ഒരു പെൺകുട്ടി ഇതിൽ ഉൾപ്പെടുന്നു, അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്; വിവാഹവാർത്തയിൽ പ്രതികരിച്ച് വിശാൽ
തമിഴകത്ത് ഏറെ ആരാധകരുള്ള നടനാണ് വിശാൽ. തമിഴ് സിനിമയിലെ ആക്ഷൻ കിങ്ങായി അറിയപ്പെടുന്ന നടന് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. പ്രായം 45 കടന്നെങ്കിലും അവിവാഹിതനാണ് വിശാൽ. 2019ൽ ഒരു നടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അത് വിവാഹത്തിലേക്ക് എത്തിയില്ല. അതിനു ശേഷം നിരവധി ഗോസിപ്പുകളാണ് നടന്റെ പേരിൽ വന്നത്. അതിനിടെ താൻ പ്രണയത്തിലാണെന്നും വൈകാതെ വെളിപ്പെടുത്താമെന്നും വിശാൽ പറഞ്ഞത് ഗോസിപ്പുകളുടെ ആക്കം കൂട്ടി.
പിന്നാലെ നടി അഭിനയയെ വിശാൽ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുകയുണ്ടായി. വിശാലിന്റെ റിലീസിനൊരുങ്ങുന്ന മാർക്ക് ആന്തണി എന്ന ചിത്രത്തിൽ അഭിനയ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ റിപ്പോർട്ടുകളെ തള്ളി വിശാൽ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വീണ്ടും വിശാലിന്റെ വിവാഹവാർത്ത തമിഴകത്ത് ചർച്ചയാവുകയാണ്.

നടി ലക്ഷ്മി മേനോനുമായി വിശാലിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചു എന്നും അധികം വൈകാതെ ഇവർ വിവാഹിതരാകുമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. മലയാളിയായ നടി ലക്ഷ്മി മേനോനും വിശാലും പാണ്ഡിയ നാട് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും അത് വേഗം തന്നെ കെട്ടടങ്ങി. അതിനു ശേഷം ഇപ്പോഴാണ് ഇരുവരെയും ചേർത്തൊരു വാർത്ത പുറത്തുവരുന്നത്.
തമിഴ് മാധ്യമങ്ങളിലെല്ലാം വിവാഹ വാര്‍ത്ത അടിസ്ഥാനമില്ലാതെ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. റിപ്പോർട്ടുകൾ നിഷേധിക്കുന്നുവെന്നും വിവാഹമാകുമ്പോൾ ഔദ്യോഗികമായി താൻ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും വിശാൽ പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
'സാധാരണയായി എന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും ഞാൻ പ്രതികരിക്കാറില്ല, കാരണം അത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇപ്പോള്‍ നടി ലക്ഷ്മി മേനോനുമായി ചേര്‍ത്ത് എന്റെ വിവാഹ വാര്‍ത്ത പുറത്തുവരുമ്പോള്‍ പ്രതികരിക്കിതിരിക്കാന്‍ കഴിയില്ല. എന്റെ വിവാഹത്തെ സംബന്ധിച്ചു വരുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണ്. അത് ഞാന്‍ ശക്തമായി നിഷേധിക്കുന്നു',
'ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടി ഇതിൽ ഉൾപ്പെടുന്നു എന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇതിൽ പ്രതികരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയെയാണ് ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവര്‍ നശിപ്പിക്കുന്നത്. അവരുടെ ഇമേജ് തകര്‍ക്കുകയാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ കുറിച്ചും, സമയവും തിയ്യതിയും നേരവും കാലവും എല്ലാം മുൻകൂട്ടി അറിയാൻ ഇത് ബെര്‍മൂഡ ട്രയാങ്കിള്‍ അല്ല. ആ ബോധമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. വിവാഹമായാൽ ഔദ്യോഗികമായി തന്നെ ഞാൻ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ,' വിശാല്‍ കുറിച്ചു.

വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയായിരുന്ന ലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലേക്ക് എത്തിയ നടി അവിടെ തിളങ്ങുകയായിരുന്നു. കുംകി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ലക്ഷ്മി സുന്ദര പാണ്ഡിയന്‍, ജിഗര്‍താണ്ട, റെക്കൈ, വേതാളം, തുടങ്ങിയ സിനിമകളിലൂടെയും തിളങ്ങി. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2ലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി.
അതേസമയം 2019ലാണ് നടി അനിഷ അല്ല റെഡ്ഢിയുമായി വിശാലിന്റെ വിവാഹം ഉറപ്പിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്നേ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് താരങ്ങൾ പോയതെന്ന് ഇന്നും വ്യക്തമല്ല. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനിഷ അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications