16കാരിയായ ശ്രീദേവിയോട് രജനിയ്ക്ക് പ്രണയം; പെണ്ണു ചോദിക്കാന്‍ വീട്ടില്‍ ചെന്നു; പക്ഷെ അന്ന് നടന്നത്
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് ശ്രീദേവി. സൗത്ത് ഇന്ത്യനായ ശ്രീദേവിയുടെ കരിയര്‍ ആരംഭിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ്. പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. മലയാളം ഉള്‍പ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്താനും മുന്‍നിര നായികയായി മാറാനും ശ്രീദേവിയ്ക്ക് സാധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന പേരൊക്കെ വരുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ നായികയായിരുന്നു ശ്രീദേവി.
തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീദേവി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ശ്രീദേവിയും ഓഫ് സ്‌ക്രീനിലും വളരെ അടുപ്പമുള്ളവരാണ്. ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ശ്രീദേവിയ്ക്ക് പ്രായം പതിമൂന്നായിരുന്നു. പിന്നീട് ഇരുവരും നിരവധി സിനിമകളില്‍ അഭിനയിച്ചു. അപൂര്‍വ്വ രാഗങ്ങള്‍, 12 വയതിനിലെ തുടങ്ങി 22 സിനിമകളിലാണ് രജനിയും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചത്.

ശ്രീദേവിയുടെ കുടുംബവുമായും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു രജനീകാന്ത്. ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പ് തന്നെ ആ കുടുംബവുമായി രജനിയ്ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധമുണ്ടെന്ന് ഒരിക്കലും ആരും പറഞ്ഞിരുന്നില്ല. പക്ഷെ സംവിധായകന്‍ കെ ബാലചന്ദര്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ രജനീകാന്തിന് ശ്രീദേവിയോട് പ്രണയം തോന്നിയിരുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു.
പതിനാറുകാരിയായ ശ്രീദേവിയെ പെണ്ണു ചോദിക്കാന്‍ രജനീകാന്ത് നടിയുടെ വീട്ടില്‍ പോയിരുന്നതായും ബാലചന്ദര്‍ പറഞ്ഞിരുന്നു. അന്ന് ശ്രീദേവിയുടെ വീട്ടില്‍ ഗൃഹപ്രവേശന്‍ ചടങ്ങ് നടക്കുന്ന ദിവസമായിരുന്നു. എന്നാല്‍ സംസാരിക്കാനായി ചെന്നപ്പോള്‍ പവര്‍ കട്ട് വന്ന് കറന്റ് പോയി. ഇതൊരു അശുഭ ലക്ഷണമായി കണ്ട് രജനീകാന്ത് താന്‍ വന്ന കാര്യം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബാലചന്ദര്‍ പറഞ്ഞത്. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതിന് പിന്നിലെ വസ്തുതയെക്കുറിച്ച് വ്യക്തതയില്ല.
ശ്രീദേവിയും രജനീകാന്തും തുടര്‍ന്നും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. രജനീകാന്തിന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ കൈ വശമുണ്ടായിരുന്നവര്‍ അന്ന് കമല്‍ഹാസനും ബാചന്ദറും ശ്രീദേവിയും മാത്രമായിരുന്നു. ഒരിക്കല്‍ രജനീകാന്ത് സര്‍ജറിയ്ക്കായി സിംഗപ്പൂരില്‍ പോയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ശ്രീദേവി വ്രതമെടുത്തതൊക്കെ ചര്‍ച്ചയായി മാറിയിട്ടുള്ള സംഭവങ്ങളാണ്.

എന്തായാലും ശ്രീദേവി പിന്നീട് ബോണി കപൂറിനെ വിവാഹം കഴിച്ചു. രണ്ട് മക്കളാണ് ശ്രീദേവിയ്ക്കും ബോണി കപൂറിനുമുള്ളത്. ജാന്‍വി കപൂറും ഖുഷി കപൂറും. ഇരുവരും അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തന്റെ മക്കള്‍ അരങ്ങേറുന്നത് കാണാന്‍ കാലം ശ്രീദേവിയെ അനുവദിച്ചില്ല. 2018 ലാണ് ശ്രീദേവി മരണപ്പെടുന്നത്. രാജ്യം നടുങ്ങിയ വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയതായിരുന്നു താരം. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം.
അതേസമയം ജയിലര്‍ ആണ് രജനീകാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാലും ശിവ രാജ്കുമാറും അതിഥി വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്. വേട്ടയാര്‍ ആണ് രജനീകാന്തിന്റെ പുതിയ സിനിമ. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications