ഈ പെണ്ണ് കൊള്ളില്ല, ബോംബെയില്‍ പോയി ക്ലബ്ബ് ഡാന്‍സ് ചെയ്ത് ജീവിക്കട്ടെ; ആദ്യ സിനിമയിൽ നിന്നുണ്ടായ അനുഭവം!
തെന്നിന്ത്യൻ സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ലക്ഷ്മി. അറുപതുകളിൽ സിനിമയിലെത്തിയ ലക്ഷ്മി ഇന്നും അഭിനയത്തിൽ സജീവമാണ്. അഭിനയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നടി ആയിട്ടാണ് ലക്ഷ്മിയെ സിനിമാലോകം വിശേഷിപ്പിക്കാറുള്ളത്. പതിനാറാം വയസിൽ സിനിമയിലെത്തിയ ലക്ഷ്മി, തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ എന്നിങ്ങനെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും അവിടെ നിന്നെല്ലാം നിരവധി അംഗീകാരങ്ങൾ നേടാനും ലക്ഷ്മിയ്ക്ക് കഴിഞ്ഞു.
70കളിൽ യുവതാരമായി തിളങ്ങി നിന്ന ലക്ഷ്മിക്ക് 80കളിലാണ് കൂടുതൽ നായികാ വേഷങ്ങൾ ലഭിക്കുന്നത്. 1974 ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. തുടർന്ന് മലയാള നിരവധി സിനിമകളിൽ ലക്ഷ്മി അഭിനയിച്ചു. ബിഗ് സ്‌ക്രീനിനൊപ്പം തന്നെ മിനിസ്‌ക്രീനിലും ലക്ഷ്മി തിളങ്ങി. ഇപ്പോൾ ഓടിടിയിലേക്കും ചുവടുവെച്ചിരിക്കുകയാണ് നടി.

ലക്ഷ്മി അഭിനയിച്ച സ്വീറ്റ് കാരം കോഫി എന്ന വെബ് സീരീസ് അടുത്തിടെയാണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചത്. അതുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തില്‍, സിനിമയിലെ തുടക്കകാലത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ലക്ഷ്മി സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
ജീവനാംശം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും ബോംബെയില്‍ പോയി വല്ല ക്ലബ് ഡാന്‍സും ചെയ്തു ജീവിക്കാനേ ഇവള്‍ക്കൊക്കെ കഴിയൂ എന്നും ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞു എന്നാണ് ലക്ഷ്‌മി പറഞ്ഞത്. സംഭവത്തെ കുറിച്ച് നടി ഓർക്കുന്നതിങ്ങനെ...
'ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ദിവസം സെറ്റില്‍ കണ്ടപ്പോള്‍... 'ഈ പെണ്ണ് കൊള്ളില്ലപ്പാ. വല്ല ബോംബെ-കീമ്പേയ്ക്ക് പോട്ടെ. ഡാന്‍സ്-കീന്‍സ് ആടിക്കോട്ടേ. അതിനൊന്നും അഭിനയം വരില്ല, ഇവള്‍ ഇന്നലെ അഭിനയിച്ചേയില്ലല്ലോ' എന്ന് അയാൾ പറഞ്ഞു. ഞാന്‍ കേൾക്കേയാണ് അയാൾ അത് പറഞ്ഞത്. അവര്‍ക്കതില്‍ ഒരു വിഷമവും ഇല്ലായിരുന്നു. ഞാൻ ഇത് ഷൌക്കാര്‍ അമ്മയോട് (ഷൌക്കാര്‍ ജാനകി) പറഞ്ഞു, ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നു, എന്ത് ചെയ്യണമെന്ന് ചോദിച്ചു',
'ഇങ്ങനെ ഓരോന്ന് പറയാൻ ആളുകള്‍ ഉണ്ടാവും. നിനക്ക് അഭിനയിക്കണോ വേണ്ടേ? എന്ന് അവർ ചോദിച്ചു. ഇത് ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ച് പോയി ആന്റി. എനിക്കിത് ചെയ്തേ പറ്റൂ. ലോ കോളേജ് സീറ്റൊക്കെ വിട്ടിട്ടാണ് ഇവിടെ വന്നത്. പഠിക്കാൻ പോകാൻ പറഞ്ഞ വീട്ടുകാരെ എതിര്‍ത്ത് സിനിമയില്‍ വന്നതാണ്. ഇനി ഇത് ചെയ്തേ മതിയാവൂ എന്ന് പറഞ്ഞു',

'സിനിമയിലെ നായകനായ ജയശങ്കറിനോടും ഞാൻ ഇക്കാര്യം പറഞ്ഞു. ഫോട്ടോഗ്രാഫർ ഇങ്ങനെയെല്ലാം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ, 'അവനല്ലേ പറഞ്ഞത്. അവന്‍ എല്ലാവരെയും ഇങ്ങനെ തന്നെയാണ് പറയുന്നത്. പക്ഷേ ഒരു കാര്യമുണ്ട്. അയാൾ അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ എല്ലാവരും കരിയറിൽ രക്ഷപ്പെട്ടിട്ടുണ്ട്. വലിയ ആര്‍ട്ടിസ്റ്റായി മാറിയിട്ടുണ്ട്. അതുകൊണ്ട് അവൻ പറയട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം. അത് കേട്ട ശേഷമാണു തനിക്ക് സമാധാനമായതെന്നും ലക്ഷ്മി പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായെങ്കിലും, പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താനും ഭർത്താവും ഇന്നുവരെ വഴക്കിട്ടിട്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. തന്നെ ചിരിപ്പിക്കുന്നതാണ് ഭർത്താവിന് ഏറ്റവും ഇഷ്ടം. ഭര്‍ത്താവ് എന്നതിനപ്പുറം നല്ല ഒരു സുഹൃത്താണ് അദ്ദേഹം. ഇതുപോലൊരു സുഹൃത്തിനെ ആര്‍ക്കും കിട്ടില്ല. അക്കാര്യത്തില്‍ താൻ ഭാഗ്യവതിയാണെന്നായിരുന്നു ലക്ഷ്‌മി പറഞ്ഞത്.


Click it and Unblock the Notifications