അവർ ഈ സന്തോഷരഹസ്യം ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന് അന്ന് അറിഞ്ഞില്ല; ജിപിയെയും ഗോപികയെയും കുറിച്ച് ശരത്
അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു സർപ്രൈസായിരുന്നു ഈ വാർത്ത. യാതൊരു സൂചനകളും നൽകാതെ പെട്ടെന്ന് ഒരു ദിവസം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷവാർത്ത അറിയിക്കുകയായിരുന്നു ഇരുവരും. രണ്ടുപേരും ഒരു മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദൈവം ചേർത്തുവെച്ച രണ്ടുപേർ എന്നായിരുന്നു ഇവരുടെ എൻഗേജ്‌മെന്റ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചത്.
സിനിമയിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ഗോപിക, ജനപ്രീയ പരമ്പരയായ സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അവതാരകനായെത്തിയാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പിന്നീട് മലയാളത്തിലും തെലുങ്കിലുമൊക്കെയായി ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങാനും ജിപിക്ക് സാധിച്ചിരുന്നു.

ആരാധകരെ സംബന്ധിച്ച് മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയിരുന്നു അടുത്തകാലം വരെ ജിപി. എന്നാണ് വിവാഹമെന്ന ചോദ്യം ജിപി കാലങ്ങളായി നേരിടുന്ന ഒന്നായിരുന്നു. നടൻ പ്രണയത്തിലാണോയെന്ന ചർച്ചകളും സജീവമായിരുന്നു. അതിനിടെയാണ് ഗോപികയെ താൻ ജീവിത സഖിയാക്കുന്നു എന്നറിയിച്ച് ജിപി എത്തിയത്. ഈ സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ സിനിമാ-സീരിയൽ മേഖലയിൽ നിന്നുള്ള നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്.
ഇവരുടെ സർപ്രൈസ് പ്രഖ്യാപനത്തിലുള്ള ഞെട്ടലും പലരും പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ജിപിക്കും ഗോപികയ്‌ക്കും ആശംസകൾ അറിയിച്ച് നടൻ ശരത് ദാസ് പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. അൽപം വൈകിയുള്ള പോസ്റ്റാണെങ്കിലും ഇരുവരുടെയും പ്രഖ്യാപനത്തിൽ താൻ സർപ്രൈസ്ഡ് ആയത് ശരത്തിന്റെ വാക്കുകളിലുണ്ട്.
"പ്രിയ ജി പി & ഗോപിക. അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോൾ, എനിക്കും അറിയില്ലായിരുന്നു, നിങ്ങൾ രണ്ടുപേരും ഈ 'സന്തോഷരഹസ്യം' ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന്. ഹാപ്പി ഫോര്‍ ബോത്ത് ഓഫ് യൂ" എന്നായിരുന്നു ശരത് ജിപിയേയും ഗോപികയേയും കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. അവര്‍ എല്ലാവരെയും ഞെട്ടിച്ചു, അതല്ലേ അവര്‍ക്ക് നല്ല പോലെ അഭിനയിക്കാന്‍ അറിയാമെന്ന് പറയുന്നത്. ഈ സന്തോഷം എന്നും അവരുടെ ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ.
അതേ സമയം വിവാഹനിശ്ചയത്തിന്റെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള ജിപിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരമായി കണ്ടുമുട്ടിയ ഞങ്ങളുടെ ബന്ധം സമയമെടുത്താണ് പൂവിട്ടത്. എന്നും ഞങ്ങളെ ഒരു കുടുംബത്തെ പോലെ കരുതി ചേര്‍ത്തുപിടിച്ചവരാണ് നിങ്ങള്‍. ഇനിയങ്ങോട്ടുള്ള ജീവിതത്തിലും നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഞങ്ങളോടൊപ്പമുണ്ടാവണം എന്നാണ് ജിപി കുറിച്ചത്. അതിനുശേഷം പങ്കുവെച്ച ഇവരുടെ വിവാഹത്തിലേക്ക് എത്തിയ കഥയും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ സംസാരിച്ചത്. മുൻപേ ജിപി ചേട്ടന്റെ വലിയൊരു ഫാനായിരുന്നു താനെന്നായിരുന്നു ഗോപിക പറഞ്ഞത്. ഡിഫോര്‍ ഡാന്‍സ് അവതാരകനായിരുന്ന സമയം മുതലേ ജിപി ചേട്ടന്റെയും പേളി ചേച്ചിയുടെയും ഫാനായിരുന്നു. രണ്ടാളെയും കാണണമെന്നും പരിചയപ്പെടണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു. ചേട്ടന്റെ അച്ഛനും എന്റെ അച്ഛനുമിടയിലൊരു കോമണ്‍ ഫ്രണ്ടുണ്ടായിരുന്നു. അവരുടെ മകളുടെ കല്യാണത്തിനായിരുന്നു ആദ്യമായി ചേട്ടനെ കണ്ടത്.
പിന്നീട് ആ ബന്ധുക്കളുടെ നിർദേശപ്രകാരം ഇരുവരും കണ്ടുമുട്ടുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. എന്നാൽ കണ്ടുമുട്ടി വിവാഹമെന്ന തീരുമാനത്തിലേക്ക് എത്താൻ ഗോപികയ്ക്ക് ഒരുപാട് സമയമെടുത്തിരുന്നുവെന്നും ജിപി പറഞ്ഞിരുന്നു. ഗോപികയുടെ കൺഫ്യുഷനുകൾ തന്നെയും ബാധിക്കാൻ തുടങ്ങിയപ്പോൾ ഈ വിവാഹം വേണ്ടെന്ന ചിന്തയിലേക്ക് എത്തി. വിവാഹത്തിൽ നിന്നും പിന്മാറാൻ താൻ ഒരുങ്ങിയപ്പോഴേക്കും ഗോപിക തീരുമാനം എടുത്തിരുന്നു. തന്റെയും മനസ് മാറ്റി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് ജിപി വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications