'മുപ്പത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് കുറ്റമാണോ? രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?': ശ്രുതി ഹാസൻ
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്ന ലേബലിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം പ്രയത്നത്തിലൂടെയാണ് ശ്രുതി വളർന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഇതിനകം തന്റേതായ ഒരിടം കണ്ടെത്താൻ ശ്രുതിക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയതാണെങ്കിലും വലുതായപ്പോൾ ഗായികയാവാനാണ് ആദ്യം ശ്രുതി ആഗ്രഹിച്ചത്. എന്നാൽ പിന്നീട് അഭിനയത്തിലേക്കും ചുവടുവയ്ക്കുകയായിരുന്നു താരം.
ബോളിവുഡിലാണ് ശ്രുതി ആദ്യമായി നായികയാകുന്നത്. ലക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് തെലുങ്കിലേക്കും തമിഴിലേക്കുമെല്ലാം ശ്രുതി എത്തുന്നത്. തെന്നിന്ത്യൻ സിനിമയിലേക്ക് എത്തിയതോടെ ശ്രുതിയുടെ കരിയർ മാറി മറിയുകയായിരുന്നു. തുടർച്ചയായി ഹിറ്റുകൾ സ്വന്തമാക്കി തെന്നിന്ത്യയിലെ മുൻനിര നായികാ നടിമാരിൽ ഒരാളായി ശ്രുതി മാറി. അതിനൊപ്പം തന്നെ ബോളിവുഡിലും സജീവമായിരുന്നു താരം. എന്നാൽ പിന്നീട് പരാജയങ്ങളും ശ്രുതിയുടെ കരിയറിൽ ഉണ്ടായി. ഒരു ഘട്ടത്തിൽ ശ്രുതിയെ സിനിമകളിൽ കാണാതെയുമായി.

എന്നാൽ ഇപ്പോഴിതാ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രുതി. സലാർ അടക്കമുള്ള വമ്പൻ ചിത്രങ്ങളാണ് ശ്രുതിയുടേതായി അണിയറയിലുള്ളത്. വളരെ പ്രതീക്ഷയോടെയാണ് ശ്രുതിയുടെ ലൈനപ്പ് ആരാധകർ കാണുന്നത്. അതേസമയം പ്രായം 40 നോട് അടുത്തിരിക്കുന്ന ശ്രുതി ഹാസൻ ഇപ്പോഴും അവിവാഹിതയാണ്. താരത്തിന്റെ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ വർഷങ്ങളായി ആരാധകർ ചോദിക്കുന്നുണ്ട്.
പണ്ട് ഒരു ഇറ്റാലിയൻ സ്വദേശിയുമായി ശ്രുതി പ്രണയത്തിലായപ്പോൾ ഇരുവരും വിവാഹിതരാകുമെന്ന് ആരാധകർ കരുതിയിരുന്നു. ശ്രുതിയുടെ കുടുംബമായടക്കം അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അത്. എന്നാൽ 2019ൽ അവർ പിരിഞ്ഞു. അതിനു ശേഷമാണ് ഇപ്പോഴത്തെ കാമുകൻ ശാന്തനുവുമായി ശ്രുതി പ്രണയത്തിലാകുന്നത്. 2020 മുതൽ പ്രണയത്തിലാണ് ഇരുവരും. മുംബൈയിൽ ഒന്നിച്ചാണ് താമസവും. പലപ്പോഴായി ഇരുവരും വിവാഹിതരാകുന്നുവെന്നും പിരിയുന്നു എന്നുമെല്ലാം വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല.
തന്നെ വളരെയധികം മനസ്സിലാക്കുന്ന ആളാണ് ശാന്തനുവെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തന്നെ സഹായിക്കുന്നത് അവനാണെന്നും ശ്രുതി മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിവാഹത്തെ കുറിച്ച് വരുന്ന കമന്റുകളോടും പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ.
തന്റെ വിവാഹത്തെക്കുറിച്ച് പലരും പലതരത്തിലുള്ള കമന്റുകളാണ് പറയുന്നതെന്ന് ശ്രുതി പറയുന്നു. മുപ്പത് കഴിഞ്ഞാൽ വിവാഹം കഴിക്കണമെന്ന് എന്തെങ്കിലും നിയമമുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം.. 30 കഴിഞ്ഞപ്പോഴാണ് എനിക്ക് പക്വത വന്നത്. അതുകൊണ്ടാണ് തനിക്ക് ശാന്തത പാലിക്കാൻ കഴിയുന്നതെന്നും നടി പറയുന്നു.

തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ശ്രുതി പറഞ്ഞു. 'ഇപ്പോൾ ഞാൻ വളരെ സുഖത്തിലും സന്തോഷത്തിലുമാണ്. മനസ്സ് നല്ലതാണെങ്കിൽ ഒരു വ്യക്തി സ്വയമേ ശാന്തനാകും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, എന്റെ വിവാഹവുമായി ബന്ധപ്പെട്ട് എനിക്ക് എണ്ണമറ്റ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് മുപ്പത് വയസ്സ് കഴിഞ്ഞെന്ന് അവർ പലപ്പോഴും എന്നെ ഓർമ്മിപ്പിക്കുന്നു. എന്റെ വിവാഹത്തെക്കുറിച്ച് എന്നേക്കാൾ കൂടുതൽ വിഷമം അവർക്കാണ്'
'എന്നാലും... മുപ്പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് കുറ്റമാണോ? അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ? ഈ വിഷയത്തിൽ ഞാൻ ഇതുവരെ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നവരെ ശ്രദ്ധിക്കാതിരുന്നത്. ശ്രദ്ധിക്കാതിരിക്കാൻ തുടങ്ങിയതോടെ ആ വിഷമം അങ് മാറി. ജീവിതം സുഖമായി ആസ്വദിക്കുകയാണ് ഞാൻ ഇപ്പോൾ', ശ്രുതി ഹാസൻ പറഞ്ഞു. തന്നെ വേദനിപ്പിച്ച് ആസ്വദിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ശിക്ഷയാണിത്. ഇതിനപ്പുറം മറ്റൊരു ശിക്ഷയും അവർക്ക് ഇല്ലെന്നും ശ്രുതി ഹാസൻ പറഞ്ഞു.


Click it and Unblock the Notifications