ആദ്യം പ്രണയം തോന്നിയത് അവളോട്, ആകർഷിക്കാൻ പലതും ചെയ്തു; ഐശ്വര്യയ്ക്ക് അറിയാം; ധനുഷ് പറഞ്ഞത്
തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ധനുഷ്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ധനുഷ് കരിയറിൽ നേടിയെടുത്ത ഖ്യാതികൾ ചെറുതൊന്നുമല്ല. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും ഹോളിവുഡിലുമടക്കം സാന്നിധ്യമറിയിച്ച ധനുഷിന് ഇന്ന് കൈനിറയെ അവസരങ്ങളും ലോകമെമ്പാടും ആരാധകരുമുണ്ട്. അഭിനയത്തിന് പുറമെ ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ ധനുഷ് തന്റെ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ധനുഷിന്റെ വ്യക്തിജീവിതമാണ് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വേർപിരിയുന്നത്. 18 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സുഹൃത്തുക്കളായി തുടരുമെന്ന് വ്യക്തമാക്കിയ ധനുഷും ഐശ്വര്യയും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ച് എത്താറുണ്ട്. വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിവാഹബന്ധത്തിലായിരിക്കെ തന്നെ ധനുഷിന്റെ പേരിൽ പ്രണയ ഗോസിപ്പുകളും വിവാദങ്ങളുമൊക്കെ വന്നിട്ടുണ്ട്. തമിഴിലെ പല സൂപ്പർ നായികമാരുമായും ചേർത്ത് ധനുഷിന്റെ പേരിൽ ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഒരിക്കൽ പോലും ഇതിനോടൊന്നും പ്രതികരിക്കാൻ നടൻ തയ്യാറായിട്ടില്ല. എന്നാൽ ഒരിക്കൽ തന്റെയൊരു പ്രണയത്തെ കുറിച്ച് ധനുഷ് തുറന്നു പറയുകയുണ്ടായി. തന്റെ ആദ്യ പ്രണയമാണ് അതെന്നാണ് ധനുഷ് വിശേഷിപ്പിച്ചത്.
2013ൽ പുറത്തിറങ്ങിയ ധനുഷിന്റെ ഹിന്ദിയിലെ അരങ്ങേറ്റ ചിത്രമായ രാഞ്ജനയുടെ പ്രീ റിലീസ് ഇവന്റിൽ വച്ചാണ് ആദ്യ പ്രണയത്തെ കുറിച്ച് നടൻ മനസുതുറന്നത്. പതിമൂന്നാം വയസ്സിൽ കണ്ടുമുട്ടിയ പെൺകുട്ടിക്ക് പുറകെ ഭ്രാന്തമായ പ്രണയവുമായി നടക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് രാഞ്ജന, യഥാർത്ഥ ജീവിതത്തിൽ അത്തരമൊരു അനുഭവം ഉള്ളത് കൊണ്ടാണ് ആ വേഷം തനിക്ക് അനായാസം ചെയ്യാൻ സാധിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് ധനുഷ് ആ പ്രണയകഥ പങ്കുവച്ചത്.
'16-ാം വയസിൽ, സ്കൂളിലെ ഒരു പെൺകുട്ടിയോട് എനിക്ക് പ്രണയം തോന്നി, അവൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്ന് എനിക്ക് തോന്നി. ഏതൊരു ആൺകുട്ടിയും ചെയ്യുന്നതുപോലെ അവളെ ആകർഷിക്കാൻ ഞാൻ പലതും ചെയ്തു. അവൾ എന്നെ സ്വീകരിച്ചു, ഒരു വർഷത്തിനുശേഷം എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രണയമായിരുന്നു',

'എന്നാൽ അവൾ എന്നെ ഉപേക്ഷിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം അത് ക്രഷ് ആയിരിന്നിരിക്കാം എന്ന് ഞാൻ കരുതി, എന്നാൽ മൂന്ന് വർഷത്തിന് ശേഷം അത് പ്രണയം തന്നെ ആയിരുന്നെന്ന് എനിക്ക് മനസ്സിലായി,' ധനുഷ് പറഞ്ഞു. സത്യസന്ധതയാണ് ജീവിതത്തിൽ വേണ്ട ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞ നടൻ, ഭാര്യ ഐശ്വര്യയ്ക്ക് ഇക്കാര്യം അറിയാമെന്നും വേദിയിൽ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് പരസ്പരം ഡേറ്റിംഗ് നടത്തുമ്പോൾ, തന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടങ്ങളെ കുറിച്ച് പറയുന്നതിനൊപ്പം തന്നെ, തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പറഞ്ഞു എന്നാണ് ധനുഷ് പറഞ്ഞത്.
അതേസമയം വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലാണ് ധനുഷും ഐശ്വര്യയും. ക്യാപ്റ്റൻ മില്ലർ അടക്കം ഒരുപിടി ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം ലാൽ സലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് ഐശ്വര്യ രജനീകാന്ത്. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ അതിഥി വേഷത്തിൽ അച്ഛൻ രജനീകാന്തും എത്തുന്നുണ്ട്.


Click it and Unblock the Notifications











