'ഗൗണ്ടമണി ജീവിതം നശിപ്പിച്ചെന്ന്, എന്തൊരു നുണ! ദൈവം പൊറുക്കില്ല'; ഷർമിലിക്കെതിരെ തുറന്നടിച്ച് ബെയിൽവാൻ രംഗനാഥൻ
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി ഷര്‍മിലി. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ഷർമിലി കൂടുതൽ ശ്രദ്ധനേടുന്നത്. മികച്ച നര്‍ത്തകി കൂടിയായ ഷര്‍മിലി നിരവധി ഹിറ്റ് ഡാന്‍സ് നമ്പറുകളിലും എത്തിയിട്ടുണ്ട്. മലയാളികൾക്കും പരിചിതയാണ് താരം. അഭിമന്യു എന്ന സിനിമയിലെ രാമായണക്കാറ്റെ എന്ന ഗാനരംഗത്തിൽ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്താണ് ഷര്‍മിലി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെയും ഷർമിലിക്ക് ശ്രദ്ധനേടാനായി.
തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുള്ള ഷർമിലി ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. 40-ാമത്തെ വയസില്‍ വിവാഹിതയായ താരം ഇപ്പോൾ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ നർത്തകിയായാണ് ഷർമിലി കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നത്. തമിഴ് നടൻ ഗൗണ്ടമണിക്കൊപ്പമുള്ള വേഷങ്ങളിലൂടെയാണ് ഷർമിലി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

ഒരുകാലത്ത് തമിഴിലെ സൂപ്പര്‍ ഹിറ്റ് കോമ്പോ ആയിരുന്നു ഷര്‍മിലിയും ഗൗണ്ടമണിയും. 27 സിനിമകളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ അടുത്തിടെ നടനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷർമിലി രംഗത്തെത്തിയിരുന്നു. ഗൗണ്ടമണി തന്റെ കരിയർ നശിപ്പിച്ചുവെന്ന് നടി ആരോപിച്ചു. നിരവധി സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗൗണ്ടമണിക്ക് ഒപ്പം അഭിനയിച്ചത് കൊണ്ട് തനിക്ക് പല അവസരങ്ങളും നഷ്ടമായെന്നും ഷർമിലി പറഞ്ഞു. ഇപ്പോഴിതാ ഷർമിലിയുടെ ഈ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ബെയിൽവാൻ രംഗനാഥൻ.
ഷർമിലിയുടേത് നന്ദികെട്ട സംസാരമാണെന്ന് ബെയിൽവാൻ രംഗനാഥൻ തുറന്നടിച്ചു. 'എല്ലാത്തിനും മാപ്പുണ്ട്. എന്നാൽ നന്ദിക്കേട് കാണിക്കുന്നവർക് മാപ്പില്ല. ഗ്ലാമറസ് താരം ഷർമിലിയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അതിന് ഒരോയൊരു കാരണം ഗൗണ്ടമണിയാണ്. അതെനിക്ക് നല്ലപോലെ അറിയാം. ഷാർമിലിക്കൊപ്പം അച്ഛനായും കാമുകനേയും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഷർമിലി എന്തായിരുന്നെന്ന് ഞാൻ കണ്ടിട്ടുണ്ട്. രജനീകാന്തിന്റെ ധർമ്മദുരൈ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ ഗ്രൂപ്പ് ഡാൻസറായാണ് ഷർമിലി അരങ്ങേറിയത്',
'അതിനുശേഷമാണ് ഗൗണ്ടമണിയുടെ നായികയാകുന്നത്. അതിന് ശേഷമാണ് ഷർമിലിയുടെ പ്രതിഫലം വർധിക്കുന്നത്. ഗൗണ്ടമണി ഇല്ലെങ്കിൽ ഷർമിലി ഇല്ല. ഒരു ഗ്രൂപ്പ് ഡാൻസർക്ക് പ്രതിദിനം 1500 രൂപ ലഭിക്കും. അതേസമയം ഷർമിലിക്ക് ഗൗണ്ടമണി വാങ്ങി കൊടുത്ത പ്രതിഫലം 50,000 രൂപയായിരുന്നു. 1500 രൂപ എവിടെ കിടക്കുന്നു, 50,000 എവിടെ കിടക്കുന്നു. സിനിമയുമായി തന്റടുത്ത് വന്ന നിർമാതാക്കളോടും സംവിധായകരോടുമെല്ലാം ഷർമിലിയെ ഇടാൻ ആവശ്യപ്പെട്ടത് ഗൗണ്ടമണിയാണ്. ഷർമിലിക്ക് ഇതറിയാം', രംഗനാഥൻ പറയുന്നു.
'അന്ന് കൗണ്ടമണി നൽകുന്ന കോൾ ഷീറ്റ് പ്രകാരമാണ് ഷർമിലി അഭിനയിച്ചിരുന്നത്. ആ സമയത്ത് ചിരഞ്ജീവിയുടെ സിനിമയിൽ ഡാൻസറായി ഷർമിലിക്ക് അവസരം ലഭിച്ചെങ്കിലും ഗൗണ്ടമണി അത് തടഞ്ഞു. ഷൂട്ടിങ്ങിനിടയിൽ എങ്ങനെ വിടാനാകും. അതേസമയം നല്ല പ്രതിഫലവും നൽകിയിരുന്നു. അങ്ങനെ എത്രയോ ലക്ഷങ്ങൾ വാങ്ങിയിരിക്കുന്നു. അത് വച്ച് സ്ഥലങ്ങൾ വാങ്ങി. വിദേശത്ത് പോയി. രണ്ടുവർഷക്കാലം ഷാമിലി വിദേശത്താണ് താമസിച്ചത്',

'ഗൗണ്ടമണിക്ക് ഒപ്പം അഭിനയിച്ചത് കൊണ്ട് എനിക്ക് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് ഞാൻ എന്നും നന്ദിയുള്ളവനാണ്. എന്നാൽ ഷർമിലി എന്താണ് പറയുന്നത്. 'എന്റെ ജീവിതം നശിപ്പിച്ചത് ഗൗണ്ടമണിയാണ്' എന്ന്. എന്തൊരു നുണ! ദൈവം പൊറുക്കില്ല,' ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.
ഈ പ്രായത്തിൽ അവർ അമ്മയാകാൻ പോവുകയാണ്. കുഞ്ഞ് നന്നായി ജനിച്ച് സുഖമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ കൗണ്ഡമണിയെക്കുറിച്ച് സംസാരിച്ചതിന് ഷർമിലി പരസ്യമായി മാപ്പ് പറയണം. നിങ്ങൾക്ക് പേരും പ്രശസ്തിയും സമ്പാദ്യവും തന്ന ഒരാളെ കുറിച്ച് ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു. അയാളെ ഇങ്ങനെ അപകീർത്തിപ്പെടുത്തരുത്. ഇതെന്റെ അഭ്യർത്ഥനയാണ്, ബെയിൽവാൻ രംഗനാഥൻ.


Click it and Unblock the Notifications











