അമ്മ എന്നെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു; ഗോസിപ്പുകൾ അമ്മയെ തളർത്തി; തുറന്നു പറഞ്ഞ് ഹൻസിക
മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഹൻസിക മൊട്‍വാനി. ബാലതാരമായി സിനിമയിലെത്തിയതാണ് ഹൻസിക. ഹിന്ദി സിനിമകളിലൂടെ ആയിരുന്നു ഹൻസികയുടെ അരങ്ങേറ്റം. എന്നാൽ തെലുങ്കിലൂടെയാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് തമിഴിലേക്കും ചുവടുവെച്ച ഹൻസിക, തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാവുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തന്റെതായ ഒരിടം സ്വന്തമാക്കാനും ഹൻസികയ്ക്ക് സാധിച്ചു. ഗ്ലാമറസ് റോളുകളിലാണ് ഹൻസിക കൂടുതലും തിളങ്ങിയത്.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ പലതവണ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച പേരാണ് ഹൻസികയുടേത്. നടൻ സിമ്പുവുമായുള്ള പ്രണയം മുതൽ പലതും വലിയ ചർച്ചയായതാണ്. അതുപോലെ ഹൻസികയുടെ കരിയറിൽ ഉടനീളം കേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് തന്നെ വളർച്ച വർധിപ്പിക്കുന്നതിനായി ഹോർമോൺ കുത്തിവെപ്പുകൾ നടത്തിയെന്നത്. 2003ൽ ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ഹൻസിക 2007ൽ നായികയായി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയാണ് ഈ അഭ്യൂഹം ഉയർന്നത്.

ഹൻസികയുടെ വളർച്ചയ്ക്കൊപ്പം ഗോസിപ്പും ശക്തിപ്പെട്ടു. നടിയുടെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പിന്റെ ആക്കം കൂട്ടി. അടുത്തിടെ ഇതെല്ലാം വെറും കിംവദന്തികൾ ആണെന്നും തനിക്ക് ഇഞ്ചക്ഷൻ എടുക്കാൻ വരെ പേടിയാണെന്നും ഹൻസിക പറയുകയുണ്ടായി. ഹൻസികയുടെ അമ്മയും ഈ പ്രചരണങ്ങൾ തള്ളുകയും ഇത് കിംവദന്തികൾ മാത്രമാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ, ഇതേക്കുറിച്ച് ഹൻസിക പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്. ഈ കഥകളൊന്നും താൻ കാര്യമാക്കുന്നില്ലെങ്കിലും തന്റെ അമ്മ മോന മോട്‌വാനിയെ ഇതൊക്കെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് ഹൻസിക പറഞ്ഞു. 'ഇതൊന്നും എന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല,അങ്ങനെ ഒന്നും ഞാൻ ഓർക്കുന്നില്ല. എനിക്ക് അതിൽ പ്രശ്നവുമില്ല, കാരണം നിങ്ങൾ എന്നെക്കുറിച്ചാണ് സംസാരിക്കുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് പ്രധാനപ്പെട്ട ആരെങ്കിലും ആയിരിക്കണം,' ഹൻസിക പറഞ്ഞു.
'എന്നാൽ ആ വ്യാജ വാർത്തകളെല്ലാം അമ്മയെ ബാധിച്ചെന്ന് ഞാൻ കരുതുന്നു, പക്ഷേ എന്നെ സംരക്ഷിക്കണം എന്നത് കൊണ്ടാകണം എന്റെ മുന്നിൽ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. നിങ്ങൾ ഒരു പബ്ലിക് പ്ലാറ്റ്ഫോമിലൊക്കെ ഉള്ള വ്യക്തിയാണെങ്കിൽ ഇതൊന്നും നിങ്ങളെ അങ്ങനെ ബാധിക്കാൻ ഇടയില്ല. അല്ലാത്തപക്ഷം ബാധിച്ചേക്കാം', ഹൻസിക വ്യക്തമാക്കി.

ഒരു സെലിബ്രിറ്റി ആയിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും ഹൻസിക പറഞ്ഞു. 'ഞാൻ അഭിനന്ദനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ടെങ്കിൽ നെഗറ്റിവിറ്റിയും അങ്ങനെ തന്നെ സ്വീകരിക്കണം, കാരണം അത് എന്റെ ജോലിയുടെ ഭാഗമാണ്, അതൊന്നും എന്നെ ബാധിക്കുകയും ഇല്ല. വർഷങ്ങളായി ഇതെല്ലാം കാണുന്നത് കൊണ്ട് തന്നെ അതിനോടുള്ള എന്റെ സമീപനം അങ്ങനെയാണ്,' ഹൻസിക മൊട്‍വാനി പറഞ്ഞു.
അതേസമയം അടുത്തിടെ ഹൻസികയുടെ വിവാഹം കഴിഞ്ഞിരുന്നു. ബിസിനസുകാരനായ സൊഹൈൽ കാട്ടൂരിയയെ ആണ് നടി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവരുടെ വിവാഹം. അതുപോലെ ഇടക്കാലത്ത് സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന ഹൻസിക വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. നിരവധി സിനിമകൾ താരത്തിന്റേതായി അണിയറയിൽ ഉണ്ട്. തെലുങ്ക് ചിത്രങ്ങളായ മൈ നെയിം ഈസ് ശ്രുതി, 105 മിനിറ്റ്, തമിഴ് ചിത്രങ്ങളായ മാൻ, ഗാന്ധാരി, ഗാർഡിയൻ, റൗഡി ബേബി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications











