'ഞാൻ ഒട്ടും റൊമാന്റിക്കല്ല, തീർത്തും വ്യത്യസ്തനായ ഒരാളാണ്; ജോ വിളിക്കുന്നത് ഇങ്ങനെ!'; സൂര്യയുടെ വാക്കുകൾ
തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. കുടുംബജീവിതത്തിനു കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന രണ്ടുപേരാണ് ഇവർ. ഇരുവർക്കും മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. വിവാഹശേഷം ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും സ്നേഹവുമൊക്കെ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ദാമ്പത്യത്തിൽ പലരുടെയും റോൾ മോഡലാണ് സൂര്യയും ജ്യോതികയും.
അഭിമുഖങ്ങളിൽ രണ്ടുപേരും അവരുടെ കുടുംബജീവിതത്തെ കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ വാചാലരാകാറുണ്ട്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഭർത്താവ് എന്ന നിലയിൽ എങ്ങനെയാണെന്ന ചോദ്യത്തിന് താനൊരു ബോറിങ് ഹസ്ബൻഡ് ആണെന്ന് ജ്യോതിക പറയും എന്നാണ് സൂര്യ പറഞ്ഞത്. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

"ജോ എന്നെ ബോറിങ് പേഴ്സൺ എന്നാണ് വിളിക്കുക. ഞാൻ ഒരിക്കലും ഒരു റൊമാന്റിക് വ്യക്തിയല്ല. ഞാൻ അധികം സംസാരിക്കില്ല. തീർത്തും വ്യത്യസ്തനായ ഒരാളാണ്. വീട്ടിൽ ബോറിങ്ങായ ഭർത്താവാണ്. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഒരു മണിക്കൂർ കഴിയുമ്പോൾ അവിടെയും എനിക്ക് ഒന്നും ഇല്ലാതെയാകും. എനിക്ക് അവരോട് പറയാൻ ഒരുപാട് കഥകളൊന്നും ഉണ്ടാകില്ല. ജോ അതൊക്കെ നന്നായി കൈകാര്യം ചെയ്യും.
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ ഒപ്പം പഠിച്ചവർ. സമയം കിട്ടുമ്പോഴൊക്കെ ഞാൻ അവരോടൊപ്പം കൂടാനും ശ്രമിക്കാറുണ്ട്. അതല്ലാതെ ഒരു കാര്യത്തിന്റെയും പുറകെ പോകാൻ എനിക്ക് കഴിയാറില്ല. എനിക്ക് ഓടക്കുഴൽ വായിക്കുന്നത് ഇഷ്ടമായിരുന്നു. ഒരു ഒന്നൊന്നര വർഷം ഞാൻ അത് പഠിച്ചു. പിന്നീട് എനിക്ക് അതിന്റെ ടച്ച് നഷ്ടപ്പെട്ടു. അതിനു മുൻപ് ടെന്നീസ് ആയിരുന്നു.
പക്ഷെ കുട്ടികൾക്ക് ഒപ്പം സമയം ചെലവഴിക്കുന്നതാണ് കൂടുതൽ. അവരെ പുറത്തു കൊണ്ടുപോകുന്നതും സ്‌കൂളിൽ കൊണ്ടാക്കുന്നതും ഒക്കെ ഞാൻ ആസ്വദിക്കാറുണ്ട്. അതല്ലാതെ സാധാരണ വർക്ക്ഔട്ട് ചെയ്യലും കഥകൾ കേൾക്കലും സിനിമാ ചർച്ചകളുമൊക്കെയാണ് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ,"- സൂര്യ പറയുന്നു.

അതേ സമയം അടുത്തിടെ കാതലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സൂര്യയുടെ ഈ പരാമർശത്തോട് ജ്യോതിക പ്രതികരിച്ചിരുന്നു. ബോറിങ് ഒന്നുമല്ല, കുറച്ചേ സംസാരിക്കൂ. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ആ ഒരു സൗഹൃദമുണ്ട്. അദ്ദേഹം ഒരിക്കലും ബോറിങ് അല്ല. സംസാരം കുറവാണ്. അത്രയേ ഉള്ളൂ എന്നാണ് ജ്യോതിക പറഞ്ഞത്.
സൂര്യ മകളെ നോക്കുന്നതിനെ കുറിച്ചും ജ്യോതിക മുൻപ് വാചാലയായിട്ടുണ്ട്. താൻ ഷൂട്ടിങ്ങിനായി മാറി നിന്നപ്പോൾ കറക്റ്റ് ആറ് മണിക്ക് വീട്ടിലെത്തുകയും മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതും പഠിപ്പിക്കുന്നതുമടക്കം അവരുടെ എല്ലാ കാര്യങ്ങളും സൂര്യ മനോഹരമായി ചെയ്തു എന്നാണ് ജ്യോതിക പറഞ്ഞത്. മക്കളെ അത്രയധികം സ്നേഹിക്കുന്ന അച്ഛനാണെന്നും ജ്യോതിക പറയുകയുണ്ടായി.
2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും സൂപ്പർ ഹിറ്റായി മാറിയ കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് പ്രണയത്തിലായത് എന്നാണ് വിവരം. ഓരോ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴും ഇവർക്കിടയിലെ പ്രണയം വളരുകയായിരുന്നു. ഇന്ന് മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് സുര്യക്കും ജ്യോതികയ്ക്കും ഉള്ളത്.


Click it and Unblock the Notifications