ആക്സിലേറ്റർ കൂട്ടിക്കൊടുക്കുന്ന കാര്യമേ ചേട്ടൻ പറഞ്ഞുള്ളൂ, വിടുന്നത് പറഞ്ഞില്ല; അപകടത്തെ കുറിച്ച് മേഘ്‌ന!
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി മേഘ്‌ന വിന്‍സെന്റ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മേഘ്‌ന. മലയാളത്തിലും തമിഴിലുമെല്ലാം മേഘ്‌ന ഒരുപോലെ തിളങ്ങിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന മലയാളികൾക്ക് വീട്ടിലെ ഒരു അംഗത്തെ പോലെ പ്രിയങ്കരിയായി മാറുന്നത്. ഇപ്പോൾ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് മേഘ്ന. പരമ്പരയിൽ ജ്യോതി എന്ന നായിക കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിച്ചത്.
അടുത്തിടെ സീരിയലിന്റെ ഷൂട്ട് പൂർത്തിയായ വിവരം മേഘ്‌ന ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മിസിസ് ഹിറ്റ്‌ലർ സീരിയലിന്റെ ലൊക്കേഷനിൽ നടന്ന ഒരു അപകടത്തെ കുറിച്ച് മേഘ്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയലിലെ ഒരു രംഗത്തിനു വേണ്ടി വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞതിനെ കുറിച്ചാണ് മേഘ്ന പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത കൂട്ടത്തിലാണ് ഞാൻ. വീട്ടിൽ സൈക്കിൾ വാങ്ങി തന്നിട്ടുണ്ടെങ്കിലും അതിനു സൈഡിൽ ബാലൻസ് ചെയ്യാനുള്ള എക്സ്ട്രാ വീലു വച്ചാണ് ഞാൻ ഓടിച്ചിരുന്നത്. എന്നെ സീരിയലിലേക്ക് വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്ന്. അതു സാരമില്ല, നമുക്കു പഠിച്ചെടുക്കാമെന്നായി അവർ. ഞാൻ ഒന്നുകൂടെ സംഭവമൊക്കെ പഠിച്ചിട്ടാണ് ലൊക്കേഷനിലേക്ക് ചെന്നത്,' മേഘ്ന പറയുന്നു.
'ഒരു കയറ്റത്തിലേക്കാണ് വണ്ടി കയറേണ്ടിയിരുന്നത്. അത് എനിക്ക് അൽപ്പം പ്രയാസമായപ്പോൾ, അസോസിയേറ്റ് ഡയറക്ടർ ചേട്ടൻ വന്നിട്ടു പറഞ്ഞു, മേഘ്ന ഒന്ന് ആക്സിലേറ്റർ കൂട്ടി കൊടുത്താൽ മതി, അതു കയറികൊള്ളും എന്ന്. ആക്സിലേറ്റർ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, ഞാനും അതു വിട്ടുപോയി. അങ്ങ് വെച്ചുകൊടുത്തു, സംഭവം അങ്ങു മുന്നോട്ടു ആഞ്ഞു'
'എന്റെ മിസ്റ്റേക്ക് കൊണ്ട് ആളുകൾക്ക് ഒന്നും പറ്റരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു. സൈഡിലൂടെയൊക്കെ ആളുകൾ പോവുന്നുണ്ട്. അതുകൊണ്ട് സൈഡിലേക്കൊന്നും വെട്ടിക്കാതെ ഞാൻ നേരെ തന്നെ വിട്ടു. നേരെ മുന്നിൽ ജിബ്ബായിരുന്നു. ഞാനതിലേക്കാണ് വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടൻ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കി.
കമ്പിയിലിടിച്ച് ഞാൻ തെറിച്ചുവീണു. കയ്യ് മുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്റ്റിച്ചിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുവന്നു ഷൂട്ട് തുടർന്നു,' മേഘ്ന ഓർമിച്ചു.

സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് മേഘ്ന വിൻസെന്റ്. സ്വന്തമായൊരു യൂട്യൂബ് ചാനലും മേഘ്നയ്ക്കുണ്ട്. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ മേഘ്ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എറണാകുളത്ത് സ്വന്തമായി വീട് വാങ്ങിയത് ഉൾപ്പടെയുള്ള സന്തോഷങ്ങൾ മേഘ്‌ന ആരാധകരെ അറിയിച്ചത് തന്റെ യുട്യൂബ് ചാനലിലൂടെയാണ്. മറ്റു താരങ്ങളെ പോലെ കോവിഡ് സമയത്താണ് മേഘ്നയും യൂട്യൂബിൽ സജീവമായത്. നിരവധി ആരാധകരാണ് മേഘ്‌നയുടെ വീഡിയോകൾക്ക് ഉള്ളത്.


Click it and Unblock the Notifications











