നാല് തവണ അബോർഷനായി, എന്റെ കുഴപ്പമാണ്; ഡിപ്രഷനിലൂടെ കടന്നുപോയ നാളുകളാണത്; അശ്വതി കിഷോർ പറയുന്നു
ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അശ്വതി ചന്ദ് കിഷോർ. അശ്വതി എന്ന പേരിനേക്കാൾ ചന്ദ്രി എന്ന പേരിലാകും അശ്വതിയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. നടൻ അനീഷ് സാരഥിക്കൊപ്പം അവതരിപ്പിക്കുന്ന അശ്വതിയുടെ ചന്ദ്രി സുനി കോംബോ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ അത്രയും വലിയ ഹിറ്റാണ്. വളരെ പെട്ടെന്നാണ് ഇരുവരും ജനപ്രീതി നേടിയത്.
സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണെങ്കിലും അശ്വതിയുടെ ജീവിതം അത്ര സന്തോഷം നിറഞ്ഞതല്ല. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ സങ്കടത്തിലാണ് അശ്വതി. ഇപ്പോഴിതാ അതേകുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. നടി സരിത ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്റെ കരിയറിനെ കുറിച്ചും അശ്വതി സംസാരിച്ചു.

'പ്ലസ്‌ടുവിനു പഠിക്കുമ്പോഴാണ് ഞാൻ അഭിനയരംഗത്തേക്ക് എത്തുന്നത്. സഹോദരിയുടെ സുഹൃത്തും നടിയുമായ വീണ നായർ മുഖേനയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ശ്യാമാംബരം ആയിരുന്നു ആദ്യ പരമ്പര. വീണ ചേച്ചിയുടെ അനുജത്തിയുടെ വേഷം ചെയ്യാനായിട്ടാണ് ഞാൻ എത്തിയത്. അതായിരുന്നു തുടക്കം,' അശ്വതി പറയുന്നു.
അഭിനയത്തിലേക്ക് എത്തണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ നല്ലൊരു ഡാൻസറാകണം എന്നുണ്ടായിരുന്നു. കുഞ്ഞായിരുന്നപ്പോൾ തന്നെ സിനിമ നടിയാകുമെന്ന് ഞാൻ പറയാറുണ്ടായിരുന്നുവെന്ന് അമ്മ പറയാറുണ്ടെന്നും നടി പറഞ്ഞു. ആളുകളെ ചിരിപ്പിക്കാൻ പറ്റുന്നത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും അശ്വതി പറഞ്ഞു. തുടർന്നാണ് കുഞ്ഞുങ്ങൾ ഇല്ലാത്തതിനെ കുറിച്ച് സംസാരിച്ചത്.
വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായല്ലോ, പിന്നെ എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് വെച്ചത് എന്ന രീതിയിൽ ആരാധകർ ചോദിക്കുന്നുണ്ടല്ലോ എന്ന് സരിത ചൂണ്ടിക്കാണിച്ചപ്പോഴാണ് അശ്വതി മനസുതുറന്നത്. നടിയായത് കൊണ്ട് കുട്ടികൾ വേണ്ടെന്ന് വെച്ചതൊന്നുമല്ലെന്ന് നടി വ്യക്തമാക്കി. 'എനിക്ക് ഇക്കാര്യം തുറന്നു പറയാൻ യാതൊരു മടിയുമില്ല. ഈ ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്. കമന്റുകൾ ഞാൻ കാണാറുണ്ട്. എന്നെ പറ്റി കൃത്യമായി അറിയുന്ന ആളുകളാണ് ഈ കമന്റുകൾ ഇടുന്നതെന്ന് എനിക്കറിയാം,'
'കാരണം പുറത്തുനിന്നുള്ള ഒരാൾക്ക് എനിക്ക് കുട്ടികളുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ. അവരുടെ ഉള്ളിലുള്ള ചോദ്യമാണ് കമന്റായി ഇടുന്നത്. എന്റെ ബന്ധുക്കൾ ഒരുപാട് പേർ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എല്ലാവരും സെലിബ്രിറ്റികൾ ആയതുകൊണ്ട് ഹാപ്പി ആണെന്ന് വിചാരിക്കരുത്,' അശ്വതി പറയുന്നു.

'എനിക്ക് കുട്ടികളില്ല. എന്റെ കുഴപ്പം കൊണ്ടാണ് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്. എനിക്ക് ചില ഹോർമോണൽ പ്രശ്നങ്ങളുണ്ട്. തൈറോയിഡും, പിസിഒഡിയുമൊക്കെ ഉള്ളവർക്ക് കാര്യം മനസിലാകും. അത് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ചില പ്രശ്നങ്ങളാണ്. ഇതും നമ്മുടെ ജീവിതത്തിലെ ഒരു ഘട്ടം ആണ്. വിവാഹം കഴിക്കുകയും കുഞ്ഞുണ്ടാകുന്നതുമൊക്കെ ജീവിതത്തിലെ ഒരു ഫേസാണ്. എന്നാൽ എനിക്ക് അത് ഉണ്ടായിട്ടില്ല,'
'ഞാൻ അതിനായി ട്രീറ്റ്‌മെന്റുകൾ എടുക്കുന്നുണ്ട്, അതിന്റെ ഭാഗമായ പ്രശ്നങ്ങളും എനിക്കുണ്ട്. അതിനാൽ കുറച്ചു കാലമായി ചികിത്സ എടുക്കുന്നില്ല. എനിക്ക് തവണ അബോർഷൻ ആയതാണ്. കുട്ടിക്ക് വളർച്ച ഇല്ലാത്തതുകൊണ്ടും, ഹാർട്ട് ബീറ്റ് വരാത്തതുകൊണ്ടുമാണ് ഈ നാല് അബോർഷൻസ് സംഭവിച്ചത്. ആ സമയത്തൊക്കെ ഡിപ്രഷനിലൂടെയാണ് കടന്നുപോയത്. അപ്പോഴൊക്കെ എന്റെ കുടുംബവും ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവുമൊക്കെയാണ് എനിക്ക് പിന്തുണ നൽകിയത്,' അശ്വതി കിഷോർ പറഞ്ഞു.


Click it and Unblock the Notifications











