വിജയ് സെറ്റാകില്ല, അജിത്താണെങ്കിൽ തയ്യാർ! ദളപതിയുടെ നായികയാവാനില്ലെന്ന് തീർത്ത് പറഞ്ഞ ഐശ്വര്യ റായ്; കാരണമിത്!
ലോകസുന്ദരി എന്ന വിശേഷണം കേട്ടാൽ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ പ്രേമികളുടെയും മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖം ഐശ്വര്യ റായിയുടെ ആയിരിക്കും. സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐശ്വര്യയെ സിനിമ ലോകവും പ്രേക്ഷകരും എന്നും വിശേഷിപ്പിച്ചിട്ടുള്ളത്. 1994 ൽ ലോക സുന്ദരിപ്പട്ടം നേടിയ മൂന്ന് വർഷത്തിന് ശേഷമാണു ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. 1997 ൽ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.
അതിനു ശേഷമാണു ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. ഇരുവറിന് ശേഷം ശങ്കറിന്റെ ജീൻസ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നത്തിന്റെ ഗുരു തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ നായികയായി ഐശ്വര്യ തമിഴിലെ മുൻനിര താരമായി മാറി. അതിനിടെ ബോളിവുഡിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ട് സൂപ്പർ നായികയായി മാറുകയായിരുന്നു ഐശ്വര്യ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വലിയ ആരാധക വൃന്ദവും ഐശ്വര്യയ്ക്ക് ഉണ്ടായി.

ബോളിവുഡിൽ തിരക്കായതോടെ പതിയെ തമിഴ് വിട്ട ഐശ്വര്യ 2010 ൽ രാവണൻ, എന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു. എന്നാൽ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ ചെറിയ ഇടവേള എടുക്കുകയും ഹിന്ദിയിൽ മാത്രം സിനിമകളുമായി ഒതുങ്ങുകയുമായിരുന്നു. പിന്നീട് ഏകദേശം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വീണ്ടും ഐശ്വര്യയുടെ തമിഴ് ചിത്രം തിയേറ്ററിൽ എത്താൻ ഒരുങ്ങുമ്പോൾ നടിയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളും തമിഴ് സിനിമ ലോകത്ത് ചർച്ചയായി മാറുകയാണ്. തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയത്ത് നടൻ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഐശ്വര്യ റായ് വിസമ്മതിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. വിജയ് നായകനായി 2002 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിലേക്കാണ് ഐശ്വര്യ റായ്യെ അഭിനയിക്കാൻ വിളിച്ചത്.
എന്നാൽ ഐശ്വര്യ റായ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രിയങ്ക ചോപ്രയെ ചിത്രത്തിൽ നായികയാക്കുകയായിരുന്നു. പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. എന്നാൽ ഐശ്വര്യ വിജയ്‌ക്കൊപ്പം അഭിനയിക്കാതിരുന്നത് വലിയ ചർച്ചയായി മാറിയിരുന്നു, അതിന് ഐശ്വര്യ പറഞ്ഞ കാരണമായിരുന്നു ഹൈലൈറ്റ്. വിജയ്ക്ക് തന്നെക്കാൾ പ്രായം കുറവുള്ള പോലെ തോന്നുന്നു, അതുകൊണ്ട് താൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചാൽ അത് സെറ്റാകില്ല എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

അതേസമയം തന്റെ ഒപ്പം ഹീറോയായി അഭിനയിക്കാൻ തയ്യാറാണെന്ന് അജിത്ത് പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യ റായിയുടെ ഈ മറുപടി കേട്ട് തമിഴൻ സിനിമയുടെ നിർമ്മാതാവ് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി എന്നുമാണ് വിവരം. എന്നാൽ ഐശ്വര്യ റായ് ഒഴിവായ റോളിലേക്ക് ലോക സുന്ദരി പട്ടം നേടിയ ആരെങ്കിലും തന്നെ വേണമെന്ന് അണിയറപ്രവർത്തകർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രിയങ്കയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.
2000 ൽ ലോകസുന്ദരി പട്ടം നേടിയതാണ് പ്രിയങ്ക. പ്രിയങ്ക എത്തിയതോടെ അണിയറപ്രവർത്തകരുടെയും വിജയുടെയും വാശി വിജയിച്ചു എന്നാണ് പറയപ്പെടുന്നത്. അതേസമയം തമിഴിൽ നിന്ന് നേരെ ബോളിവുഡിലേക്ക് ആയിരുന്നു പ്രിയങ്കയുടെ പോക്ക്. ബോളിവുഡിൽ നിരവധി ഹിറ്റുകളുടെ ഭാഗമായി തിളങ്ങിയ പ്രിയങ്ക ഇന്ന് ഹോളിവുഡിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി തിളങ്ങി നിൽക്കുകയാണ്.


Click it and Unblock the Notifications