സിനിമയ്ക്ക് വേണ്ടിയല്ല, അജിത് റേസിങ് ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം ഇത്; വെളിപ്പെടുത്തൽ!
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തമിഴകത്ത് ഏറെ ആരാധകരുണ്ട് താരത്തിന്. എന്നാൽ മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് അജിത്. മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ ഒന്നും ആരാധകർക്ക് അജിത്തിനെ കാണാന്‍ കഴിയില്ല. തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുത്ത നടനാണ് അദ്ദേഹം.
തന്റെ വ്യക്തി ജീവിതം വാർത്തകളിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ള നടൻ കൂടിയാണ് അജിത്. എങ്കിലും നടന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഉൾപ്പടെ ഇഷ്ടമാണ്. മലയാളത്തിന് ഏറെ പ്രിയങ്കരിയായ നടി ശാലിനിയെയാണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ സിനിമയെ വെല്ലുന്ന പ്രണയകഥയൊക്കെ തെന്നിന്ത്യൻ സിനിമ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്.

സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന അജിത് യഥാർത്ഥ ജീവിതത്തിലും ഏറെ സാഹസികതകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യകതിയാണ്. കാർ റേസിങ്, ഷൂട്ടിങ് തുടങ്ങിയ മത്സരങ്ങളിലൊക്കെ ചാമ്പ്യൻ പട്ടം വരെ നേടിയിട്ടുള്ള അജിത് ബൈക്ക് റേസിങ്ങിനോടും യാത്രകളോടുമെല്ലാം ഇഷ്ടമുണ്ട്. അടുത്തിടെ അജിത് നടത്തിയ ബൈക്ക് യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ, മഞ്ജു വാര്യരെ കൂട്ടിയും അജിത് ഒരു ബൈക്ക് യാത്ര നടത്തിയിരുന്നു.
ഇരുവരും ഒന്നിച്ച് അഭിനയിച്ച തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയ്ക്കു ആണ് താരങ്ങൾ ട്രിപ്പ് പോയത്. ഓരോ ചിത്രത്തിന് ശേഷവും യാത്രകൾ നടത്തുക എന്നത് അജിത്തിന്റെ ഒരു വിനോദമാണ്. ബൈക്കിലാണ് ഇപ്പോൾ ട്രിപ്പുകൾ ഏറെയെങ്കിലും റേസിംഗ് ട്രാക്കിൽ നടൻ തിളങ്ങിയത് കാറിലാണ്. മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ സർക്യൂട്ടുകളിൽ അജിത് മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വേദികളിലും ഫോർമുല ചാമ്പ്യൻഷിപ്പുകളിലും മത്സരിച്ച ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
ജർമ്മനി, മലേഷ്യ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലും റേസിങ്ങിനായി നടൻ പോയിട്ടുണ്ട്. 2003 ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പിലും 2010 ഫോർമുല 2 ചാമ്പ്യൻഷിപ്പിലും അജിത് മത്സരിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അജിത് റേസിങ് ട്രാക്കുകളിൽ നിന്ന് വിടവാങ്ങുകയായിരുന്നു.
അതേസമയം, റേസിങ് അജിത്തിന്റെ സിനിമ ജീവിതത്തെ വരെ ഒരു സമയത്ത് ബാധിച്ചിരുന്നു. കാർ റേസിനിടെ അപകടത്തിൽ പെട്ടതിനെ തുടർന്ന് ചികിത്സയിൽ ആയ അജിത്തിന് കുറച്ചു കാലം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ല. പരുക്കിൽ നിന്നൊക്കെ മുക്തനായ അജിത് ആദ്യം ചെയ്തത് റേസിംഗ് പൂർണമായും ഉപേക്ഷിച്ച് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു. അതിനു ശേഷം ഒരു റേസിങ് മത്സരങ്ങളിലും അജിത് പങ്കെടുത്തിട്ടില്ല.
എന്നാൽ ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ അജിത്ത് കാർ റേസിങ്ങിൽ പങ്കെടുക്കാത്തതിന്റെ യഥാർത്ഥ കാരണം അതൊന്നുമല്ലെന്ന് പറഞ്ഞിരിക്കുകയാണ് വിവാദ സിനിമാ ജർണലിസ്റ്റും നടനുമായ ബെയൽവാൻ രംഗനാഥൻ. കാർ റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ അജിത്തിന് സ്പോൺസർമാരെ ലഭിക്കാത്തതിനാലാണ് അജിത്ത് മത്സരങ്ങളിൽ നിന്ന് പിന്മാറിയതെന്നാണ് ബെയൽവാൻ പറയുന്നത്.

എന്നാൽ ഇതിനെതിരെ അജിത് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജിത് റേസിങ്ങിൽ നിന്ന് പിന്മാറി സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അല്ലാതെ സ്‌പോൺസറെ കിട്ടാതിരുന്നിട്ടല്ലെന്നുമാണ് ആരാധകർ പറയുന്നത്. അതേസമയം, അജിത് ആരാധകർ നടന്റെ എകെ 62 എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യാനിരുന്ന വിഘ്‌നേശ് ശിവൻ അടുത്തിടെ പ്രൊജക്ടിൽ നിന്ന് പിന്മാറിയിരുന്നു.
അദ്ദേഹത്തിന് പകരം പ്രശസ്ത സംവിധായകന് മജീസ് തിരുമേനി ചിത്രം സംവിധാനം ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.


Click it and Unblock the Notifications