അണ്ണൻ പുകവലി നിർത്തിയിട്ട് വർഷങ്ങളായി, എന്നാൽ ഒറ്റദിവസം കൊണ്ട് അതെല്ലാം ബ്രേക്ക് ചെയ്തു; അത് വിഷമിപ്പിച്ചു!
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. സിനിമകളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലുമെല്ലാം മികച്ചു നിൽക്കുന്ന ഇരുവരും തമിഴകത്തിന്റെ അഭിമാന താരങ്ങളാണ്. അച്ഛൻ ശിവകുമാറിന്റെ പാതയിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. ചേട്ടൻ സൂര്യ ആയിരുന്നു ആദ്യം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചേട്ടൻ സൂപ്പർ താരമായി മാറുന്നതിനിടെ കാർത്തിയും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.
സഹസംവിധായകനായികൊണ്ടായിരുന്നു കാർത്തിയുടെ തുടക്കം. വൈകാതെ നായകനായും അരങ്ങേറ്റം കുറിച്ച താരം ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മുൻനിര താരമായി ഉയരുകയായിരുന്നു. എന്നാൽ കാർത്തിക്ക് കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് ലോകേഷ് കനകരാജിന്റെ കൈതിക്ക് ശേഷമാണ്. 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' എന്ന് സിനിമാപ്രേമികൾ ആഘോഷമാക്കി വിളിക്കുന്ന സിനിമാ സീരിസിലെ ആദ്യ ചിത്രമായിരുന്നു കൈതി. ചിത്രത്തിൽ ദില്ലി എന്ന കഥാപാത്രമായാണ് കാർത്തി എത്തിയത്.

ദില്ലിയ്ക്ക് ലഭിച്ച പ്രേക്ഷക പ്രശംസയും ജന സ്വീകാര്യതയും ഇന്നും ഓരോ വേദികളിലും കാർത്തിയെത്തുമ്പോൾ ആരാധകർ ഓർമിപ്പിക്കാറുണ്ട്. അതേസമയം ലോകേഷ് കനകരാജ് എൽസിയു സീരിസിൽ രണ്ടാമതായി ചെയ്ത വിക്രം എന്ന ചിത്രത്തിൽ കാർത്തിയെ പ്രതീക്ഷിച്ച എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത് ചേട്ടൻ സൂര്യയെ ആയിരുന്നു. സിനിമാപ്രേമികളെ ഒന്നാകെ ഞെട്ടിച്ച സൂര്യയുടെ ആ കഥാപാത്രത്തെ കുറിച്ച് കാർത്തി സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
"എനിക്ക് ശരിക്കും ഷോക്കിങ് തന്നെ ആയിരുന്നു റോളെക്‌സ്. ഒരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അണ്ണൻ പറയുമായിരുന്നു. അത് കമൽ സാറിന് വേണ്ടി ആവുമ്പോൾ കൂടുതൽ സന്തോഷം എന്നായിരുന്നു അണ്ണൻ പറഞ്ഞത്. കമൽ സാറിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരു അവസരമായിട്ടു കൂടിയാവണം അണ്ണൻ അതിനെ എടുത്തത്. പക്ഷെ അത് ഇത്രത്തോളം വലിയ ഹിറ്റ് ആവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു.
ലുക്ക് മൊത്തത്തിൽ വേറെ ആയിരുന്നു, അണ്ണൻ സ്‌ക്രീനിൽ പുക വലിക്കുന്ന സീനുകളിൽ അഭിനയിച്ചിട്ട് കുറെ നാളായിരുന്നു. ഒരു ദിവസം കൊണ്ട് അതെല്ലാം ഒരുമിച്ച് ബ്രേക്ക് ചെയ്യുന്ന കഥാപാത്രം ആയിരുന്നു റോളെക്‌സ്. എനിക്ക് ചെയ്യണം എന്ന് തോന്നി, ട്രൈ ചെയ്തു എന്നായിരുന്നു അണ്ണന്റെ മറുപടി. അത് വരെയും ഞാൻ അത് കണ്ടിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് വന്നപ്പോൾ നൽകിയ മറുപടിയായിരുന്നു അത്. സ്‌ക്രീനിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

എന്നപ്പാ ഈ ചെയ്തു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി. ടെറർ ആയിരുന്നു, ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ എങ്ങിനെ സാധിക്കുന്നുവെന്ന് അതിശയിച്ചു പോയി. വന്നതും നിന്നതും സംസാരിച്ചതുമെല്ലാം ഭീകരമായിരുന്നു. എനിക്ക് അത് കണ്ടപ്പോൾ ആദ്യം തോന്നിയത് അണ്ണനാണ് ആ കഥാപാത്രമായി വരുന്നത് എന്നറിയാതെ കണ്ടാൽ മതിയായിരുന്നു എന്നാണ്. അങ്ങനെ ആയിരുന്നെങ്കിൽ വലിയൊരു ഇമ്പാക്ട് ഉണ്ടായേനെ. ബാക്കിഎല്ലാവർക്കും കിട്ടിയത് അതാണ്. അത് എനിക്ക് കിട്ടാതെ പോയല്ലോ എന്ന വിഷമമായിരുന്നു." - കാർത്തി പറഞ്ഞു.
അടുത്തിടെ കാർത്തിയുടെ പുതിയ ചിത്രമായ ജപ്പാന്റെ പ്രമോഷൻ ചടങ്ങിൽ സഹോദരനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളും വൈറലായി മാറിയിരുന്നു. 'എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകൾ എന്റെ അടുക്കൽ വരുന്നു. അവർ എന്നെക്കാൾ അവനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു,' എന്നായിരുന്നു സൂര്യ പറഞ്ഞത്.


Click it and Unblock the Notifications











