ഗ്യാങ്ങ്സ്റ്ററായി മക്കള്‍സെല്‍വന്‍ വീണ്ടുമെത്തുന്നു! ജുംഗ ടീസര്‍ പുറത്ത്! കാണൂ
മക്കള്‍സെല്‍വന്‍ വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രമാണ് ജുംഗ. ഗോകുല്‍ സംവിധാനം ചെയ്ത ചിത്രം ഗ്യാങ്ങ്‌സ്റ്റര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ജുംഗ.
മഡോണ സെബാസ്റ്റിയനും സയേഷയുമാണ് ചിത്രത്തില്‍ സേതുപതിയുടെ നായികമാരാവുന്നത്. വിജയ് സേതുപതി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ജുംഗ. ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിലൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വിജയ് സേതുപതി തന്നെയാണ് ജുംഗയുടെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജുംഗയ്ക്കു ശേഷവും കൈനിറയെ ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്‌സാണ് ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രം.

ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ട്രാന്‍സ് ജെന്‍ഡറായിട്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. സൂപ്പര്‍ ഡീലക്‌സിനു പുറമെ മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം,ഇദം പൊരുള്‍ യെവള്‍,രജനീകാന്തിന്റെ കാര്‍ത്തിക് സുബരാജ് ചിത്രം, അജിത്തിനൊപ്പമുളള വിശ്വാസം തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications











