'നിങ്ങൾക്ക് എന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ; 39-ാം വയസ്സിലും ഞാൻ ഹോട്ടാണ്'; വിമർശകരോട് പ്രിയാമണി
തെന്നിന്ത്യൻ സിനിമയിൽ നിന്നും പാൻ ഇന്ത്യൻ താരമായി വളർന്ന നടിമാരിൽ ഒരാളാണ് പ്രിയാമണി. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാൻ സാധിച്ച താരം കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഇപ്പോൾ. ബോളിവുഡിൽ ഉൾപ്പടെ മികച്ച നടിയായി പേരെടുക്കാൻ പ്രിയാമണിക്ക് സാധിച്ചു. ഷാരൂഖ് ഖാൻ നായകനായ ജവാനാണ് പ്രിയാമണിയുടെ പുതിയ ചിത്രം. ശ്രദ്ധേയ പ്രകടനത്തിലൂടെ കയ്യടി വാങ്ങുകയാണ് താരം.
ഫാമിലി മാൻ എന്ന വെബ് സീരീസിൽ അഭിനയിച്ചതിന് ശേഷമാണ് പ്രിയാമണിയുടെ കരിയർ മാറി മറിയുന്നത്. ആ സീരീസിന് ശേഷമാണ് ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ നടിയെ തേടി എത്തുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകളിലൂടെ പ്രിയാമണിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് വിവേചനങ്ങളും നടിക്ക് നേരിടേണ്ടി വന്നു. എന്നാൽ അതിലൊന്നും പ്രിയാമണി തളർന്നില്ല. അഭിനേത്രി എന്ന നിലയിൽ തന്നെ സ്വയം മെച്ചപ്പെടുത്തി മുന്നോട്ട് പോവുകയായിരുന്നു താരം.

അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ ഇപ്പോഴും സജീവമായി തുടരുകയാണ്. വിവാഹശേഷമാണ് കൂടുതൽ പ്രിയാമണിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വിമർശനങ്ങളും മോശം കമന്റുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. വിമർശനങ്ങളിൽ പ്രതികരിക്കുന്നത് അവയ്ക്ക് പ്രാധാന്യം നൽകുന്നവരാണെന്ന് പ്രിയാമണി പറയുന്നു.
'നമ്മൾ എന്ത് ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ശരീരഭാരം കുറച്ചാൽ അവർ പറയും, നിങ്ങൾ അമിതമായി ശരീരഭാരം കുറച്ചെന്ന്. വണ്ണം വെച്ചാൽ അവർ പറയും, നിങ്ങൾ അമിതഭാരം വച്ചു എന്ന്. അടുത്തിടെ ഇറങ്ങിയ ഫാമിലി മാൻ സീരീസിന്റെ രണ്ടു ഭാഗങ്ങളിലും എനിക്ക് അൽപം ശരീരഭാരം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എനിക്ക് അത് ചെയ്യേണ്ടിവന്നു. അതിന് ശേഷം ഞാൻ വണ്ണം കുറച്ചു',
'ഇനി ഫാമിലി മാൻ 3 ചെയ്യുന്നുണ്ടെങ്കിൽ, എനിക്ക് അപ്പോഴും ശരീരഭാരം കൂട്ടേണ്ടി വന്നേക്കാം. അതെനിക്കറിയില്ല. എനിക്ക് വരുന്ന കമന്റുകൾ വായിക്കാറില്ലെന്ന് ഞാൻ പറയുന്നില്ല. ആ കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ്. എനിക്ക് വേണമെങ്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരെ തിരിച്ചടിക്കാൻ പോലും സാധിക്കും. പക്ഷെ എനിക്കതിന്റെ ആവശ്യമില്ല', പ്രിയാമണി പറയുന്നു.

'നിങ്ങൾക്ക് എന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ മടിക്കണ്ട. എനിക്കൊരു കുഴപ്പവുമില്ല. നാളെ നിങ്ങളും ഇതേ പ്രായത്തിലേക്ക് എത്തും. എനിക്ക് 39 വയസ്സായി എന്ന് ഇവിടെ പറയുന്നതിൽ അഭിമാനമുണ്ട്. അടുത്ത വർഷം എനിക്ക് 40 വയസ്സ് തികയും. ഇന്നും ഞാൻ ഹോട്ടാണ്. എനിക്ക് അതിനെ കുറിച്ച് ഒരു പേടിയുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ ബോഡി ഷെയിം ചെയ്തോളു, മടിക്കണ്ട', ഇൻഡ്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടതിനെ കുറിച്ച് പ്രിയാമണി പറഞ്ഞിരുന്നു. 'നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ട്. നിറമുള്ള നടിമാരെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള വിവേചനങ്ങൾ ഒരു സമയം വരെ സിനിമകളിൽ ഉണ്ടായിരുന്നു. ഒരു കാലത്ത് നിറമുള്ള പെൺകുട്ടികളെ മാത്രം സിനിമയിൽ ആവശ്യമുണ്ടായിരുന്നുള്ളൂ. ബോംബെ ഹീറോയിൻസിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് എപ്പോഴും പറയുമായിരുന്നു' എന്നാണ് പ്രിയാമണി പറഞ്ഞത്.


Click it and Unblock the Notifications