അമ്മയോട് അഡ്ജസ്റ്മെന്റ് ചെയ്യുമോ എന്ന് ചോദിച്ചു; സിനിമ തന്നെ ഉപേക്ഷിക്കാൻ കാരണമായ സംഭവം; കല്യാണി പറഞ്ഞത്
വിനോദ മേഖലയുടെ നിറംകെടുത്തുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി താരങ്ങൾ ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർക്ക് പലർക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പലരുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇതിനകം ചർച്ചയായതാണ്.
കാസ്റ്റിംഗ് കൗച്ച് മൂലം അഭിനയം ഉപേക്ഷിക്കേണ്ടി വന്ന ചില താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടിയും അവതാരകയുമായ കല്യാണി രോഹിത്. ബാലതാരമായി കരിയർ ആരംഭിച്ച കല്യാണി ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മുല്ലവള്ളിയും തേന്മാവും, പരുന്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിലും കല്യാണി ശ്രദ്ധനേടിയിട്ടുണ്ട്. പൂർണിത എന്നാണ് താരത്തിന്റെ യഥാർഥ പേര്. 2009 ൽ പുറത്തിറങ്ങിയ ഇളംപുയൽ എന്ന തമിഴ് ചിത്രത്തിലാണ് കല്യാണി അവസാനം അഭിനയിച്ചത്.
അതിനു ശേഷമാണു അവതാരകയായി താരം തിളങ്ങുന്നത്. സ്റ്റാർ വിജയ്, സീ തുടങ്ങിയ ജനപ്രിയ ചാനലുകളിൽ അവതാരകയായി കല്യാണി എത്തിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ കല്യാണി സിനിമ വേണ്ടെന്ന് വയ്ക്കാൻ കാരണമായത് കാസ്റ്റിംഗ് കൗച്ച് അനുഭവമാണ്. മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ കല്യാണി ഇത് തുറന്നു പറയുകയുണ്ടായി. ടെലിവിഷനിൽ നിന്നുമുണ്ടായ സമാന അനുഭവവും താരം പങ്കുവച്ചിരുന്നു.
'ഒരു വലിയ ചാനലിൽ നിന്ന് ഒരു ഷോ ഹോസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. അതിലെ ഒരു അവതാരകൻ എന്നോട് ബാറിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് ആ ചാനലിൽ നിന്ന് എന്നെ വിളിച്ചിട്ടില്ല. ആരെയും ഭയക്കാതെ തങ്ങളുടെ അഭിപ്രായം പറയാൻ സ്ത്രീകൾക്ക് ധൈര്യമുണ്ടായിരിക്കണം എന്ന് ഞാൻ കരുതുന്നു. ഞാൻ ഇത് പറഞ്ഞപ്പോൾ ആരും എന്നെ പിന്തുണച്ചില്ല', കല്യാണി പറഞ്ഞു.
'അതുപോലെ ഞാൻ നായികയായി അഭിനയിക്കുന്ന സമയത്ത് അമ്മയോട് ഞാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. അവർ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അതിനു ശേഷമാണ് പ്രൊഡ്യൂസർ പറഞ്ഞ അഡ്ജസ്റ്മെന്റ് എന്താണെന്ന് മനസിലായത്. അതിനു ശേഷമാണ് വീട്ടുകാർ എല്ലാവരും ചേർന്ന് ഇനി സിനിമയിൽ അഭിനയിക്കേണ്ട എന്ന തീരുമാനം എടുക്കുന്നത്. അതിനു ശേഷം വിജയ് ടിവിയിൽ അവതാരകയാകാൻ അവസരം ലഭിച്ചു. ഇപ്പോൾ എന്റെ ജീവിതം ആകെ മാറിയിരിക്കുന്നു,' എന്നാണ് കല്യാണി പറഞ്ഞത്.

2013 ൽ ഡോക്ടറായ രോഹിത്തിനെ വിവാഹം ചെയ്ത കല്യാണി ഇപ്പോൾ അമേരിക്കയിലാണെന്നാണ് വിവരം. ഇവർക്ക് വയസ്സുള്ള ഒരു മകളും ഉണ്ട്. അതേസമയം, നട്ടെലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കല്യാണി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. 2016 ൽ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് പൂർണമായി വിജയിച്ചില്ല. ശേഷം മകളെ പ്രസവിച്ചു. ഇപ്പോൾ വീണ്ടും വേദന തിരിച്ചെത്തിയിരിക്കുകയാണ്. തുടർന്ന് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിയതായി വന്നു എന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications