ഭക്ഷണത്തിനായി വീടുവീടാന്തരം കയറി യാചിച്ചു നടന്ന കുട്ടിക്കാലം, 16-ാം വയസ്സിൽ വിവാഹം; ജീവിതം പറഞ്ഞ് ആന്റണി ദാസൻ
വേറിട്ട ആലാപന ശൈലികൊണ്ട് ശ്രദ്ധനേടിയ ഗായകനാണ് ആന്റണി ദാസൻ. തമിഴ് നാടൻ പാട്ട് കലാകാരനായ ആന്റണി 2013 മുതലാണ് സിനിമാ പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് തമിഴിലും മലയാളത്തിലും ആന്റണിയുടെ ശബ്ദത്തിൽ പുറത്തുവന്നത്. മലയാളികൾ ഏറ്റുപാടിയ ഗപ്പിയിലെ 'ഗബ്രിയേലിന്റെ' എന്ന് തുടങ്ങുന്ന ഗാനവും അമ്പിളി എന്ന സിനിമയിൽ 'ഞാൻ ജാക്സൺ അല്ലേടാ' എന്ന ഗാനവും ആലപിച്ചത് ആന്റണി ദാസനാണ്.

എന്നാൽ 2013ൽ പുറത്തിറങ്ങിയ സൂദ് കൂവും എന്ന സിനിമയിലെ 'കാസ് പണം' എന്ന ഗാനം ആലപിച്ചതിന് പിന്നാലെയാണ് ആന്റണിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. ഗാനം വമ്പൻ ഹിറ്റായതോടെ നിരവധി ഗാനങ്ങളാണ് ആന്റണിയെ തേടിയെത്തിയത്. തുടർന്ന് ഗപ്പിയിലൂടെ മലയാളത്തിലേക്കും എത്തുകയായിരുന്നു. അതിനിടെ ചില സിനിമകളിൽ ഗായകനായും അല്ലാതെയും ആന്റണി അഭിനയിക്കുകയും ചെയ്തു. ഇന്ന് തമിഴ് സിനിമാ സംഗീത ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് ആന്റണി ദാസന്.
തന്റെ ആദ്യ പ്രണയിനിയെ തന്നെ വിവാഹം കഴിച്ച ആന്റണി കുടുംബജീവിതത്തിലും വളരെ സന്തോഷപൂർവമാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ചെറുപ്പകാലത്തും പ്രണയകാലത്തും ആന്റണിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. ഒരിക്കൽ സിനിമ വികടന് നൽകിയ അഭിമുഖത്തിൽ താൻ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആന്റണി സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'എനിക്ക് വീട്ടിൽ ആയിരക്കണക്കിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അച്ഛനും അമ്മയും പലപ്പോഴും വഴക്കിടും. അന്ധനായ അച്ഛൻ അക്കാലത്ത് വീടുവീടാന്തരം കയറി അരിയാചിക്കുമായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം ഭക്ഷണം യാചിച്ച് പോയിട്ടുണ്ട്. ദാരിദ്ര്യം കാരണം മുരിങ്ങയില മാത്രം തിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു', ആന്റണി ദാസൻ പറഞ്ഞു.
'വിവാഹം കഴിക്കുമ്പോൾ എനിക്ക് 16 വയസ്സായിരുന്നു പ്രായം. അവൾക്ക് 15 വയസ്സ്. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ അമ്മയ്ക്കും അച്ഛനും ഞങ്ങളെ എത്രയും വേഗം കെട്ടിക്കണം എന്നായിരുന്നു. അതായിരുന്നു വിവാഹപ്രായം. അതിനപ്പുറം പോയാൽ കുടുംബത്തിന്റെ മാനം പോകും എന്നാണ് അവർ ചിന്തിച്ചിരുന്നത്',

'ചെറുപ്പത്തിൽ ഞാൻ അൽപ്പം വിചിത്രനായിരുന്നു. അതുകൊണ്ട് ആരും എന്നെ അടുപ്പിക്കില്ല. 10 വയസ്സ് വരെ എന്റെ ജീവിതം അങ്ങനെയായിരുന്നു. പ്രണയത്തിലായപ്പോൾ, ആദ്യം അവൾ എന്നെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. ഇതിൽ മനംനൊന്ത് ഞാൻ എന്റെ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിവാഹത്തിനു ശേഷം ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് വിവാഹം കഴിച്ചത് എന്ന് ചിന്തിച്ച് സ്വയം പഴിക്കാറുണ്ട്', എന്നും ആന്റണി ദാസൻ പറഞ്ഞു.
കരകാട്ടം കലാകാരിയായുടെ ആന്റണിയുടെ ഭാര്യ റീത്ത. ഇരുവരും ഒരുമിച്ചാണ് പരിപാടിക്ക് പോയിരുന്നത്. അന്നെല്ലാം ഒരുപാട് പേർ തങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടെന്ന് റീത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. പലരും തങ്ങളെ വീട്ടിൽ കയറ്റില്ലായിരുന്നു. ഇന്നും ചില വീടുകളിൽ കയറ്റില്ല. അങ്ങനെ പലവിധ കഷ്ടപ്പാടുകൾ സഹിച്ചാണ് ഞങ്ങൾ ഇവിടെ വരെ എത്തിയതെന്നും ആന്റണിയുടെ ഭാര്യ റീത്ത പറഞ്ഞു.


Click it and Unblock the Notifications











