അന്ന് ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു; എന്നും ആ ഇരുട്ട് നിലനിൽക്കില്ല; തുറന്നു പറഞ്ഞ് കമൽഹാസൻ
തമിഴിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത പ്രതിഭയാണ് കമൽഹാസൻ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കമൽഹാസൻ ചെയ്യാത്തതായി ഒന്നും സിനിമയിലില്ലെന്നതാണ് സത്യം. ഡാന്‍സ് കൊറിയോഗ്രാഫി മുതല്‍ അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം, പിന്നണി ഗായകന്‍, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കമല്‍ഹാസന്‍ തിളങ്ങിയിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം.
പ്രായം അറുപത്തെട്ട്‍ കഴിഞ്ഞെങ്കിലും ഇന്നും സിനിമകളിൽ തിളങ്ങി നിൽക്കുകയാണ് കമൽഹാസൻ. പുതുതലമുറയെ പോലും അമ്പരപ്പിച്ചു കൊണ്ട് കാലത്തിനൊത്ത് തന്നിലെ നടനേയും സാങ്കേതിക വിദഗ്ധനയുമെല്ലാം മെച്ചപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് അദ്ദേഹം. നടന്റെ താരമൂല്യത്തിലും യാതൊരു കുറവും വന്നിട്ടില്ല. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം മുന്നിൽ തന്നെയാണ്. അവസാനം പുറത്തിറങ്ങിയ വിക്രമടക്കം അതിന് ഉദാഹരണമാണ്.

അതേസമയം ഓഫ് സ്ക്രീനിലെ പ്രതിച്ഛായയെക്കുറിച്ച് ഗൗനിക്കാതെ തുറന്ന ജീവിതം നയിക്കുന്ന വ്യക്തിയാണ് കമൽഹാസൻ. അതുകൊണ്ട് തന്നെ കരിയർ പോലെ കമൽ ഹാസന്റെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. തകർന്ന പ്രണയങ്ങൾ, ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയെല്ലാം നടനെ പലപ്പോഴും വിവാദ നായകനാക്കി മാറ്റിയിട്ടുണ്ട്. താൻ കടന്നു വന്ന വഴികളെ കുറിച്ച് സംസാരിക്കാൻ കമൽഹാസൻ ഒരിക്കലും മടിക്കാറില്ല.
ഇപ്പോഴിതാ ഒരു സമയത്ത് താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽഹാസൻ. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുത്ത്, വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് ഇടയിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ യുവാക്കളുടെ ആത്മഹത്യയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.
'ഞാനും 20, 21 വയസ്സുള്ളപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു', എന്ന് കമൽഹാസൻ പറഞ്ഞു. 'കലാരംഗത്ത് ശരിയായ അവസരങ്ങൾ ലഭിക്കാത്തതിൽ വിഷമം തോന്നി. എന്നാൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഉറച്ചു വിശ്വസിച്ചു', അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ ജീവിതത്തിൽ എല്ലാക്കാലത്തും ഇരുട്ട് നിലനിൽക്കണമെന്നില്ല, തീർച്ചയായും പുലരി നിങ്ങളെ തേടി വരും, അത് വന്നു കഴിഞ്ഞാൽ അൽപം കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാം', കമൽഹാസൻ വിദ്യാർത്ഥികളോട് പറഞ്ഞു.

'അബ്ദുൾ കലാം സാർ പറഞ്ഞതുപോലെ, ഇരുണ്ട കാലഘട്ടത്തിൽ നിങ്ങളുടെ ഭാവി ശോഭനമാക്കുന്ന സ്വപ്നങ്ങൾ സ്വപ്നം കാണുക. ആ സ്വപ്നങ്ങൾ നിങ്ങൾ ഉറങ്ങുമ്പോൾ വരുന്ന സ്വപ്നങ്ങളല്ല, മറിച്ച് നിങ്ങളെ ഉണർത്തുന്ന സ്വപ്നങ്ങളാണ്', അദ്ദേഹം പറഞ്ഞു. 'മരണം ജീവിതത്തിലെ ഒരു അധ്യായമാണ്, അത് വരട്ടെ, അതിനെ അന്വേഷിച്ച് പോകരുത്. എല്ലാ ദിവസവും ഉറങ്ങാൻ പോകുമ്പോൾ, നിങ്ങളുടെ ആഗ്രഹം എന്താണോ അത് സ്വപ്‍നം കാണുക, അത് സഫലമായില്ലെങ്കിലും സാരമില്ല, അതിനുള്ള പ്ലാൻ ബി എന്താണെന്ന് കൂടി ചിന്തിക്കുക,' കമൽഹാസൻ കൂട്ടിച്ചേർത്തു.
കമൽഹാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമൽഹാസന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 1996ൽ ഇറങ്ങിയ ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമാണിത്. അമിതാഭ് ബച്ചൻ, പ്രഭാസ്, എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന കൽക്കി 2898എഡി എന്ന സിനിമയിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്‌നം, എച്ച് വിനോദ് എന്നിവർക്കൊപ്പം ഓരോ ചിത്രങ്ങളും പണിപ്പുരയിലാണ്.


Click it and Unblock the Notifications