രജനീകാന്തിനെ കണ്ട് യാചകനെന്ന് കരുതി ഭിക്ഷ നല്‍കിയ സ്ത്രീ; താരത്തിന്റെ പ്രതികരണം ഇങ്ങനെ...
തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആണ് രജനീകാന്ത്. ഇന്നും രജനീകാന്തോളം ആരാധകരെ സ്വാധീനിച്ച മറ്റൊരു താരമുണ്ടാകും. ഈ പ്രായത്തിലും തന്റെ താരസിംഹാസം വിട്ടു കൊടുക്കാതെ നിറഞ്ഞു നില്‍ക്കുകയാണ് രജനീകാന്ത്. ഇപ്പോഴിതാ ജയിലറിലൂടെ വീണ്ടും തീയേറ്ററുകളെ ഇളക്കി മറച്ചിരിക്കുകയാണ് രജനീകാന്ത്. പലരും അഭിനയം നിര്‍ത്തുന്ന പ്രായത്തിലും, തന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവരെ കൊണ്ട് പോലും കയ്യടിപ്പിക്കുകയാണ് തലൈവര്‍.
ഓണ്‍ സ്‌ക്രീനില്‍ എത്ര ലാര്‍ജര്‍ ദാന്‍ ലൈഫ് ആണെങ്കിലും ജീവിതത്തില്‍ രജനി അത്ഭുതപ്പെടുത്തുന്നത് തന്റെ ലാളിത്യം കൊണ്ടാണ്. ജീവിതത്തില്‍ താരജാഡകളില്ലാതെയാണ് രജനീകാന്തിനെ കാണുക. മേക്കപ്പോ, ആഢംബരങ്ങളോ ഇല്ലാതെ, വിഗ് വെക്കാതെയാണ് അദ്ദേഹം പൊതുപരിപാടികളിലെല്ലാം എത്താറുള്ളത്. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ അത്ഭുതമാണ് ആരാധകര്‍ക്ക് രജനീകാന്ത്.

രജനീകാന്തിന്റെ ആത്മീയ മുഖവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. തന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി ഓടുമ്പോള്‍ അദ്ദേഹം മിക്കപ്പോഴും ഹിമാലയ യാത്രയിലായിരിക്കും. റിലീസിന് പിന്നാലെയും മറ്റും അങ്ങനൊരു യാത്ര നടത്തുന്ന പതിവ് അദ്ദേഹത്തിനുണ്ട്. വളരെ ലളിതമായിട്ടായിരിക്കും ആ സമയത്ത് അദ്ദേഹം സഞ്ചരിക്കുക. ഒരിക്കല്‍ അദ്ദേഹത്തിന്റെ യാത്രകളിലൊന്നില്‍ വച്ച് ഒരാള്‍ അദ്ദേഹത്തെ ഭിക്ഷക്കാരനായി തെറ്റിദ്ധരിക്കുക വരെയുണ്ടായി.
ഒരിക്കല്‍ അദ്ദേഹം ഒരു അമ്പലത്തിന്റെ തൂണിന്റെ അടുത്തായി ഇരിക്കുകയായിരുന്നു. പതിവ് പോലെ മേക്കപ്പില്ലാതെ, ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ആരാധകര്‍ക്ക് പോലും രജനീകാന്താണ് ആ ഇരിക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ രണ്ട് വട്ടം നോക്കേണ്ടി വരും. അങ്ങനെ ഇരിക്കുന്ന രജനീകാന്തിനെ ഒരു സ്ത്രീ കണ്ടു. നാല്‍പ്പത് വയസിലധികം പ്രായമുണ്ടായിരുന്ന അവര്‍ക്ക് രജനീകാന്തിനെ അറിയില്ലായിരുന്നു. താരത്തിന്റെ ഇരിപ്പും വേഷവുമെല്ലാം കണ്ടപ്പോള്‍ അവര്‍ കരുതിയത് യാചകനാണെന്നായിരുന്നു.
ഈ സ്ത്രീ രജനീകാന്തിന്റെ അരികിലെത്തുകയും പത്ത് രൂപ ഭിക്ഷയായി നല്‍കുകയും ചെയ്തു. ഇതെല്ലാം കണ്ടു നിന്നൊരു യുവതിയാണ് ഈ കഥ പറഞ്ഞത്. താനായിരുന്നു രജനീകാന്തിന്റെ സ്ഥാനത്തെങ്കില്‍ അവരോട് ദേഷ്യപ്പെട്ടേനെ. എന്നാല്‍ രജനീകാന്ത് ചെയ്തത് ആ പത്ത് രൂപ പുഞ്ചിരിച്ചു കൊണ്ട് വാങ്ങുകയായിരുന്നു. അല്‍പ്പ നേരം അവിടെയിരുന്ന ശേഷം രജനീകാന്ത് തന്റെ കാറിന്റെ അടുത്തേക്ക് പോയി. അപ്പോഴാണ് ഭിക്ഷ നല്‍കിയ സ്ത്രീയ്ക്ക് തനിക്ക് അബദ്ധം പറ്റിയത് മനസിലായത്.

ആളാരാണെന്ന് അറിഞ്ഞതോടെ അവര്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തി. തനിക്ക് പറ്റിയ തെറ്റിന് രജനീകാന്തിനോട് അവര്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അപ്പോഴും പുഞ്ചിരി വിടാതെ രജനീകാന്ത് മറുപടി നല്‍കി. ഈ അനുഭവത്തില്‍ തനിക്ക് ഒട്ടും പരിഭവമില്ല. താന്‍ സൂപ്പര്‍ താരമാണെന്ന അഹങ്കാരം പാടില്ലെന്നും താന്‍ ചെറിയൊരു മനുഷ്യന്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ് ദൈവം തനിക്ക് നല്‍കിയ അനുഭവമാണിതെന്നുമാണ് രജനീകാന്ത് പറഞ്ഞത്.
അതേസമയം മെഗാ ഹിറ്റായി മാറിയിരിക്കുകയാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷങ്ങളിലെത്തിയിരുന്നു. വിനായകനായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് രജനീകാന്തിന്റേതായി അണിയറയില്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications