ക്യാപ്റ്റന്‍ വിജയകാന്തിന്റെ കുടുംബം മധുരക്കാരാണ്. ഞങ്ങള്‍ വെല്ലൂരുകാരും. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. അദ്ദേഹം എന്നെ കാണാന്‍ വന്നപ്പോള്‍ തന്നെ എന്റെ അച്ഛന് അദ്ദേഹത്തെ ഇഷ്ടമായി. തന്റെ മകളെ നല്‍കുന്നുവെങ്കില്‍ അത് ഇയാള്‍ക്കായിരിക്കണം എന്ന് അച്ഛന്‍ ചിന്തിച്ചു'' പ്രേമലത പറയുന്നു.
''അദ്ദേഹം വളരെ സിമ്പിളായിട്ടാണ് വന്നത്. ഒരു താരത്തെ പോലെയായിരുന്നില്ല. ചെരുപ്പിടാതെ കാവി തുണി ധരിച്ചാണ് വന്നത്. അദ്ദേഹം പതിവായി ശബരിമലയ്ക്ക് പോവുമായിരുന്നു. ആ വേഷത്തിലാണ് അന്ന് വന്നത്. താരങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നോ എന്തായിരിക്കുമെന്നോ എന്റെ മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ തങ്ങളുടെ മരുകനായി അദ്ദേഹത്തെ അവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു'' എന്നും പ്രേമലത പറയുന്നു.
നടന് മകളെ വിവാഹം കഴിപ്പിച്ചു നല്‍കുന്നതിനെ പല ബന്ധുക്കളും എതിര്‍ത്തിരുന്നുവെങ്കിലും തന്റെ അച്ഛനും അമ്മയും വിജയകാന്തിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് പ്രേമലത പറയുന്നു.

തമിഴ് സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് വിജയകാന്ത്. 1952 ല്‍ മധുരയില്‍ ജനിച്ച അദ്ദേഹം സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് കടന്നു വരുന്നത്. 1979 ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇമൈയിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴ് സിനിമയിലെ നായകസങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിയെഴുതിയ വിജയകാന്ത് പകരക്കാരനില്ലാത്തായി താരമായി വളരുകയായിരുന്നു. സ്‌ക്രീനിലെന്നത് പോലെ ജീവിതത്തിലും അദ്ദേഹം പലര്‍ക്കും രക്ഷകനായിരുന്നു.
രാഷ്ട്രീയത്തിലേക്ക് കടക്കുന്നതോടെയാണ് വിജയകാന്ത് സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. നിയമസഭാംഗമായിരുന്ന വിജയകാന്ത് പ്രതിപക്ഷ നേതാവുമായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ എംജിആര്‍ അവാര്‍ഡ്, കലൈമാമണി അവാര്‍ഡ്, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











