അമ്മയുടെ ആരോഗ്യം മോശമായത് അങ്ങനെ! റോബോ ശങ്കറിന് സംഭവിച്ചത് തന്നെ; വനിത വിജയകുമാർ പറയുന്നു
വിവാദങ്ങളിൽ പെട്ട് നിരന്തരം വാർത്തകളിൽ നിറയുന്ന നടിയാണ് വനിത വിജയകുമാർ. തമിഴകത്തെ പ്രശസ്‌ത സിനിമ കുടുംബത്തിൽ നിന്നുള്ള താരമാണ് വനിത. നടന്‍ വിജയ് കുമാറിന്റെയും നടി മഞ്ജുളയുടെയും മകളാണ് താരം. എന്നാൽ വർഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുകയാണ് നടി. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിൽ മത്സരിച്ച ശേഷമാണ് വനിത വിജയകുമാർ കൂടുതൽ ശ്രദ്ധനേടുന്നത്. കുടുംബവുമായുള്ള അകൽച്ചയും ഒന്നിലേറെ വിവാഹങ്ങളും വിവാഹ മോചനങ്ങളുമാണ് വനിതയെ വാർത്തകളിൽ നിറച്ചത്.
അച്ഛനും അമ്മയുമായി പൂർണമായും അകൽച്ചയിലാണ് വനിത. ഒരിക്കൽ വിജയകുമാറും മഞ്ജുളയും മകൾക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു വാർത്താസമ്മേളനം നടത്തുകയുണ്ടായി. എന്നാൽ കുടുംബം മുഴുവൻ തനിക്കെതിരെ തിരിഞ്ഞിട്ടും വനിത തളർന്നില്ല. രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് താരമിപ്പോൾ. അടുത്തിടെയായി സിനിമകളിലും സീരിയലുകളിലുമൊക്കെ സജീവമാവുകയാണ് വനിത. നടി എന്നതിന് പുറമെ അവതാരകയും ബിസിനസ് സംരഭകയും കൂടിയാണ് താരം.

വനിത അവതാരകയായിട്ടുള്ള അഭിമുഖങ്ങൾ ഇടയ്ക്ക് നടിയുടെ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധനേടാറുണ്ട്. നടൻ റോബോ ശങ്കറുമായി നടത്തിയ വനിതയുടെ ഒരു അഭിമുഖം അത്തരത്തിൽ വൈറലാവുകയാണ്. നടനുമായുള്ള അഭിമുഖത്തിൽ തന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
തമിഴകത്തെ ഹാസ്യ താരങ്ങളിൽ ശ്രദ്ധേയനാണ് റോബോ ശങ്കർ. വിശ്വാസം, മാരി പോലുള്ള സിനിമകളിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ അവതരണം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തമിഴകം കടന്നും റോബോ ശങ്കറിന് ആരാധകരുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമുള്ളതായിരുന്നില്ല.
റോബോ ശങ്കര്‍ മെലിഞ്ഞ ലുക്കിലുള്ള ഏതാനും ചിത്രങ്ങള്‍ കുറച്ച് കാലം മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ നടൻ മരണപ്പെട്ടു എന്ന വ്യാജ വാർത്തകളും പ്രചരിച്ചു. നാഷണല്‍ ചാനലുകളില്‍ പോലും റോബോ ശങ്കറിന്റെ മരണവാര്‍ത്ത വന്നു എന്നതാണ് സത്യം. ശരീര പ്രകൃതിയുടെ പേരിൽ കൂടെയാണ് റോബോ ശങ്കർ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. തടിച്ച ശരീരമായിരുന്നു നടന്റെത്.
മെലിഞ്ഞ ചിത്രങ്ങൾ വന്നതോടെ നടന്റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്നായിരുന്നു ചോദ്യങ്ങൾ. അതിനുള്ള മറുപടി വനിതയുമായുള്ള അഭിമുഖത്തിൽ നടൻ നൽകുകയുണ്ടായി. താൻ രോഗബാധിതനായിരുന്നു അതാണ് ശരീരത്തെ ബാധിച്ചതെന്ന് റോബോ ശങ്കർ പറഞ്ഞു. എന്നാല്‍ അത് മാത്രമല്ല തന്റെ ഡയറ്റും ശരീര ഭാരം കുറയാൻ കാരണമായെന്ന് നടൻ വ്യക്തമാക്കി.
ഡയറ്റിലായിരുന്നപ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു. അത് അൽപം സീരിയസായി പോയി. മരണത്തിന്റെ വാക്കിൽ നിന്നാണ് തിരിച്ചുവന്നതെന്ന് നടൻ പറഞ്ഞു. നേരത്തെ റോബോ ശങ്കറിന് മഞ്ഞപ്പിത്തം ബാധിച്ചതായി റോബോ ശങ്കറിന്റെ ബന്ധുവും നടനുമായ ബോസ് വെങ്കട്ട് പറഞ്ഞിരുന്നു. എന്നാൽ നടൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. വനിതയുമായുള്ള അഭിമുഖത്തിലാണ് നടൻ ഇതേക്കുറിച്ച് മനസുതുറക്കുന്നത്.

റോബോ ശങ്കർ തന്റെ മഞ്ഞപ്പിത്തത്തിനെ കുറിച്ച് പറഞ്ഞതിന് പിന്നാലെ തന്റെ അമ്മയ്ക്കും മഞ്ഞപ്പിത്തം വന്നിട്ടുണ്ടെന്ന് വനിത വെളിപ്പെടുത്തുകയായിരുന്നു. അമ്മയ്ക്ക് രണ്ടു തവണ മഞ്ഞപ്പിത്തം ബാധിച്ചെന്നും അതുകൊണ്ടാണ് അമ്മയുടെ ആരോഗ്യം മോശമായതെന്നുമാണ് വനിതാ പറഞ്ഞത്. ഇത് കാണുന്നവർ, ശരീരത്തിന് ഉണ്ടാകുന്നത് ഒരു ചെറിയ ആരോഗ്യ പ്രശ്‌നമാണെങ്കിൽ പോലും ഡോക്ടർമാർ പറയുന്നത് കേൾക്കണമെന്നും നടി പറഞ്ഞു.
ഡോക്‌ടർമാർ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ പറയുമെന്ന ഭയം മൂലമാണ് പലരും ആശുപത്രിയിൽ പോകാൻ മടിക്കുന്നത്. എന്നാൽ അങ്ങനെ വിചാരിക്കരുതെന്നും ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണമെന്നും വനിത വ്യക്തമാക്കി. 2013 ലാണ് വനിതയുടെ അമ്മ മഞ്ജുള മരണപ്പെടുന്നത്.


Click it and Unblock the Notifications