'ഇപ്പോൾ വിവാഹം കഴിക്കുന്നതേ ദിവസങ്ങൾക്കുള്ളിൽ പിരിയാനാണ്; എന്തിനാണ് അതിൽ പോയി ചാടുന്നത്': സദ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സദ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ജയം എന്ന സിനിമയിലൂടെ ആയിരുന്നു സദയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയതോടെ തെലുങ്ക്, തമിഴ് സിനിമകളിൽ നിന്നെല്ലാം തുടർച്ചയായി മികച്ച സിനിമകൾ താരത്തെ തേടി എത്തുകയായിരുന്നു. പിന്നീട് വിക്രം നായകനായ അന്യൻ സിനിമയിൽ നായികയായതോടെയാണ് സദയ്ക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്. മലയാളി പ്രേക്ഷകരടക്കം സദയെ ഇന്നും ഓർത്തിരിക്കുന്നത് അന്യനിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെയാണ്.
തമിഴിൽ മുൻപും സിനിമ ചെയ്തിട്ടുണ്ടെങ്കിലും അന്യൻ പോലെ വലിയ ഹിറ്റായിരുന്നില്ല. സിനിമയുടെ വിജയത്തിന് ശേഷം തമിഴിലെ മുൻനിര നായിക നടിയായി സദ മാറുമെന്ന് എല്ലാവരും കരുതി. എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള ഹിറ്റുകൾ താരത്തിന്റെ കരിയറിൽ സംഭവിച്ചില്ല. പതിയെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. തുടർന്ന് സദ സിനിമയിൽ സജീവമല്ലാതാവുകയും ചെയ്തു. 2018 ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന സിനിമയിലാണ് സദ അവസാനമായി അഭിനയിച്ചത്.

നിലവില്‍ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടാണ് സദയെ കൂടുതലായി കാണുന്നത്. ഹലോ വേള്‍ഡ് എന്ന പരമ്പരയിലൂടെ ഒടിടി ലോകത്തേക്കും നടി പ്രവേശിച്ചിരുന്നു. 2002 ൽ പതിനെട്ടാമത്തെ വയസ്സിലാണ് സദഫ് മുഹമ്മദ് സയ്യിദ് എന്ന സദ സിനിമയിലേക്ക് എത്തുന്നത്. സദയുടെ ഒപ്പം വന്നവരും ശേഷം വന്നവരുമായ നടികൾ പലരും ഇതിനകം വിവാഹിതരും അമ്മമാരുമായി. എന്നാൽ സിനിമയിൽ നിന്ന് മാറി നിന്നിട്ടും സദ ഇതുവരെ വിവാഹത്തിന് തയ്യാറായിട്ടില്ല.
അതുകൊണ്ട് തന്നെ പോകുന്നിടത്തെല്ലാം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ സദയ്ക്ക് നേരെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ 39-കാരിയായ സദ, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണങ്ങൾ പങ്കുവച്ചിരിക്കുകയാണ്. വിവാഹിതയായാൽ പല സ്വന്തന്ത്ര്യവും നഷ്ടമാകുമെന്ന് സദ പറയുന്നു. ഇപ്പോഴത്തെ വിവാഹ ബന്ധങ്ങൾ അധിക കാലം നീണ്ടുനിൽക്കാറില്ല. അതും വിവാഹം കഴിക്കുന്നതിൽ നിന്ന് താൻ പിന്നോട്ട് പോകുന്നതിനുള്ള കാരണമാണെന്ന് സദ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
"വിവാഹം കഴിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. എന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് പോകുന്നതിലും ഞാൻ വളരെ സന്തുഷ്ടയാണ്. വിവാഹശേഷം ആ സംതൃപ്തി നിലനിർത്താൻ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല, ഇനിയിപ്പോൾ മനസിലാക്കാത്ത ആളാണെങ്കിലോ? ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ വേർപിരിയാനാണ്',

'അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത്? അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാൾ നല്ലത് വിവാഹം പൂർണ്ണമായും ഒഴിവാക്കുന്നതാണ്', സദ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇതിനകം വൈറലാവുകയും ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്‌തിട്ടുണ്ട്.
നേരത്തെയും താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സദ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ഉദ്ദേശം സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരാളെ ആശ്രയിക്കേണ്ടി വരുമ്പോഴാണ് പങ്കാളി വേണമെന്ന് ചിന്തിക്കുന്നത്. ഇനിയിപ്പോള്‍ താൻ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ തന്നെ അയാൾ തന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ആളായിരിക്കണമെന്നും സദ പറഞ്ഞിരുന്നു.


Click it and Unblock the Notifications











