വിജയ്‌ക്കൊപ്പം മക്കള്‍സെല്‍വനും മാളവികയും! ദളപതി 64ന് തുടക്കമായി! പൂജാ ചിത്രങ്ങള്‍ പുറത്ത്
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് വിജയ്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളൂവെങ്കിലും അതിനെല്ലാ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. വിജയുടെ ദീപാവലി റിലീസ് ചിത്രം ബിഗിലിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രം റിലീസിങ്ങിനൊരുങ്ങവേയാണ് അടുത്തിടെ ദളപതിയുടെ പുതിയ സിനിമയും പ്രഖ്യാപിച്ചിരുന്നത്. ദളപതി 64 എന്ന് പേരിട്ട സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മാനഗരം, കൈതി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ദളപതി ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചെന്നൈയിലാണ് ദളപതി 64ന് തുടക്കമായിരിക്കുന്നത്. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും നില്‍ക്കുന്ന ചിത്രമാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്. ദളപതി 64 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയുടെ ടൈറ്റില്‍ ഉടന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂജാ ചിത്രങ്ങളില്‍ ദളപതിക്കും മക്കള്‍സെല്‍വനും പുറമെ നായിക മാളവിക മോഹന്‍, അനിരുദ്ധ് രവിചന്ദര്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടന്‍ ശാന്തനു ഭാഗ്യരാജ്, നിര്‍മ്മാതാക്കള്‍, മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും കാണാം. വിജയ് ചിത്രത്തില്‍ മലയാളി താരം ആന്റണി വര്‍ഗീസും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ദളപതിയുടെ വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. കത്തി എന്ന സിനിമയ്ക്ക് ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് അനിരുദ്ധ് രവിചന്ദര്‍ വീണ്ടും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സാണ് ദളപതി 64ന്റെ നിര്‍മ്മാണം. ബിഗ് ബഡ്ജറ്റ് ചിത്രം അടുത്ത വര്‍ഷം സമ്മര്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിഗിലിന്റെ വമ്പന്‍ റിലീസിന് മുന്നേയാണ് പുതിയ വിജയ് ചിത്രത്തിന് തുടക്കമായിരിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ബിഗില്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് പുതിയ സിനിമയുമായി വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് എത്തുന്നത്. ബിഗില്‍ പോലെ തന്നെ ദളപതി 64നായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications