'നിങ്ങളുടെ മകള്‍ ചത്തു എന്ന് ആരെങ്കിലും വന്നുപറഞ്ഞാൽ അത് തമാശയാണോ'; വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ദീപ വെങ്കട്
തമിഴകത്തെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റാണ് ദീപ വെങ്കട്ട്. നയന്‍താര, ഐശ്വര്യ റായ്, ജ്യോതിക, മനീഷ കൊയിരാള, സിമ്രന്‍, അനുഷ്‌ക ഷെട്ടി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക നായികമാർക്കും ദീപ ശബ്ദം നൽകിയിട്ടുണ്ട്. മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ തമിഴിൽ ഐശ്വര്യ റായ്ക്ക് ശബ്ദം നൽകിയത് ദീപയാണ്. നയൻതാരയ്ക്ക് വർഷങ്ങളായി ഡബ് ചെയ്യുന്നതും ദീപ തന്നെ. ഡബ്ബിങ്ങിന് പുറമെ അഭിനയത്തിലും സജീവമാണ് ദീപ വെങ്കട്ട്. തമിഴിൽ നിരവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ തമിഴ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ദീപ. വലിയ താരമൊന്നും അല്ലെങ്കിലും ഇടയ്ക്ക് വ്യാജ വാർത്തകൾക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ട് താരത്തിന്. ഒരിക്കൽ ദീപ മരണപ്പെട്ടു എന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. തന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അതെന്ന് പറയുകയാണ് ദീപ ഇപ്പോൾ. അടുത്തിടെ ഗലാട്ട മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപ മനസുതുറന്നത്.

തന്നെ കുറിച്ച് കേട്ട ഏറ്റവും മോശം ഗോസിപ്പ് ഏതെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് ദീപ ഇക്കാര്യം പറഞ്ഞത്. വളരെ ഇമോഷണലായിട്ടാണ് ദീപ സംസാരിച്ചത്. അത് ഞാന്‍ പറയണോ എന്നായിരുന്നു ദീപയുടെ ആദ്യ പ്രതികരണം. തുടർന്നാണ് വ്യാജ മരണവാർത്തയുടെ കാര്യം ദീപ പറഞ്ഞത്.
'ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത കൊടുത്തു. സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല അത്. രണ്ട് സ്ത്രീകള്‍ നെഞ്ച് തല്ലി കരയുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് എന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. അത് കണ്ട് എനിക്ക് വരാത്ത കോളുകളില്ല. കൊവിഡ് കാലത്താണ് വാർത്ത വന്നത്. എന്റെ ഫാമിലി ഒരുപാട് തകര്‍ന്നുപോയി. അറിയാവുന്നവര്‍ പലരും ടെന്‍ഷനടിച്ചു വിളിച്ചു. എനിക്കറിയില്ല, ഇങ്ങനെയുള്ള വാര്‍ത്ത കൊടുക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് അവർക്ക് ഉണ്ടാകുന്നതെന്ന്', ദീപ പറയുന്നു.
'സ്വന്തം വീട്ടിലുള്ളവര്‍ മരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഈ വാര്‍ത്ത കൊടുക്കുന്നവരുടെ അവസ്ഥ എന്താണ്. നിങ്ങളുടെ മകള്‍ ചത്തു എന്ന് ആരെങ്കിലും വന്ന് പറഞ്ഞാൽ അത് തമാശയാണോ. ഒരു അടിസ്ഥാനവുമില്ലാതെ കൊടുക്കുന്ന ഈ വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാതെ തന്നെ പലരും അത് ഷെയര്‍ ചെയ്യുന്നു എന്നതാണ് ഏറെ സങ്കടകരം. പണമോ, പോസിറ്റീവ് കമന്റോ എന്താണ് അവര്‍ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ നിന്ന് നേടുന്നത്. എന്തും ആയിക്കോട്ടെ, പക്ഷെ ഒരാള്‍ മരിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുന്നത് എത്ര വലിയ തെറ്റാണ്', ദീപ പറഞ്ഞു.

ആ വാർത്ത ഒരുപാട് വേദനിപ്പിച്ചുവെന്നും അതുകൊണ്ട് യൂട്യൂബ് ചാനലുകൾക്കൊന്നും അഭിമുഖങ്ങൾ നൽകാതെ താൻ മാറി നിൽക്കുകയായിരുന്നു എന്നും ദീപ അഭിമുഖത്തിൽ പറഞ്ഞു. 'എന്റെ കുടുംബത്തെ ആ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചു. അത് കാരണമാണ് ഒരു യൂട്യൂബ് ചാനലിനും ഇന്റര്‍വ്യു കൊടുക്കാത്തത്. അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള തംപ്‌നെയില്‍ ഇട്ട് ഇന്റര്‍വ്യു കൊടുക്കു. ഒട്ടും സത്യസന്ധമല്ല. ഞാന്‍ എന്താണ് എന്ന് എന്റെ കുടുംബത്തിന് അറിയാം. മറ്റാരെയും എനിക്കത് ബോധിപ്പിക്കേണ്ടതില്ല', ദീപ വെങ്കട്ട് പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സബ്ബിങ് രംഗത്ത് സജീവമാണ് ദീപ വെങ്കട്ട്. 2000ൽ ആണ് ദീപ ഡബ്ബിങ് രംഗത്തേയ്ക്ക് എത്തുന്നത്. അതിനും ഏറെ നാളുകൾക്ക് മുൻപ് ബാല താരമായി അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. അരവിന്ദ് സ്വാമിയും രേവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ പാസമലർകൾ ആയിരുന്നു ആദ്യ ചിത്രം. വളരെ ചെറുപ്പത്തിലേ തന്നെ ടെലിവിഷനിലേക്കും താരം എത്തിയിരുന്നു. എന്നാൽ 2010ന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദീപ. ഇരൈവൻ എന്ന സിനിമയിൽ നയൻതാരയ്ക്ക് വേണ്ടിയാണ് ദീപ അവസാനമായി ഡബ്ബ് ചെയ്‌തത്.


Click it and Unblock the Notifications