മിസ്റ്റർ ക്ലീൻ എന്ന് വിളിക്കാവുന്ന നടന്മാർ അവരാണ്; ജ്യോതികയുടെ വാക്കുകൾ തന്നെ എടുക്കാം: ബിസ്മി പറയുന്നു
ബിഗ് ബോസ് തമിഴ് സീസൺ 7ലെ മത്സരാർത്ഥിയായ നടി വിചിത്ര ഷോയിൽ വെച്ച് തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. 2001ൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ പ്രമുഖ നടൻ മുറിയിലേക്ക് ക്ഷണിച്ചെന്നും പോകാതിരുന്ന തന്നോട് ഷൂട്ടിങ്ങിനിടയിൽ അപമര്യദയായി പെരുമാറിയെന്നുമായിരുന്നു വിചിത്രയുടെ വെളിപ്പെടുത്തൽ.
മോശമായി സ്പർശിച്ചയാളെ കൈയോടെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെയടുത്ത് എത്തിച്ചപ്പോൾ അയാൾ തന്റെ മുഖത്തടിക്കുകയാണുണ്ടായതെന്നും ഇതാണ് താൻ സിനിമാ മേഖല വിടാൻ കാരണമായതെന്നുമാണ് വിചിത്ര പറഞ്ഞത്. വർഷങ്ങളോളം തമിഴ് സിനിമയുടെ ഭാഗമായിരുന്നെങ്കിലും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. വിചിത്രയുടെ ഈ വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ബിസ്മി.

വിചിത്രയുടെ വെളിപ്പെടുത്തൽ സത്യമാണെന്നും എന്നാൽ തമിഴ് സിനിമാ മേഖലയിലുണ്ടായ പ്രശ്നങ്ങൾ പരാമർശിക്കാതിരുന്നത് ആശ്ചര്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴിലും ഇത്തരക്കാരായ താരങ്ങളുണ്ടെന്നും തമിഴകത്തെ മിസ്റ്റർ ക്ലീൻ ആയ നടന്മാർ അജിത്തും സൂര്യയുമാണെന്നും ബിസ്മി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം.
'വിചിത്ര പറഞ്ഞത് സത്യമാണ്. എന്നാൽ തമിഴ് സിനിമയെക്കുറിച്ച് അവർ പരാമർശിക്കാത്തത് ആശ്ചര്യകരമാണ്. വിചിത്ര എന്നോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്. വിചിത്ര പറഞ്ഞത് ഒരു പ്രമുഖ നടനെ കുറിച്ചാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. അത് തെലുങ്ക് നടൻ ബാലകൃഷ്ണയാണെന്നും പറയപ്പെടുന്നു,'
'തമിഴ് സിനിമയിൽ എനിക്കറിയാവുന്ന മിസ്റ്റർ ക്ലീൻ ആക്ടർ ശിവകുമാറാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സൂര്യയാണ്. അജിത്തും പക്വതയുള്ള നടനാണ്. മാധവൻ, സൂര്യ, അജിത്ത് എന്നിവർക്കൊപ്പമാണ് തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയി അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു. നമുക്ക് അതിനെ അങ്ങനെ തന്നെ എടുക്കാം,' എന്നായിരുന്നു ബിസ്മിയുടെ വാക്കുകൾ. മാധ്യമപ്രവർത്തകന്റെ ഈ പരാമർശവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അതിനിടെ ബിസ്മി സംവിധായകൻ സീനു രാമസാമിക്ക് എതിരെ നടത്തിയ ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. നടിമാരായ മനീഷ യാദവിനെയും ബിന്ദു മാധവിയെയും സംവിധായകൻ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ബിസ്മി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇടം പൊരുൾ യെവൾ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയ മനീഷ സംവിധായകന്റെ പീഡനം കാരണം ഒരാഴ്ചയ്ക്കുള്ളിൽ സിനിമ വേണ്ടെന്ന് വെച്ച് പോയികളഞ്ഞുവെന്നും അവർ സിനിമാ മേഖല തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങിയെന്നുമാണ് ബിസ്മി പറഞ്ഞത്.
നീർപാർവൈ എന്ന സിനിമയ്ക്കിടെയാണ് ബിന്ദു മാധവിക്ക് ഉപദ്രവം നേരിടേണ്ടി വന്നതെന്നും ഇതുകൂടാതെ മറ്റൊരു നായികയും ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്നും മനീഷ യാദവ് അവർക്കുണ്ടായ അനുഭവം തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സീനു രാമസ്വാമി പറഞ്ഞു. ഇതും തമിഴ് സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.


Click it and Unblock the Notifications