വീട്ടില്‍ നടന്നത് റെയ്ഡല്ല! ആദായ നികുതി വകുപ്പിന്റെ പരിശോധനയായിരുന്നുവെന്ന് വിജയ് സേതുപതി!
ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുമായി തമിഴകത്ത് നിറഞ്ഞുനില്‍ക്കുന്ന താരങ്ങളിലൊരാളാണ് വിജയ് സേതുപതി. തമിഴ് സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും കേരളത്തിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. നടന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചാണ് ഈ താരം മുന്നേറുന്നത്. സിനിമകളുമായി കുതിക്കുന്നതിനിടയില്‍ താരത്തെ വിവാദങ്ങളും തേടിയെത്താറുണ്ട്. നെഗറ്റീവ് ഇമേജുകളെ ഭയക്കാതെയാണ് താന്‍ മുന്നേറുന്നതെന്ന് താരം പറയുന്നു. വീട്ടില്‍ റെയ്ഡ് നടന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് അറിഞ്ഞതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് വിജയ് സേതുപതിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. തമിഴ് മാധ്യമങ്ങളെല്ലാം ഈ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. വീട്ടില്‍ നടന്നത് റെയ്്ഡല്ലെന്നും രേഖകളുടെ പരിശോധന മാത്രമാണ് നടന്നതെന്നും താരം പറയുന്നു. മാധ്യമങ്ങളിലൂടെ വീട്ടില്‍ റെയ്ഡ് നടന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. പുതിയ സിനിമയായ 96 ന് ഇടയില്‍ നടന്ന പത്രസമ്മേളനത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

വീട്ടില്‍ പരിശോധന നടന്നതിന് ശേഷമാണ് തനിക്കും ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായതെന്ന് താരം പറയുന്നു. വരവ് ചിലവ് കണക്കുകളെക്കുറിച്ച് അവര്‍ പരിശോധിച്ചിരുന്നു. മൂന്നുവര്‍ഷത്തെ നികുതി മുന്‍കൂറായി അടച്ചിരുന്നു. എന്നാല്‍ അതിന്റെ റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നില്ല. തന്റെ ഇടപാടുകളെല്ലാം കൃത്യമായാണോ നടക്കുന്നതെന്നറിയാനായാണ് അവര്‍ രേഖകള്‍ പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതേക്കുറിച്ചോര്‍ത്ത് തനിക്ക് പരിഭ്രാന്തിയില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications











