ആരാധകര്‍ വരെ എതിരായി, സിനിമ തന്നെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ച അജിത്ത്; അന്ന് നടന്നത്
തമിഴ് സിനിമയുടെ സൂപ്പര്‍ താരമാണ് അജിത്ത്. ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുള്ള കരിയര്‍. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ മറി കടന്ന് നേടിയെടുത്ത സാമ്രാജ്യം. അജിത്തിന്റെ ഓരോ സിനിമയും ഉത്സവം പോലെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഓണ്‍ സ്‌ക്രീനിലെ മാസ് ഹീറോ ജീവിതത്തിലും മാസാണ്. സിനിമയില്ലാത്തപ്പോള്‍ യാത്രകളും റേസിംഗുമൊക്കെയായി ജീവിതം ആഘോഷിക്കുന്ന താരമാണ് അജിത്ത്.
എന്നാല്‍ അജിത്തിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് വ്യക്തിജീവിതത്തില്‍ അജിത്ത് പുലര്‍ത്തുന്ന സ്വകാര്യതയാണ്. തന്റെ സിനിമകളുടെ റിലീസ് സമയത്തോ പ്രൊമോഷന് വേണ്ടിയോ അജിത്ത് മാധ്യമങ്ങളുടെ മുന്നിലെത്താറില്ല. ഓഡിയോ ലോഞ്ചും പത്രസമ്മേളനവുമൊന്നും അദ്ദേഹം ചെയ്യാറില്ല. അതുകൊണ്ട് തന്നെ സിനിമയിലല്ലാതെ അജിത്തിനെ ആരാധകര്‍ക്ക് കണ്ടുകിട്ടാറില്ല. താരം അഭിമുഖങ്ങളും നല്‍കാറില്ല.

വല്ലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരെങ്കിലും പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയും മറ്റുമൊക്കെയാണ് അജിത്ത് സിനിമയില്ലാത്തപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ആരാധകര്‍ അറിയുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളും വിവാദങ്ങളുമാണ് അജിത്ത് മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍. എല്ലാത്തില്‍ നിന്നും അകലം പാലിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ അജിത്തിനേയും വെറുതെ വിട്ടിട്ടില്ല.
ഒരിക്കല്‍ വിവാദങ്ങള്‍ മൂലം അജിത്ത് സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരിക്കല്‍ നടത്തിയൊരു പ്രസംഗമായിരുന്നു അതിന് പിന്നിലെ കാരണം. തമിഴ് സിനിമയും തമിഴ് രാഷ്ട്രീയവും തമ്മില്‍ വളരെ അടുത്ത ബന്ധമുള്ളതാണ്. എംജിആര്‍ മുതല്‍ ഉദയനിധി സ്റ്റാലിന്‍ നീണ്ടു നില്‍ക്കുന്നൊരു പട്ടിക അതിന്റെ തെളിവായി നമ്മളുടെ മുന്നിലുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം വിജയും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കാമെന്ന് കേള്‍ക്കുന്നു. എന്നാല്‍ അജിത്ത് ഇക്കാര്യത്തില്‍ വേറിട്ടൊരു നിലപാടാണ് എടുത്തത്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയോട് ഒരു പ്രസംഗത്തിനിടെ സിനിമാ താരങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് അജിത്ത് പറഞ്ഞു. പരിപാടികള്‍ക്ക് താരങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നവര്‍ തന്നെ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നും അജിത്ത് ചൂണ്ടിക്കാണിച്ചു. അജിത്തിന്റെ വാക്കുകള്‍ വലിയ വിവാദമായി. എന്നാല്‍ തന്റെ പ്രസ്താവനയില്‍ നിന്നും അജിത്ത് പിന്മാറാന്‍ തയ്യാറായില്ല.
''അത് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നില്ല. ആ നിമിഷം തോന്നിയതാണ്. എന്റെ ഹൃദയത്തില്‍ നിന്നും വന്നതാണ്. ഞാന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് സത്യമാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ എന്റെ വാക്കിലെ സത്യം തെളിയിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയെ ചില ആളുകള്‍ നിയന്ത്രിക്കുകയാണ്'' എന്നായിരുന്നു അജിത്തിന്റെ പ്രതികരണം. അതേസമയം വിവാദങ്ങള്‍ അജിത്തിനെ തളര്‍ത്തി. ഇനിയൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ വരില്ലെന്ന് വരെ അജിത്ത് അന്ന് തീരുമാനിച്ചിരുന്നു.

''കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് ക്യാമറയെ ഫേസ് ചെയ്യാനേ തോന്നുന്നില്ല. കലാകാരന്മാര്‍ക്ക് സ്വാതന്ത്ര്യമില്ലതായിരിക്കുന്നു'' എന്നാണ് അജിത്ത് പറഞ്ഞത്. അധികം വൈകാതെ ആ വിവാദം കെട്ടടങ്ങി. അന്ന് സിനിമ വേണ്ടെന്നൊക്കെ ചിന്തിച്ചുവെങ്കിലും മുമ്പത്തേതിലും ശക്തനായി അജിത്ത് തിരിച്ചു വന്നു. ഇന്ന് ആര്‍ക്കും തൊടാന്‍ പോലും സാധിക്കാത്ത ഉയരത്തിലാണ് അജിത്തുള്ളത്. വര്‍ഷത്തിലൊരിക്കല്‍ വരുന്ന സിനിമയിലൂടെ മാത്രമേ അജിത്തിനെ കാണാറുള്ളൂവെങ്കിലും ആ വരവ് വന്‍ ആഘോഷമാക്കാറുണ്ട് ആരാധകര്‍.


Click it and Unblock the Notifications