ഞങ്ങള്‍ പ്രണയിക്കുന്നു, കല്യാണം കഴിച്ച് അജിത്തിനേയും ശാലിനിയേയും പോലെ ജീവിക്കും; ചിമ്പുവും ഹന്‍സികയും
താരങ്ങളെ സംബന്ധിച്ച് സിനിമയിലെ ജീവിതം മാത്രമല്ല ക്യാമറയുടെ മുന്നിലുള്ളത്. അവരുടെ വ്യക്തിജീവിതവും എപ്പോഴും ക്യാമറയ്ക്ക് മുമ്പിലാണുള്ളത്. താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിരന്തരം നിറയാറുണ്ട്. ഇങ്ങനെ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയ ജോഡികളായിരുന്നു ചിമ്പുവും ഹന്‍സികയും.
ഓണ്‍ സ്‌ക്രീനിലെ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ചിമ്പുവിന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യാറുള്ളതാണ്. ഒരിക്കല്‍ തമിഴകത്തെ ഹിറ്റ് പ്രണയ ജോഡിയായിരുന്നു ചിമ്പുവും ഹന്‍സികയും. ഇരുവരും പരസ്യമായി തന്നെ പ്രണയം സമ്മതിക്കുകയും ചെയ്തിരുന്നു.

2013 ലായിരുന്നു ഹന്‍സികയും ചിമ്പുവും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പിന്നാലെ അഭിമുഖത്തില്‍ വച്ച് ചിമ്പു ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറുമാസത്തിനകം തന്നെ ഇരുവരും പിരിയുകയായിരുന്നു. ചിമ്പുവിന്റേയും ഹന്‍സികയുടേയും പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും വിശദമായി വായിക്കാം തുടര്‍ന്ന്.
തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ചിമ്പുവും ഹന്‍സികയും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരങ്ങള്‍ പ്രണയം സമ്മതിച്ചത്. ''എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒരുപാട് കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. അതുകൊണ്ട് വ്യക്തമാക്കാം. അതെ, ഞാന്‍ പ്രണയത്തിലാണ്. പക്ഷെ എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'' എന്നായിരുന്നു ഹന്‍സികയുടെ ട്വീറ്റ്. പക്ഷെ ചിമ്പുവിന്റെ പേര് താരം ഹന്‍സിക പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍ ചിമ്പു ഹന്‍സികയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു. '' അതെ, ഞാനും ഹന്‍സികയും പ്രണയത്തിലാണ്. ഇപ്പോള്‍ അവള്‍ നല്ല നിലയിലാണ്. കല്യാണത്തെക്കുറിച്ചുള്ള തീരുമാനം ഞങ്ങളുടെ കുടുംബം എടുക്കും. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു'' എന്നായിരുന്നു ചിമ്പുവിന്റെ ട്വീറ്റ്. പിന്നീട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലും ചിമ്പു തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
''എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ ഞാന്‍ ഹന്‍സിക മോട്ട്വാനിയെ വിവാഹം കഴിക്കും. അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ എന്നും സന്തോഷത്തോടെ ജീവിക്കും'' എന്നായിരുന്നു ചിമ്പു പറഞ്ഞത്. എന്നാല്‍ അധികം കഴിയാതെ തന്നെ ഇരുവരും പിരിയുകയായിരുന്നു. പിരിയാനുള്ള കാരണം ചിമ്പുവും ഹന്‍സികയും വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ തന്റെ മുന്‍കാമുകിയായ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ചിമ്പു തീരുമാനിച്ചതാണ് പിണക്കത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പിരിഞ്ഞുവെങ്കിലും ചിമ്പുവും ഹന്‍സികയും വര്‍ഷങ്ങള്‍ക്ക് ശേഷം ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ചിരുന്നു. ഹന്‍സിക ടൈറ്റില്‍ റോളിലെത്തിയ മഹ എന്ന സിനിമയില്‍ അതിഥി വേഷത്തിലായിരുന്നു ചിമ്പു എത്തിയത്.
ഇപ്പോഴിതാ ഹന്‍സിക വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഹന്‍സിക ബിസിനസുകാരനെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. വരന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന്‍ കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നടി ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ചിമ്പുവും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി നിധി അഗര്‍വാളും പ്രണയത്തിലാണെന്നും ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ലിവിംഗ് ടുഗദര്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാനാടാണ് ചിമ്പുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം, വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്.


Click it and Unblock the Notifications











