മനസ്സിലിരിപ്പ് ശരിയല്ല, ഇങ്ങനെ ആയാൽ എനിക്ക് സംസാരിക്കേണ്ടി വരും; പൊട്ടിത്തെറിച്ച് സായ് പല്ലവി
പ്രേമത്തിലെ മലർ മിസ്സായി എത്തി ആദ്യം മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെയാകെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ഒരൊറ്റ സിനിമയിലൂടെ ഇത്രയധികം ആരാധകരെ നേടിയെടുത്ത ഒരു താരം അടുത്തകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നത് പോലും സംശയമാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയ നായികമാരില്‍ ഒരാളാണ് താരം. തമിഴ്, തെലുങ്ക് ഭാഷകളിൽ കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.
വലിയ സ്വീകാര്യതയാണ് തെലുങ്കിലും തമിഴിലും താരത്തിന് ലഭിക്കുന്നത്. കരിയറിൽ മുന്നേറുന്നതിനൊപ്പം നിരവധി ഗോസിപ്പുകളും താരത്തിന്റെ പേരിൽ വരുന്നുണ്ട്. സായ് പല്ലവിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയുമായി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇതിന് ബലമേകുന്ന തരത്തില്‍ ഇരുവരുടെയും ഒരു ചിത്രവും പ്രചരിക്കുകയുണ്ടായി.

ഇതോടെ ആരാധകരും താരം രഹസ്യമായി വിവാഹം ചെയ്തോ എന്ന സംശയത്തിലായിരുന്നു. എന്നാൽ ഇത് വിവാഹ ചിത്രങ്ങളല്ലെന്നും സായ് പല്ലവിയെ നായികയാക്കി രാജ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. സംവിധായകൻ രാജ്‌കുമാർ പെരിയസ്വാമി തന്നെ ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ സായ് പല്ലവിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രൂക്ഷ ഭാഷയിലാണ് സായ് പല്ലവിയുടെ പ്രതികരണം. ഇത്തരം പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണെന്നും നടി തുറന്നടിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സായ് പല്ലവി പ്രതികരിച്ചത്.
'സത്യസന്ധമായി പറയുകയാണെങ്കിൽ, ഞാൻ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാൽ അതിൽ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാൽ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു',
'ജോലി സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ഈ തൊഴിലില്ലായ്മ പ്രവൃത്തികൾക്കെല്ലാം വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്', സായ് പല്ലവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

'സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു' എന്ന ക്യാപ്‌ഷനോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചത്. ചിത്രത്തിലുള്ള പുരുഷൻ ആരാണെന്ന സംശയമായിരുന്നു ആദ്യം ആരാധകരിൽ ഉണ്ടായത്. പിന്നീടത് സംവിധായകൻ രാജ്‌കുമാർ പെരിയസാമിയാണെന്ന് തിരിച്ചറിഞ്ഞു. സിനിമയുടെ പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. തമിഴ്നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് ഒരു പുതിയ സിനിമയുടെ പൂജാ വേളയിൽ ഇത്തരമൊരു ആചാരം പതിവാണ്.
യഥാർത്ഥ ചിത്രത്തിൽ ക്ലാപ് ബോർഡ് അടക്കം ഉണ്ടായിരുന്നെങ്കിലും അത് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിച്ചത്. സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമി തന്നെ കഴിഞ്ഞ മെയ് 9ന് ട്വീറ്റ് ചെയ്തിരുന്ന ചിത്രമാണ് വൈറലായത്. സായ് പല്ലവിയുടെ പിറന്നാള്‍ ദിനമായിരുന്നു രാജ്‌കുമാറിന്‍റെ ട്വീറ്റ്. പൂജ ചടങ്ങിൽ നിന്നുള്ള മറ്റു ചിത്രങ്ങളും രാജ്‌കുമാർ അന്ന് പോസ്റ്റ് ചെയ്തിരുന്നു.
അതേ സമയം എസ്കെ 21 ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സായ് പല്ലവി ഇപ്പോൾ. അടുത്തിടെ ചിത്രത്തിന്റെ കാശ്‌മീർ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications