'കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഞാൻ വേദനയില്ലാതെ ഉറങ്ങിയത് 10 ദിവസം മാത്രമാണ്': ദിവ്യദർശിനി പറയുന്നു
തെന്നിന്ത്യയിലെ അറിയപ്പെടുന്ന അവതാരകയും നടിയുമാണ് ദിവ്യദർശിനി. ഡിഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരത്തിന് തമിഴകത്ത് നിരവധി ആരാധകരാണ് ഉള്ളത്. അഭിനയത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും അവതാരകയായി എത്തിയത് മുതലാണ് ദിവ്യദർശിനി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. വിജയ് ടിവിയിലെ അടക്കം ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയ ഡിഡിയെ വളരെ പെട്ടന്നു തന്നെ തമിഴ് പ്രേക്ഷകര്‍ അംഗീകരിച്ചു. സൂപ്പർ ഹിറ്റ് ഷോകളിലൂടെ തമിഴ്‌നാടിന് പുറത്തും ദിവ്യദർശിനി അറിയപ്പെട്ടു.
ഇന്ന് തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള അവതാരകയാണ് ഡിഡി. പൊതുവെ സിനിമാ താരങ്ങൾക്കും ഗായകർക്കും ലഭിക്കുന്നതിന് സമാനമായ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി വളരെ കുറച്ചു പരിപാടികളിൽ മാത്രമാണ് ഡിഡി അവതാരകയായി എത്തുന്നത്. സ്റ്റേജ് ഷോകളേക്കാൾ അഭിമുഖ പരിപാടികളാണ് അതിൽ ഏറെയും. കാൽമുട്ടിന് വന്ന പരിക്കും മറ്റു ആരോഗ്യ പ്രശ്നങ്ങളുമാണ് അതിന് കാരണം. അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഡിഡി.

'മുമ്പ് എന്റെ കാൽമുട്ടിന് ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു, അതിന് ഒരു ശസ്ത്രക്രിയ ചെയ്തു, പക്ഷേ ആ ശസ്ത്രക്രിയയിൽ ചില പ്രശ്നങ്ങളുണ്ടായി, അത് പരിഹരിക്കാൻ വീണ്ടും മറ്റൊരു ശസ്ത്രക്രിയ വേണ്ടി വന്നു. ആ സർജറിക്ക് ഒരു ബ്രാഞ്ച് സർജറി എന്ന നിലയിൽ മറ്റൊരു ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതെല്ലാം പൂർത്തിയാക്കിയപ്പോഴേക്കും എനിക്ക് റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നൊരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയും സ്ഥിരീകരിച്ചു', ദിവ്യദർശിനി പറഞ്ഞു.
'എന്ത് എപ്പോഴാണ് സംഭവിക്കുക എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല. എന്തെങ്കിലും വന്നു കഴിഞ്ഞാൽ അത് നിങ്ങളുടെ ജീവിതത്തെ എല്ലാ രീതിയിലും മറ്റും. രോഗത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ, ഇത് എന്തിനാണ്, എനിക്ക് എന്തിനാണ് ഇത് വന്നത് എന്നൊക്കെ ചോദിച്ചുകൊണ്ടേ ഇരുന്നു. 'ഇത് ശരിയാക്കാൻ പറ്റില്ലേ' എന്ന് അന്വേഷിച്ച് ഓടിക്കൊണ്ടേ ഇരുന്നു. നിരവധി ശ്രമങ്ങൾ നടത്തി. കുറെ ഓടിക്കഴിയുമ്പോൾ അവസാനം അൽപം വിശ്രമിക്കും',
'ഇതിനിടയിൽ നിങ്ങളെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും എനിക്ക് നിങ്ങളെ വേണ്ടെന്നും പറഞ്ഞ് ചിലർ പോകും. നിങ്ങളുടെ ജോലി പോലും കൃത്യമായി ചെയ്യാൻ കഴിയാതെ വരുമ്പോൾ നിങ്ങൾക്ക് തന്നെ അപകർഷത തോന്നും. എനിക്ക് ഇപ്പോൾ വിജയ് ടിവിയിൽ ഒരു ഷോ ഹോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല. വിജയ് ടിവിയിൽ ഒരു പരിപാടിയും മുടങ്ങാറില്ല. അവരുടെ ബുദ്ധിമുട്ട് എനിക്കും നന്നായി മനസ്സിലായി. അതോടെയാണ് ഞാൻ അവിടം വിട്ടത്',

'2013-ലാണ് ഈ പ്രശ്‌നം തുടങ്ങിയത്. ഏകദേശം പത്ത് വർഷമായി. ഈ പത്ത് വർഷത്തിനിടയിൽ ഞാൻ വേദനയില്ലാതെ ഉറങ്ങിയത് പത്തു ദിവസം മാത്രമാണ്. എല്ലാ ദിവസവും ഞാൻ വേദനയിലാണ്. എന്തുകൊണ്ടാണ് ഈ വേദന വരുന്നത് എന്ന് ആർക്കും അറിയില്ല. ഇതുമൂലം ഞാൻ ചെയ്തിരുന്ന പരിപാടികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. പക്ഷേ സിനിമകളിൽ നിന്ന് എനിക്ക് അവസരം വരുന്നുണ്ട്. സിനിമയിൽ ഒരു ഷോട്ടിന് രണ്ടോ മൂന്നോ മിനിറ്റ് മതി. എനിക്ക് രണ്ട് മിനിറ്റ് നിൽക്കാം. അതിൽ കൂടുതലാകാൻ കഴിയില്ല',
'പിന്നെ സിനിമയിൽ ഞാൻ എന്റെ വടി ഉപയോഗിക്കും. ഷോട്ട് ഇല്ലാത്ത സമയങ്ങളിൽ ഇത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. എനിക്ക് ഓടാനൊന്നും സാധിക്കില്ല. എന്റെ ശരീരഭാരം കൂടാനും പാടില്ല. അതിന് അനുയോജ്യമായി എന്റെ ജീവിത രീതികൾ മാറ്റിയിരിക്കുകയാണ്', ദിവ്യദർശിനി പറഞ്ഞു.


Click it and Unblock the Notifications