'ഞങ്ങൾ ഇതുവരെ വഴക്കിട്ടിട്ടില്ല; സൂര്യയുടെ രീതി കണ്ട് സുഹൃത്തുക്കളുടെ ഭാര്യമാർ പരാതി പറയും'; ജ്യോതിക പറഞ്ഞത്
തമിഴകത്തെ സൂപ്പർ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്‌ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡികൾ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. സ്‌ക്രീനിൽ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും പകർത്തി സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് പ്രിയ താരങ്ങൾ.
2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഇന്ന് ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളും ഇവർക്കുണ്ട്. ദാമ്പത്യ ജീവിതത്തിൽ പതിനേഴ് വർഷം പൂർത്തിയാക്കിയ ഇവർ ആരാധകരുടെ മാതൃക ദമ്പതികളാണ്. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. അഭിമുഖങ്ങളിൽ സൂര്യ ജ്യോതികയെ കുറിച്ചും ജ്യോതിക സൂര്യയെ കുറിച്ചും വാചാലരാകുന്നതും പതിവാണ്. അങ്ങനെ ഒരിക്കൽ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ജ്യോതിക സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.

അച്ഛനെന്ന നിലയിലും ഭർത്താവെന്ന നിലയിലും സൂര്യ എങ്ങനെയാണെന്ന് പറയുകയുമാണ് ജ്യോതിക. 'അച്ഛനെന്ന നിലയിൽ അദ്ദേഹം വളരെ പെർഫെക്റ്റാണ്. ഇത് ഞാൻ അഭിമുഖത്തിൽ ആയത് കൊണ്ട് വെറുതെ പറയുന്നതല്ല. ഞാൻ അടുത്തിടെ ഷൂട്ടിങ്ങിനായി 15 ദിവസം മാറി നിന്നപ്പോൾ കുട്ടികളെ നോക്കിയത് സൂര്യ ആണ്. ആദ്യമായിട്ടാണ് ഞാൻ അങ്ങനെ കുട്ടികളെ വിട്ട് മാറി നിൽക്കുന്നത്. അതിനാൽ എനിക്ക് ടെൻഷനായിരുന്നു. സൂര്യക്ക് ചെന്നൈയിൽ ആയിരുന്നു ആ സമയത്ത് ഷൂട്ടിങ്',
'ഷൂട്ടിംഗ് കഴിഞ്ഞ് അഞ്ചര ആറ് മണിയാകുമ്പോൾ സൂര്യ വീട്ടിൽ എത്തും. അത് കഴിഞ്ഞ് അവർക്ക് ഭക്ഷണം കൊടുക്കുന്നതും ഉറക്കുന്നതുമെല്ലാം സൂര്യ തന്നെ ആയിരുന്നു. മക്കളെ ആ സമയത്ത് രണ്ടു സിനിമയ്ക്ക് വരെ കൊണ്ടുപോയി എന്നാണ് പറഞ്ഞത്. അതുപോലെ കുട്ടികളുടെ ആനുവൽ ഡേ സ്പോർട്സ് ഡേ അതൊക്കെ മാർക്ക് ചെയ്ത് വെച്ച് അന്ന് ഷൂട്ടിങ് ഒഴിവാക്കി അവരോടൊപ്പം പോകും. അതുപോലെ മെയ് മാസത്തിൽ കുട്ടികൾക്ക് വെക്കേഷൻ ആയതിനാൽ ആ മാസം ഷൂട്ടിങ് വെക്കില്ല',
'കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന അവർക്ക് വേണ്ടി അങ്ങനെയെല്ലാം ചെയ്യുന്ന ഒരു പെർഫെക്റ്റ് അച്ഛനാണ്. സൂര്യ എന്നോടും മക്കളോടും പെരുമാറുന്ന രീതി കണ്ട് സുഹൃത്തുക്കളുടെ ഭാര്യമാർ പരാതി പറയാറുണ്ട്. വിശേഷ ദിവസങ്ങളൊന്നും അദ്ദേഹം മറക്കാറില്ല. അക്കാര്യത്തിലും പെർഫെക്റ്റ് ആണ്. നടൻ, അച്ഛൻ, ഭർത്താവ് എന്നിങ്ങനെ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണ്. ഇതുവരെ എനിക്ക് ഒരു പരാതിയുമില്ല. ഞങ്ങൾ ഇതുവരെ വഴക്കിട്ടിട്ട് പോലുമില്ല. പന്ത്രണ്ട് വർഷമായി, എങ്കിലും അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല', ജ്യോതിക പറഞ്ഞു.
ഇതേ അഭിമുഖത്തിൽ സൂര്യയെ വിവാഹം കഴിക്കാനുണ്ടായ കാരണത്തെ കുറിച്ചും ജ്യോതിക സംസാരിച്ചിരുന്നു. അതിന്റെ വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു. സ്ത്രീകളോട് സൂര്യ കാണിക്കുന്ന ബഹുമാനമാണ് തനിക്ക് സൂര്യയിൽ ഏറ്റവും ആകർഷകമായി തോന്നിയത് എന്നാണ് ജ്യോതിക പറഞ്ഞത്.

'ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ കുറച്ച് മാത്രമാണ് സൂര്യ എന്നോട് സംസാരിച്ചിരുന്നത്. അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വിവാഹത്തിന് മുൻപ് ഞങ്ങൾ ഏകദേശം ഏഴോളം ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചു. ഈ സിനിമകൾ ചെയ്യുമ്പോൾ മറ്റു അഭിനേതാക്കൾക്ക് സൂര്യ നൽകുന്ന ബഹുമാനം ഒരുപാട് ആകർഷിച്ചു. സ്ത്രീകളെയെല്ലാം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. നമ്മളെ വളരെയധികം കംഫർട്ടബിൾ ആക്കും. നമുക്ക് വേണ്ട സ്‌പേസ് നൽകും. അങ്ങനെയുള്ള കാര്യങ്ങളാണ് ആകർഷിച്ചത്. അതിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനമാണ്', ജ്യോതിക പറഞ്ഞു.
അതേസമയം കരിയറിൽ വീണ്ടും തിരക്കിലേക്ക് കടന്നിരിക്കുകയാണ് ജ്യോതിക. മലയാളത്തിലടക്കം പുതിയ ചിത്രങ്ങൾ ജ്യോതികയുടേതായി അണിയറയിലുണ്ട്. മലയാളത്തിൽ, മമ്മൂട്ടി നായകനാകുന്ന കാതൽ ദി കോറാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഹിന്ദിയിൽ ശ്രീ എന്ന ചിത്രമാണ് അണിയറയിൽ ഉള്ളത്. തമിഴിൽ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്.


Click it and Unblock the Notifications











