ബിക്കിനി ധരിക്കാൻ കഴിയില്ല, സെക്കൻഡ് ഹീറോയിനാകാൻ പറ്റില്ല; അസിൻ വേണ്ടെന്നു വച്ച അഞ്ച് സൂപ്പർഹിറ്റ് സിനിമകൾ!
തെന്നിന്ത്യൻ സിനിമയിൽ നിന്നും ബോളിവുഡിലെത്തി വിജയം കൊയ്ത നടിയാണ് അസിൻ തോട്ടുങ്കൽ. മലയാളിയായ താരം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സാന്ത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച അസിൻ മുൻനിര താരമായി വളർന്നു. സൂപ്പർ ഹിറ്റായ ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ സിനിമകളിൽ നായികയായി. ഗജിനിയിലെ കൽപ്പന എന്ന കഥാപാത്രമാണ് അസിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും അസിൻ തന്നെയായിരുന്നു നായിക.
അതോടെ അസിന്റെ കരിയർ മാറിമറിഞ്ഞു. ആമിർ ഖാന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തിയ അസിന് കൂടുതൽ അവസരങ്ങൾ തേടിയെത്തി. ബോളിവുഡിൽ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി അസിൻ. ഇതിനിടെ ചില വീഴ്ചകളും താരത്തിന്റെ കരിയറിൽ സംഭവിച്ചു. പിന്നീട് 2016ൽ മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുൽ ശർമ്മയെ വിവാഹം ചെയ്തതോടെ താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു.

ഇന്ന് ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് താരം. അതിനിടെ കഴിഞ്ഞ ദിവസം നടി വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അസിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ അപ്രത്യക്ഷമായതോടെ ആയിരുന്നു ഇത്. ഒടുവിൽ അസിൻ തന്നെ ഈ വാർത്തകൾക്ക് എതിരെ രംഗത്തെത്തുകയുണ്ടായി.
അതേസമയം അസിനെ കുറിച്ചുള്ള പഴയ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അതിലൊന്ന് അസിൻ സൂപ്പർ ഹിറ്റ് സിനിമകൾ വേണ്ടെന്ന് വെച്ചതുമായി ബന്ധപ്പെട്ടാണ്. തമിഴിൽ മാത്രം അഞ്ച് സൂപ്പർ ഹിറ്റ് സിനിമകളാണ് അസിൻ വേണ്ടെന്ന് വെച്ചത്. അസിൻ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വന്ന അവസരങ്ങളാണ് ഇതെല്ലാം.
2007ൽ പുറത്തിറങ്ങിയ അജിത് നായകനായ ബില്ലയാണ് അതിൽ ഒന്ന്. വിഷ്ണു വർദ്ധൻ സംവിധാനം ചെയ്ത ചിത്രം അതിവേഗം സൂപ്പർ ഹിറ്റായി മാറി. നയൻതാരയും നമിതയും നായിക വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അജിത് ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്. പ്രഭു, റഹ്മാൻ, സന്താനം, ആദിത്യ മേനോൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഈ സിനിമയ്ക്ക് വേണ്ടി സംവിധായകൻ നയൻതാരയ്ക്ക് മുൻപ് അസിനെയാണ് സമീപിച്ചത്. ബിക്കിനി ധരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അസിൻ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അജിത് നായകനായ ജി യും അസിൻ വേണ്ടെന്ന് വച്ച സിനിമകളിൽ ഒന്നാണ്. ലിംഗുസ്വാമിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ചിത്രത്തിൽ തൃഷ ആയിരുന്നു നായിക. ആദ്യം അസിനെയാണ് പരിഗണിച്ചതെങ്കിലും കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി അസിൻ ഒഴിവായി. അസിന്റെകരിയറിൽ ഏറ്റവും ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി.
ഈ സിനിമയ്ക്ക് ശേഷം സംവിധായകൻ ജോൺ മഹേന്ദ്രൻ വിജയ് നായകനായ സച്ചിൻ എന്ന സിനിമയിലേക്ക് അസിനെ വിളിച്ചു. എന്നാൽ ചിത്രത്തിന്റെ കഥ ബോധിക്കാത്തതിനാൽ അസിൻ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 2005ൽ റിലീസ് ചെയ്ത സച്ചിനിൽ ജെനീലിയ ആണ് പിന്നീട് നായികയായത്. എന്നാൽ ശിവകാശി എന്ന സിനിമയിലൂടെ വിജയ്ക്ക് ഒപ്പം അസിൻ അഭിനയിക്കുകയും ഈ ചിത്രം വലിയ ഹിറ്റായി മാറുകയും ചെയ്തു.

സൂര്യ-ജ്യോതിക ജോഡിയുടെ ഓൺസ്‌ക്രീൻ പ്രണയം കണ്ട സില്ലുനു ഒരു കാതൽ എന്ന സിനിമയിലെയും അവസരം അസിൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. ചിത്രത്തിൽ ഭൂമിക അവതരിപ്പിച്ച സൂര്യയുടെ കഥാപാത്രത്തിന്റെ മുൻകാമുകിയുടെ വേഷത്തിലേക്ക് ആയിരുന്നു അസിന് ക്ഷണം. എന്നാൽ സെക്കൻഡ് ഹീറോയിൻ ആകാൻ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് അസിൻ ഓഫർ നിരസിച്ചു.
വിക്രം-തൃഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സാമി എന്ന സിനിമയിലേക്ക് ആദ്യം പരിഗണിച്ചതും അസിനെയാണ്. സംവിധായകൻ ഹരി അസിനെ സമീപിച്ചെങ്കിലും അസിന് ഡേറ്റ് ഉണ്ടായിരുന്നില്ല. പാതി മനസോടെ അസിൻ സിനിമ വേണ്ടെന്ന് വച്ചു. തുടർന്നാണ് ആ അവസരം തൃഷയിലേക്ക് പോകുന്നത്. അത് തൃഷയുടെ കരിയറിലെ വലിയ വഴിത്തിരിവായി മാറി.


Click it and Unblock the Notifications