വിജയുടെയും അജിത്തിന്റെയും സിനിമകളോട് നോ പറഞ്ഞ് സായ് പല്ലവി! കോടികൾ വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു; കാരണമിതാണ്
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലർ മിസ്സായി എത്തിയ സായ് വലിയ ജനപ്രീതിയാണ് നേടിയത്. തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ടാക്കാൻ സായ് പല്ലവിക്ക് സാധിച്ചു. ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് നടി. അന്തരിച്ച നടി സൗന്ദര്യക്ക് പകരക്കാരിയായാണ് തെലുങ്ക് സിനിമാ ലോകം സായ് പല്ലവിയെ കാണുന്നത്. തമിഴകത്തിനും ഏറെ പ്രിയങ്കരിയാണ് നടി.
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ഇന്ന് സായ് പല്ലവി. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രത്യേക നിബന്ധനകൾ താരത്തിനുണ്ട്. അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ സായ് പല്ലവി ചെയ്യാറില്ല. സൂപ്പർസ്റ്റാർ ചിത്രമാണെങ്കിലും ഇക്കാര്യത്തിൽ നടി വിട്ടുവീഴ്ച ചെയ്യില്ല. ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്ന നടിയാണ് സായ് പല്ലവി. ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കാനും താരം താൽപര്യപ്പെടുന്നില്ല. അതിനാൽ തന്നെ എട്ട് വർഷത്തെ കരിയറിൽ സായ് പല്ലവി വേണ്ടെന്ന് വെച്ച സിനിമകൾ നിരവധിയാണ്.

ഈയ്യടുത്ത് തമിഴിൽ നിന്ന് മാത്രം രണ്ടു അവസരങ്ങളാണ് ഇത്തരത്തിൽ സായ് പല്ലവി വേണ്ടെന്ന് വെച്ചത്. അത് രണ്ടും സൂപ്പർ താര ചിത്രങ്ങൾ ആയിരുന്നു എന്നതാണ് പ്രത്യേകത. തല അജിത് കുമാർ നായകനായ തുനിവും ദളപതി വിജയ് നായകനായ ലിയോയുമാണ് ഈ ചിത്രങ്ങൾ. ഈ വർഷം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയ സിനിമയാണ് തുനിവ്.
ഏകദേശം 600 കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രത്തിൽ സംവിധായകൻ എച്ച് വിനോദ് നായികയായി ആദ്യം വിളിച്ചത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ കഥ കേട്ട്, തന്റെ കഥാപാത്രം അപ്രധാനമെന്ന് തോന്നിയതിനാൽ സായ് പല്ലവി ആ ഓഫർ നിരസിക്കുകയായിരുന്നു. പിന്നീടാണ് മഞ്ജു വാര്യരെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. മഞ്ജു നായികയായതോടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കിയത്.
തുനിവിന് ശേഷമാണ് സായ് പല്ലവിക്ക് ലിയോയിൽ നിന്നും ഓഫർ ലഭിച്ചത്, വിജയുടെ നായികയായി എത്തിയ തൃഷയുടെ സത്യ എന്ന കഥാപാത്രത്തിലേക്ക് ആണ് സായ് പല്ലവിയെ വിളിച്ചത്. കോടികൾ പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തെങ്കിലും മറ്റു ചില കാരണങ്ങൾ പറഞ്ഞ് സായ് പല്ലവി ചിത്രത്തിൽ നിന്നും ഒഴിവായി എന്നാണ് വിവരം. അതിനു ശേഷമൻ ആ അവസരം തൃഷയിലേക്ക് എത്തിയത്. അതോടെ പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള തൃഷ-വിജയ് കോംബോയുടെ തിരിച്ചുവരവായി ചിത്രം മാറി.

നിലവിൽ എസ്കെ 21 എന്ന ചിത്രത്തിലാണ് സായ് പല്ലവി. ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമൽഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. ഇതുകൂടാതെ തെലുങ്കിൽ നാഗാർജുന നായകനാകുന്ന താണ്ടെൽ എന്ന സിനിമായും സായ് പല്ലവിയുടേതായി അണിയറയിലുണ്ട്. അതിനിടെ ബോളിവുഡിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമാണ് നടി ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതേ സമയം, ഗാർഗി, വിരാടപർവം, ശ്യാം സിംഗ റോയ് എന്നിവയാണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഗാർഗിയിലെ പ്രകടനം സായ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 2019ൽ പുറത്തിറങ്ങിയ അതിരനാണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.


Click it and Unblock the Notifications