'ലോകം തന്നെ അവളെ എതിർത്ത് വന്നാലും മുന്നിൽ ഞാൻ നിൽക്കുമെന്ന് അവൾക്കറിയാം': എലിസബത്തിനെ കുറിച്ച് ബാല!
സമീപകാലത്തായി നിരന്തരം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബാല. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ രോഗത്തെ അതിജീവിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിവാദങ്ങളിലൂടെയും മറ്റും വീണ്ടും വാർത്തകളിൽ നിറയുന്നത്. യൂട്യൂബര്‍ ചെകുത്താനെ താമസ സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി എന്നതാണ് ബാലയുടെ പേരിലുള്ള പുതിയ വിവാദം.
ബാലയുടെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളിൽ ഇടം നേടാറുള്ളതാണ്. തമിഴിൽ നിന്നെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടന്റെ ആദ്യ വിവാഹവും വിവാഹമോചനവുമൊക്കെ ഇന്നും ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയമാണ്. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം രണ്ടു വർഷം മുൻപാണ് ബാല വീണ്ടും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ഉദയനാണ് ബാലയുടെ ഭാര്യ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ എലിസബത്ത് പ്രേക്ഷർക്ക് സുപരിചിതയാണ്.

തന്റെ നല്ല പാതി ആയാണ് എലിസബത്തിനെ ബാല വിശേഷിപ്പിക്കാറുള്ളത്. പരസ്‌പരം വളരെ സ്നേഹത്തോടെയാണ് ഇവർ കഴിഞ്ഞുപോകുന്നത്. ഇരുവരും ഒന്നിച്ച് എത്തുന്ന വീഡിയോകളിലെല്ലാം ഇവരുടെ സ്നേഹം കാണാൻ കഴിയും. അസുഖ ബാധിതനായ ബാലയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവിന് സഹായിച്ചതൊക്കെ എലിസബത്തിന്റെ സാമിപ്യമാണ്. അതിഗുരുതരാവസ്ഥയിൽ ബാല ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോൾ ചേട്ടൻ തിരിച്ചുവരുമെന്ന് ആത്മവിശ്വസത്തോടെ ആരാധകരെ അറിയിച്ചതും എലിസബത്താണ്.
ഇപ്പോഴിതാ ഭാര്യയെയും കൂട്ടി ആദ്യമായി ഒരു ടെലിവിഷന്‍ പരിപാടിയിലേക്ക് എത്തിയിരിക്കുകയാണ് ബാല. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് ബാലയും എലിസബത്തും ഒന്നിച്ചെത്തുന്നത്. സ്റ്റാർ മാജിക്കിലെ സ്ഥിരം അതിഥിയാണ് ബാല ഇപ്പോൾ. ജീവിതത്തിലെ ഓരോ പ്രധാന ഘട്ടം കഴിയുമ്പോഴും, അല്ലെങ്കില്‍ എന്തെങ്കിലും ഒരു വിവാദം അവസാനിക്കുമ്പോഴും ബാല സ്റ്റാര്‍ മാജിക്ക് വേദിയിൽ എത്താറുണ്ട്. ഇത്തവണ ചെകുത്താനുമായുള്ള പ്രശ്‌നങ്ങൾ കത്തി നിൽക്കുമ്പോഴാണ് നടൻ വേദിയിലേക്ക് എത്തുന്നത്.
ബാലയും എലിസബത്തും ഒന്നിച്ചെത്തുന്ന എപ്പിസോഡിന്റെ പ്രോമോ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. ബാലയുടെ ബലമായ എലിസബത്ത് എന്നു പറഞ്ഞുകൊണ്ടാണ് ഭാര്യ എലിസബത്തിനെ ഷോയിലേക്ക് ക്ഷണിക്കുന്നത്. ബാലയുടെ മാസ്റ്റര്‍ പീസ് ഡയലോഗായ 'ദിസ് ഈസ് റാങ്' എന്ന് എലിസബത്ത് നല്ല അസ്സലായി പറയുന്നത് പ്രമോയില്‍ കാണാം. അപ്പോള്‍ 'നാന്‍ എന്ന പൊട്ടനാ' എന്ന് ബാല തിരിച്ചു ചോദിക്കുകയും ചെയ്യുന്നുണ്ട്.

ഈ ലോകം തന്നെ അവളെ എതിര്‍ത്തു വന്നാലും മുന്നില്‍ അവളെ സംരക്ഷിച്ചു ഞാന്‍ നില്‍ക്കും എന്ന കാര്യം അവള്‍ക്കറിയാം എന്ന് ബാല പറയുന്നതും പ്രോമോയിൽ കാണാം. ബാലയും എലിസബത്തും ഒന്നിച്ചുള്ള പാട്ടും, ഡാൻസും, ഒപ്പം ചില രസകരമായ കാഴ്ച്ചകളും പ്രോമോയിൽ കാണിക്കുന്നുണ്ട്. നിരവധി പേർ പ്രോമോ വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. ബാലയുടെ പുതിയ ലുക്കിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകൾ വരെ കാണാം. എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അതേസമയം അടുത്തിടെ മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ എലിസബത്താണ് തന്നെ പ്രപ്പോസ് ചെയ്തതെന്ന് ബാല വെളിപ്പെടുത്തിയിരുന്നു. ഒരു ചാരിറ്റി പരിപാടിയിൽ വച്ച് കണ്ടുമുട്ടിയ ശേഷം എലിസബത്ത് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്നാണ് ബാല പറഞ്ഞു. മറ്റാരെയെങ്കിലും നോക്കൂ എന്ന് പറഞ്ഞ് താൻ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് നിങ്ങളെ തന്നെ വിവാഹം കഴിക്കണമെന്ന് എലിസബത്ത് പറഞ്ഞു. പിന്നീട് എലിസബത്തിന്റെ അച്ഛനും അമ്മയും തന്റെ വീട്ടിൽ വരുകയും രണ്ടുകൂട്ടർക്കും ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിവാഹം നടത്തുകയായിരുന്നു എന്നുമാണ് ബാല പറഞ്ഞത്.


Click it and Unblock the Notifications











