സൂര്യ - ജ്യോതിക വിവാഹം അത്ര എളുപ്പമായിരുന്നില്ല, നാല് വർഷത്തോളം അവർ കാത്തിരുന്നു; സൂര്യയുടെ അച്ഛൻ പറയുന്നു
സൂര്യ - ജ്യോതിക വിവാഹത്തെ കുറിച്ച് സൂര്യയുടെ അച്ഛൻ ശിവകുമാർ മനസ്സു തുറന്നപ്പോൾ..
തെന്നിന്ത്യ ഒന്നടങ്കം ഏറെ ആരാധകരുള്ള താര ജോഡിയാണ് സൂര്യയും ജ്യോതികയും. ഇവരുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. ഓൺ സ്ക്രീനിൽ ഒന്നിച്ച ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സൂര്യ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ തന്നെ താൻ സമ്മതം മൂളുകയായിരുന്നു എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ജ്യോതിക പറഞ്ഞത്.
അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ പ്രണയിക്കുന്ന രണ്ടുപേർ കൂടിയാണ് സൂര്യയും ജ്യോതികയും. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം ഓരോ ദമ്പതികൾക്കും മാതൃകയാക്കാവുന്നത് ആണ്. സൂര്യയെയും ജ്യോതികയെയും അടുത്തറിയുന്ന പലരും ഇവരുടെ സ്നേഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ വാചാലരാവാറുണ്ട്.
പല പ്രണയിതാക്കളുടേയും റോൾ മോഡലുകളാണ് സൂര്യയും ജ്യോതികയും. ഒരിക്കൽ എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചോദിച്ചപ്പോൾ എന്റെ ഭർത്താവ് തന്നെ അത്ര നന്നായിട്ടാണ് നോക്കുന്നതെന്നാണ് ജ്യോതിക തന്നെ പറഞ്ഞിട്ടുള്ളത്.

2006 ൽ ആയിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കാക്ക കാക്ക ഉൾപ്പടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ വിജയകരമായി 16 വർഷം പിന്നിട്ടിരിക്കുകയാണ് ഇവരുടെ ദാമ്പത്യ ജീവിതം.
എന്നാൽ അവരുടെ വിവാഹം അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് സൂര്യയുടെ അച്ഛൻ ഇപ്പോൾ, അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ തന്റെ മകന്റെയും മരുമകളായ ജ്യോതികയുടെയും വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
16 വർഷം മുൻപാണ് സൂര്യയും ജ്യോതികയും പ്രണയത്തിലായതെന്നും വിവാഹിതരായെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ അവരുടെ വിവാഹം അത്ര എളുപ്പമായിരുന്നില്ല. സൂര്യക്കും ജ്യോതികയ്ക്കും വിവാഹിതരാവാൻ നാല് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്നാണ് അച്ഛൻ പറഞ്ഞത്.
ടൂറിസ്റ്റ് ദുൽഗിസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ജ്യോതികയുടെ കാര്യം അറിഞ്ഞപ്പോഴൊക്കെ തങ്ങൾ മൗനം പാലിക്കുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു. സൂര്യക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം നൽകിയിരുന്നു എന്നും അച്ഛൻ പറഞ്ഞു. പിന്നീട് 2006 സെപ്റ്റംബർ 11 ന് ചെന്നൈയിലെ പാർക്ക് ഷെറാട്ടൺ ഹോട്ടലിൽ വെച്ച് സൂര്യ ജ്യോതികയെ വിവാഹം കഴിക്കുകയായിരുന്നു.
അതേസമയം, കാക്ക കാക്ക സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും പ്രണയത്തിൽ ആയെന്നാണ് വിവരം. 2003 ലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വളരെ സ്വകാര്യമായിട്ട് നടന്ന ഒരു ചടങ്ങായിരുന്നു അത്, വീട്ടുകാരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുറച്ചു സമയം ലഭിക്കാനും വേണ്ടിയാണു ഇരുവരും നേരത്തെ നിശ്ചയം നടത്തി വെച്ചത് എന്നാണ് വിവരം.
അതേസമയം, ഇരുവരും ഒന്നിച്ചു അഭിനയിച്ച കാക്ക കാക്ക ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അവരെ ഒറ്റ രാത്രി കൊണ്ട് ഇരുവരും താരങ്ങളായി മാറി. കേരളത്തിൽ ഉൾപ്പടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതിനു ശേഷം പിന്നീട് അങ്ങോട്ട് ഓരോ ദിവസം കഴിയുന്തോറും സൂര്യ ജ്യോതിക ബന്ധം കൂടുതൽ ദൃഢമായി വരികയായിരുന്നു.

ഇപ്പോൾ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്, മകൾക്ക് ദിയ എന്നും മകന് ദേവ് എന്നുമാണ് പേര് വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പം എത്തി പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു. സിനിമകളിലും സജീവമാണ് ഇരുവരും.
സൂര്യ 42, വടിവാസൽ തുടങ്ങിയ ചിത്രങ്ങളാണ് സുരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. രണ്ടു ചിത്രങ്ങളാണ് ജ്യോതികയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. മമ്മൂട്ടി നായകനായ മലയാള ചിത്രം കാതൽ ദി കോറും, ഹിന്ദിയിൽ ശ്രീ എന്നൊരു ചിത്രവുമാണ് അത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ ചെയ്യുന്ന സിനിമയാണ് കാതൽ. 2009 ൽ ഇറങ്ങിയ സീത കല്യാണം എന്ന സിനിമയാണ് ജ്യോതിക ഒടുവിൽ മലയാളത്തിൽ ചെയ്തത്.


Click it and Unblock the Notifications