പടയപ്പയിൽ അഭിനയിക്കാൻ ഭയന്ന രമ്യ കൃഷ്ണൻ, നിരത്തിയ കാരണങ്ങൾ ഇത്; അവസാനം പേടിച്ചത് സംഭവിച്ചു!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രമ്യ കൃഷ്‍ണൻ. പടയപ്പ, ബാഹുബലി എന്നീ രണ്ടു സിനിമകൾ മാത്രം മതി അഭിനേത്രി എന്ന നിലയിൽ രമ്യ കൃഷ്ണന്റെ മികവ് മനസ്സിലാക്കാൻ. 1999 ൽ പുറത്തിറങ്ങിയ പടയപ്പയാണ് രമ്യ കൃഷ്‌ണന്റെ കരിയറിൽ വലിയ വഴിത്തിരിവാകുന്നത്. ചിത്രത്തിൽ രജിനീകാന്തിനൊപ്പം പ്രാധാന്യമുള്ള നെഗറ്റീവ് വേഷമായിരുന്നു രമ്യ കൃഷ്ണന്റേത്. നീലാംബരിയെന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തമിഴ് സിനിമ കണ്ട ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് നീലാംബരി.
രജിനികാന്തിനെ പോലൊരു സൂപ്പർ താരത്തിന് എതിരെ നിൽക്കുന്ന കഥാപാത്രം ചെയ്യുക എന്നത് അന്നത്തെ കാലത്ത് പലർക്കും ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. നടി മീനയുൾപ്പെടെയുള്ള താരങ്ങളെ നീലാംബരി എന്ന കഥാപാത്രം ചെയ്യാൻ സംവിധായകൻ കെഎസ് രവികുമാർ സമീപിച്ചിരുന്നെങ്കിലും അവർ അഭിനയിക്കാൻ തയ്യാറായിരുന്നില്ല. രമ്യ കൃഷ്ണനും ആദ്യം നോ പറഞ്ഞ സിനിമയാണിത്. നടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

രജനീകാന്തിന്റെ നിർദേശ പ്രകാരമാണ് സംവിധായകൻ രമ്യ കൃഷ്‍ണനെ സമീപിക്കുന്നത്. നീലാംബരി എന്ന കഥാപാത്രം ആര് ചെയ്താൽ നന്നാകും എന്ന ചർച്ചകൾക്കിടയിലാണ് രജനീകാന്ത് രമ്യയുടെ പേര് നിർദേശിക്കുന്നത്. രജനിയുടെ അഭിപ്രായം ശരിവെച്ച് കെഎസ് രവികുമാർ നടിയെ കണ്ടു. എന്നാൽ രമ്യ ആ കഥാപാത്രം ചെയ്യാൻ തയ്യാറായില്ല. നേരത്തെ രജനീകാന്തിനെതിരെ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്ത നടിമാരായ വടിവുക്കരശിക്കും മനോരമയ്ക്കും ഉണ്ടായ അനുഭവങ്ങളായിരുന്നു കാരണം. രജനീകാന്ത് ആരാധകർ ഇവർക്കെതിരെ രംഗത്തെത്തി.
അതുകൊണ്ട് താൻ ഈ കഥാപാത്രം ചെയ്താൽ പിന്നെ തമിഴ്‌നാട്ടിലേക്ക് വരാൻ കഴിയില്ലെന്നും എവിടെ പോയാലും അടി കിട്ടുമെന്നും പറഞ്ഞാണ് രമ്യ ഓഫർ നിരസിച്ചത്. എന്നാൽ ഉടൻ തന്നെ രജനി രമ്യയെ വിളിച്ച് സംസാരിച്ചു. സിനിമയിൽ നിങ്ങൾ വില്ലത്തിയാണെങ്കിലും ക്‌ളൈമാക്‌സ് ആകുമ്പോഴേക്കും അതുവരെ ചെയ്തതിന്റെയെല്ലാം തീവ്രത മാറും. ആരാധകർക്ക് എതിർപ്പുണ്ടായാൽ അതും താൻ നോക്കിക്കോളാമെന്നും രജനി ഉറപ്പു നൽകി.
എന്നാൽ സിനിമയിൽ രജനീകാന്തിനെ ശകാരിക്കുന്നതുപോലുള്ള ചില ഡയലോഗുകൾ ഉണ്ടായിരുന്നു. അത് ചെയ്യില്ലെന്ന് രമ്യ തീർത്തുപറഞ്ഞു. അരുണാചലം എന്ന സിനിമയിൽ വടിവുക്കരശി രജനിയെ അനാഥ പയലേ എന്ന് വിളിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുകയും നടിയെ ഒരു റെയിൽവേ സ്റ്റേഷനിൽ പിടിച്ചുവയ്ക്കുകയും ചെയ്യുകയുണ്ടായി. ഈ സംഭവത്തെ തുടർന്നാണ് രമ്യ അത് നിരസിച്ചത്.
അന്ന് വടിവുക്കരശിയ്ക്ക് ഉണ്ടായ അനുഭവത്തിന് പിന്നാലെ രജനീകാന്ത് ഒരു നീണ്ട പ്രസ്താവന നടത്തിയിരുന്നു. 'എന്റെ സഹനടിയോട് അനാദരവ് കാണിക്കുന്നത് എന്നോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് ആരാധകർ ശാന്തരായത്. തനിക്ക് അത്തരം അനുഭവം ഉണ്ടാവുമെന്ന് രമ്യ ഭയന്നു. അതാണ് ഡയലോഗുകൾ പറയാൻ തയ്യാറാകാതിരുന്നതിന് കാരണം.

ഡയലോഗിന് പുറമെ രജനീകാന്തിന് മുന്നിൽ ഊഞ്ഞാലിൽ കാൽ കയറ്റി വെച്ചിരിക്കുന്ന രംഗവും സിനിമയിൽ നിന്ന് ഒഴിവാക്കാൻ രമ്യ ആവശ്യപ്പെട്ടു. എന്നാൽ സിനിമയിലെ പ്രധാന രംഗമായത് കൊണ്ട് ഒഴിവാക്കാൻ കെഎസ് രവികുമാർ തയ്യാറായില്ല. താൻ ചെയ്യില്ലെന്ന വാശിയിൽ രമ്യ കൃഷ്‍ണനും നിന്നു. അവസാനം രജനീകാന്ത് സംസാരിച്ച ശേഷമാണ് നടി അത് ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമ റിലീസായ അന്ന് തന്നെ ആ രംഗത്തിനെതിരെ ആരാധകരുടെ എതിർപ്പ് വന്നു.
രമ്യ കൃഷ്ണൻ കാലിൻമേൽ കാല് കയറ്റിയിരിക്കുന്ന സീൻ തിയേറ്ററിൽ വന്നതോടെ ഒരു ആരാധകൻ സ്ക്രീൻ നശിപ്പിച്ചു. സിനിമയുടെ പ്രദർശനം നിലച്ചു. ആദ്യ ദിവസം തന്നെ നടന്ന സംഭവം കണ്ട് രമ്യ കൃഷ്ണൻ ഭയന്നു, രജനീകാന്തിനെ വിളിച്ചു. അവസാനം രജനീകാന്തും ഫാൻസ് ക്ലബും പ്രസ്താവനയിറക്കിയാണ് ആരാധകരെ ശാന്തരാക്കിയത്. അതേസമയം ഈ സംഭവത്തിന് ശേഷം കൂടുതലും തെലുങ്ക് സിനിമകളിലാണ് രമ്യ അഭിനയിച്ചത്.


Click it and Unblock the Notifications