തുടക്കത്തിലേ കൈ പൊള്ളി വിജയ്, രക്ഷകനായി വിജയകാന്ത്; കാശ് പോലും വാങ്ങാതെ ഹിറ്റാക്കി കൊടുത്തു
സൂപ്പര്‍ താരം ക്യാപ്റ്റന്‍ വിജയകാന്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. കഴിഞ്ഞ കുറേനാളുകളായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നു വിജയകാന്ത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനകീയനും നായകനുമായിരുന്നു വിജയകാന്ത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെയാണ് അദ്ദേഹം സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സോഷ്യല്‍ മീഡിയയിലെങ്ങും വിജയകാന്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കപ്പെടുകയാണ്. വിജയകാന്തിനെക്കുറിച്ചുള്ള സൂപ്പര്‍ താരം വിജയിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിജയ് തന്റെ കരിയര്‍ തുടങ്ങിയ കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിജയ് നായകനായ സെന്ധൂരപാണ്ഡിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വിജയിയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ആയിരുന്നു സിനിമയുടെ സംവിധാനം.

അന്ന് വിജയകാന്ത് തമിഴിലെ ഏറ്റവും വലിയ താരമായിരുന്നു. വിജയ് എന്ന താരത്തിന്റെ കരിയറില്‍ ആദ്യ ബ്രക്ക് നല്‍കിയ ചിത്രമായിരുന്നു സെന്ധൂരപാണ്ഡി. ബാലതാരമായിട്ടാണ് വിജയ് കരിയര്‍ ആരംഭിക്കുന്നത്. 1992 ല്‍ അച്ഛന്‍ തന്നെ സംവിധാനം ചെയ്ത നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനാകുന്നത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. വിജയിയുടെ പ്രകടനം മുതല്‍ ലുക്ക് വരെ പരിഹസിക്കപ്പെട്ടു.
ഇതോടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മകനെ അഭിനയിപ്പിക്കാന്‍ ചന്ദ്രശേഖര്‍ തീരുമാനിച്ചു. അഹ്ങനെയാണ് എസ്എസി വിജയകാന്തിനെ സമീപിക്കുന്നത്. ഇരുവരും മുമ്പും പല സിനിമകള്‍ക്കായും ഒരുമിച്ചവരായിരുന്നു. തന്റെ മകന്റെ കരിയര്‍ രക്ഷിച്ചെടുക്കാന്‍ വിജയകാന്തിന്റെ സഹായം തേടിയെത്തുകയായിരുന്നു എസ്എസി. ആ അഭ്യര്‍ത്ഥ വിജയകാന്ത് സ്വീകരിച്ചു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു വിജയ്കാന്ത് വിജയ് ചിത്രത്തില്‍ അഭിനയിച്ചത്.
'നമുക്ക് രണ്ട് തരം പ്രേക്ഷകരാണുള്ളത്. ക്ലാസും മാസും. ഒരാള്‍ നടന്‍ ആകണമെങ്കില്‍ മാസ് പ്രേക്ഷസര്‍ അയാളെ അംഗീകരിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അന്നു മുതല്‍ ഇന്നു വരെ വിജയകാന്ത് അണ്ണന്‍ മാസ് ഹീറോയാണ്. എന്റെ അച്ഛന്‍ അദ്ദേഹത്തെ വച്ചൊരു സിനിമയെടുത്തപ്പോള്‍ എന്നെ അദ്ദേഹത്തിന്റെ സഹോദരനായിട്ടാണ് കാസ്റ്റ് ചെയ്തത്. അങ്ങനെ വിജയകാന്തിനെ കാണാന്‍ വന്നവര്‍ എന്നേയും അറിഞ്ഞു. അതിന് വേണ്ടിയാണ് ആ സിനിമ ചെയ്തത്. സിനിമ വിജയമായി. ഞങ്ങള്‍ കരുതിയതൊക്കെ നേടുകയും ചെയ്തു'' എന്നാണ് വിജയ് അതേക്കുറിച്ച് പറഞ്ഞത്.

71 കാരനായ വിജയകാന്ത് കഴിഞ്ഞ കുറേനാളുകളായി അസുഖ ബാധിതനായിരുന്നു. താരത്തെ ഈയ്യടുത്ത് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ താരത്തെ ന്യുമോണിയ ബാധിതനായി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. താരത്തിന് കൊവിഡ് ബാധിച്ചതായും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു വിജയകാന്തിന്റെ മരണം സംഭവിക്കുന്നത്.
തമിഴ് സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് വിജയകാന്ത്. 1952 ല്‍ മധുരയില്‍ ജനിച്ച അദ്ദേഹം സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് കടന്നു വരുന്നത്. 1979 ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇമൈയിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴ് സിനിമയിലെ നായകസങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിയെഴുതിയ വിജയകാന്ത് പകരക്കാരനില്ലാത്തായി താരമായി വളരുകയായിരുന്നു. സ്‌ക്രീനിലെന്നത് പോലെ ജീവിതത്തിലും അദ്ദേഹം പലര്‍ക്കും രക്ഷകനായിരുന്നു.


Click it and Unblock the Notifications











