ചേട്ടന്റെ കല്യാണത്തിന്റെ പിറ്റേന്ന് ഒളിച്ചോടി, അവന്റെ ആദ്യരാത്രി വരെ പാളി; ഒളിച്ചോട്ടക്കഥ പറഞ്ഞ് സാജു നവോദയ
മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി ശ്രദ്ധേയനായ നടനാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒക്കെ സജീവമായ സാജു നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയിലും മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട് താരം.
ബിഗ് ബോസ് ഷോയിലൂടെയാണ് വെച്ചാണ് സാജുവിന്റെ വ്യക്തി ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ഭാര്യ രശ്മിയുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ചെല്ലാം സാജു പലവേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയിൽ തന്റെ ഒളിച്ചോട്ട കഥ പറഞ്ഞിരിക്കുകയാണ് സാജു.

ഭാര്യ രഷ്മിക്കൊപ്പം പങ്കെടുക്കുന്ന പരിപാടിയിൽ തന്റെ പ്രണയകഥ പറയുന്നതിനിടെയാണ് ഒളിച്ചോട്ടക്കഥയും താരം പങ്കുവച്ചത്. നടൻ ദിലീപ്, സംവിധായകനും നടനുമായ ജോണി ആന്റണി, നടി നിത്യ ദാസ് എന്നിവർക്ക് മുന്നിലാണ് സാജു നവോദയ തന്റെ സ്വതസിദ്ധമായ ശൈലിയിൽ രസകരമായ ഒളിച്ചോട്ടക്കഥ പറഞ്ഞത്.
'ഏകദേശം മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ ഒളിച്ചോടിയത്. അവൾ എന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസിക്കൽ ഡാൻസ് ടീച്ചറായിരുന്നു. മൂന്ന് മാസം ആണെങ്കിലും ഞങ്ങൾ ആകെ കണ്ടിരുന്നത് എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമായിരുന്നു, എന്നിട്ടും ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു,'

'ഒരു ദിവസം ഡാൻസ് സ്‌കൂളിലെ മൂന്ന് നാല് പിള്ളേരുമായി ഞാൻ ഇവളുടെ വീട്ടിൽ പോയി. അമ്മയെ കണ്ടു. എനിക്ക് രശ്‌മിയെ ഇഷ്ടമാണ് വിവാഹം കഴിച്ചു തരണം എന്ന് പറഞ്ഞു. അന്ന് എന്റെ കോലം കാണണമായിരുന്നു. വേരിനിടയിൽ വെച്ച് വലിച്ച പോലെയിരിക്കും. ഇത് പറഞ്ഞ ഉടനെ അമ്മ ഓടിച്ചു. ചൂലുംകെട്ട് എടുക്കുമെന്ന് പറഞ്ഞു. ഞാൻ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ നടക്കട്ടെ. ഇനി പുറകെ നടക്കില്ല എന്ന് വാക്ക് നൽകി പോന്നു,'
എന്നാൽ, ചേട്ടന്റെ കല്യാണം കഴിഞ്ഞ് അടുത്ത ദിവസം ഞങ്ങൾ ഒളിച്ചോടി. വീട് വിട്ടിറങ്ങിയ ഓട്ടോയിൽ കേറിയ ഞങ്ങളെ ആ ചേട്ടനും സഹായിച്ചു. സുരക്ഷിതമായി പറഞ്ഞ സ്ഥലത്ത് കൊണ്ട് ഇറക്കി പൈസ പോലും വാങ്ങാതെ അനുഗ്രഹിച്ചു വിട്ടു. ആ ചേട്ടനെ പിന്നെ കണ്ടിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞു രജിസ്റ്റർ വിവാഹം കഴിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ശരിക്കും കല്യാണവും കഴിച്ചു,'

'കല്യാണം കഴിഞ്ഞ അടുത്ത ദിവസം മുതൽ ചേട്ടനാണ് എല്ലാ കാര്യത്തിനും ഓടിയത്. രജിസ്റ്റർ മാര്യേജ്ന് അടക്കം ചേട്ടൻ ഓടി നടക്കുകയായിരുന്നു. അവന്റെ കല്യാണവും ഫസ്റ്റ് നൈറ്റും വരെ പൊളിഞ്ഞു,' പാഷാണം ഷാജി പറഞ്ഞു.
ദമ്പതികൾക്ക് സർപ്രൈസായി ചേട്ടനും ചേട്ടത്തിയും ഷോയിൽ എത്തിയിരുന്നു. അനിയൻ ഒപ്പിച്ച പണി കാരണം താൻ അനുഭവിക്കേണ്ടി വന്ന ടെൻഷനെ കുറിച്ച് സാജുവിന്റെ ചേട്ടനായ സുരേഷ് വിവരിച്ചു. ആനന്ദ കണ്ണിരോടെയാണ് സാജുവിന്റെ ഭാര്യ രശ്‌മി ചേട്ടനെയും ചേടത്തിയെയും സ്വീകരിച്ചത്. ഈ കഥ നിനക്കു സിനിമ ആക്കിക്കൂടെ എന്നായിരുന്നു ജോണി ആന്റണി പാഷാണം ഷാജിയോട് ചോദിച്ചത്. താരത്തിന്റെ ഒളിച്ചോട്ട കഥ ഇപ്പോൾ വൈറലാണ്.


Click it and Unblock the Notifications











