നായികയ്ക്ക് അത്ര തുണി മതി! തമന്നയ്‌ക്കെതിരെ അശ്ലീല ചുവയോടെ സംവിധായകന്‍; തുറന്നടിച്ച് നയന്‍താര
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് നടി തമന്ന. ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനില്‍ നിരവധി ഹിറ്റുകളിലെ നായികയായ തമന്നയുടെ പേര് വിവാദങ്ങളിലും ഇടം നേടിയിട്ടുണ്ട്. തമന്നയുമായി ബന്ധപ്പെട്ട വലിയൊരു വിവാദമായിരുന്നു സംവിധായകന്‍ സൂരജ് നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ സംഭവങ്ങളും.
തമന്നയേയും വിശാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ കത്തി സണ്ടൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തമന്നയ്‌ക്കെതിരെ മോശം പരാമര്‍ശവുമായി രംഗത്ത് വന്നത്. തമന്നയ്‌ക്കെതിരെ മത്രമല്ല തമിഴ് സിനിമയിലെ നായികമാരെ മൊത്തത്തില്‍ അപമാനിക്കുന്നതായിരുന്നു സൂരജിന്റെ പ്രസ്താവന.

സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ചിത്രത്തിലെ തമന്നയുടെ വേഷത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു സൂരജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ''നമ്മളുടേത് ലോ ക്ലാസ് പ്രേക്ഷകരാണ്. അവര്‍ പണം നല്‍കുന്നത് അടി കാണാനും ഗ്ലാമറസായ നായികയെ കാണാനുമാണ്. നായികയെ സാരി ചുറ്റിപ്പിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ജനങ്ങള്‍ കാശ് തന്നാണ് സിനിമ കാണുന്നത്. വെറുതെയല്ല. അവര്‍ കാശ് തരുന്നത് തമന്നയുടെ ഗ്ലാമറസ് വേഷം കാണാനാണ്. അവര്‍ക്ക് അഭിനയിക്കണമെങ്കില്‍ വേറെ തന്നെ ആകാം. പക്ഷെ വാണിജ്യ സിനിമയില്‍ അവര്‍ക്ക് ഗ്ലാമറസായേ പറ്റൂ'' എന്നാണ് സൂരജ് പറഞ്ഞത്.
താന്‍ നായികമാരുടെ കോസ്റ്റിയും ഡിസൈനര്‍മാരോട് അവരുടെ വസ്ത്രത്തിന്റെ ഇറക്കം കുറക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും സൂരജ് പറഞ്ഞു.'' ഡിസൈനര്‍ നായികയുടെ മുട്ട് വരെയുള്ള വസ്ത്രവുമായി വന്നാല്‍ ഞാന്‍ അവരോട് അത് ചെറുതാക്കാന്‍ പറയും. മാഡത്തിന് ഇഷ്ടമാകില്ലെന്ന് അവര്‍ പറഞ്ഞാലും ഞാനത് ചെയ്യാന്‍ നിര്‍ബന്ധിക്കും'' എന്നായിരുന്നു സൂരജ് പറഞ്ഞത്. സൂരജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു.
സംവിധായകന്റെ പ്രസ്താവനയ്‌ക്കെതിരെ തമന്ന തന്നെ രംഗത്തെത്തി. ''ഇത് 2016 ആണ്. ദംഗല്‍ പോലൊരു സ്ത്രീശാക്തീകരണ സിനിമ പകുതിയ്ക്കിട്ട് വന്ന് ഈ വിഷയം നേരിടേണ്ടി വരുന്നത് വിരോധാഭാസമാണ്. എന്റെ സംവിധായകന്‍ സൂരജ് നടത്തിയ പ്രസ്താവനയില്‍ എനിക്ക് വേദനിക്കുകയും ദേഷ്യം വരികയും ചെയ്തു. അദ്ദേഹം ഉടനെ തന്നെ മാപ്പ് പറയണം. എന്നോട് മാത്രമല്ല, സിനിമാരംഗത്തെ എല്ലാ സ്ത്രീകളോടും'', തമന്ന പറയുന്നു.
''ഞങ്ങള്‍ അഭിനേതാക്കളാണ്. ഞങ്ങള്‍ ഇവിടെ വന്നത് അഭിനയിക്കാനും ആളുകളെ രസിപ്പിക്കാനുമാണ്. ഞങ്ങളെ വസ്തുക്കളായി കണ്ട് ഒജ്ബക്ടിഫൈ ചെയ്യുന്നത് ഞങ്ങളിഷ്ടപ്പെടുന്നില്ല. ഞാന്‍ കഴിഞ്ഞ 11 വര്‍ഷമായി സൗത്ത് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എനിക്ക് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഇതുവരെ ധരിച്ചത്. നമ്മളുടെ രാജ്യത്തിലെ സ്ത്രീകളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് സങ്കടകരമാണ്. ഒരു വ്യക്തിയുടെ പ്രസ്താവനയുടെ പേരില്‍ ഞങ്ങളുടെ ഇന്‍ഡസ്ട്രിയെ മൊത്തമായി വിലയിരുത്തരുതെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു'' എന്നും തമന്ന പ്രസ്താവനയിലൂടെ പറഞ്ഞു.

സൂരജിന്റെ പ്രസ്താവനയക്കെതിരെ ആദ്യം രംഗത്ത് വന്നത് തെന്നിന്ത്യയുടെ സൂപ്പര്‍ നായികയായ നയന്‍താരയായിരുന്നു. എങ്ങനെയാണ് സൂരജിന് നായികമാരെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ധൈര്യം കിട്ടുന്നതെന്നായിരുന്നു നയന്‍താര ചോദിച്ചത്.
''നായിക വാണിജ്യ സിനിമയില്‍ അല്‍പവസ്ത്രം ധരിക്കുന്നത് അവര്‍ക്ക് കംഫര്‍ട്ടബിളും തിരക്കഥ ആവശ്യപ്പെടുന്നതിനാലുമാണ്. പിന്നെ നായികയെ കാണാന്‍ പണം നല്‍കുന്ന പ്രേക്ഷകരെക്കുറിച്ച് മോശമായി സംസാരിക്കാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് സാധിക്കുന്നത്? നമ്മളുടെ പ്രേക്ഷകര്‍ വളരെ പക്വതയുള്ളവരും സ്ത്രീകളെ സൂരജിനേക്കാളും ബഹുമാനിക്കുന്നവരുമാണ്'' എന്ന് നയന്‍താര തുറന്നടിച്ചു. താന്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചതും തന്റെ തിരഞ്ഞെടുപ്പായിരുന്നുവെന്നും നായികമാരെ മുഖവിലയ്‌ക്കെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും നയന്‍താര തുറന്നടിച്ചു.
പ്രതിഷേധം കനത്തപ്പോള്‍ സൂരജിന് മാപ്പ് പറയാതെ നിവര്‍ത്തിയില്ലെന്നായി. പ്രസ്താവനയിലൂടെ താന്‍ ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വേദനിപ്പിച്ചതില്‍ മാപ്പ് പറയുന്നതായും സൂരജ് അറിയിച്ചു.


Click it and Unblock the Notifications











