അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അടുത്ത സിനിമയിലും അവസരം; എനിക്ക് അയാളുടെ മോളുടെ മോളുടെ പ്രായമില്ല
അഭിനയ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാനായി കഴുകന്‍ കണ്ണുകളോടെ കാത്തിരിക്കുന്നവുണ്ട്. സിനിമയുടേയും സീരിയലിന്റേയും ലോകത്തെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറച്ചിലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ തന്റെ അനുഭവം പങ്കിടുകയാണ് നടി നാസില നസറുദ്ദീന്‍. അനിയത്തിപ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില താരമാകുന്നത്. ആ വാക്കുകളിലേക്ക്.
സീരിയലില്‍ പോയപ്പോള്‍ അങ്ങനൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. പക്ഷെ സിനിമയില്‍ നിന്നും ഓഫറുകള്‍ വരാറുണ്ട്. ആദ്യം വിളിച്ച് സെലക്ട് ആയെന്ന് പറയും. സ്റ്റോറി ലൈനൊക്കെ പറഞ്ഞു തരും. പിന്നീട് സംവിധായകനോ നിര്‍മ്മാതാവോ വിളിച്ചിട്ട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിക്കും. എങ്കില്‍ ഈ കഥാപാത്രത്തെ ബൂസ്റ്റ് ചെയ്യാമെന്നൊക്കെ പറയുമെന്നാണ് നാസില പറയുന്നത്.

നിര്‍മ്മാതാവ് തന്നെ വിളിച്ചൊരു അനുഭവമുണ്ടായിട്ടുണ്ട്. നിര്‍മ്മാതാവുമായി അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അയാളുടെ അടുത്ത സിനിമയിലും അവസരം തരാം എന്ന്. എനിക്ക് വേണ്ട എന്റെ പൊന്ന് ചേട്ടാന്ന് ഞാന്‍ പറഞ്ഞു. പിന്നൊരിക്കല്‍ കാസ്റ്റിംഗ് കോള്‍ കണ്ട് ഞാന്‍ അയച്ചിരുന്നു. അതിന് ശേഷം അവര്‍ വിളിച്ചു അഡ്ജസ്റ്റ്‌മെന്റിന് റെഡിയാണോന്ന് ചോദിച്ചുവെന്നും താരം പറയുന്നു.
ഞാന്‍ അപ്പോള്‍ എന്തോ ഒരു മൂഡിലിരിക്കുകയായിരുന്നു. ഞാന്‍ അയാളോട് ചേട്ടന്‍ റെഡിയാണോ ഞാന്‍ വര്‍ക്കുള്ളപ്പോള്‍ വിളിക്കാമെന്ന് പറഞ്ഞു. ആ പോയ പോക്കാണ് അയാള്‍. ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നവരൊക്കെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുള്ള, ഒരുപാട് പേരെ കൊണ്ടു വന്നവരാണ്. ഇവരുടെ ഭാഗത്തു നിന്നും ഇങ്ങനൊക്കെ ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലെന്നും നാസില പറയുന്നു.
അങ്ങനെയുള്ള സംവിധായകരില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും എനിക്ക് ഒരുപാട് അനുഭവമുണ്ടായിട്ടുണ്ട്. ഇങ്ങോട്ട് വിളിച്ചാണ് ചോദിക്കാറുള്ളത്. അതോടെ ഞാന്‍ കാസ്റ്റിംഗ് കോള്‍ കണ്ട് അയക്കുന്നത് നിര്‍ത്തി. നമുക്ക് വിധിച്ചിട്ടുള്ളതാണെങ്കില്‍ ഇങ്ങോട്ട് വരുമെന്നാണ് നാസില പറയുന്നത്.
ആദ്യമൊക്കെ എനിക്ക് വിഷമം തോന്നുമായിരുന്നു. ഇവരെന്താണ് ഇതുപോലെ പറയുന്നത്! എല്ലാം നിര്‍ത്തണം എന്ന തോന്നല്‍ വന്നിട്ടുണ്ട്. പക്ഷെ നമ്മുടെ കഴിവ് അങ്ങനെയൊന്നും പോകുന്ന ഒന്നല്ലല്ലോ. നമുക്ക് കഴിവുണ്ടെങ്കില്‍ എന്നെങ്കിലും നമ്മള്‍ ഒരിടത്ത് എത്തിച്ചേരുമെന്ന് ചിന്തിച്ചു. അതുകൊണ്ട് ഞാന്‍ അതൊന്നും ഗൗനിക്കാത്തതായി. അങ്ങനെയുള്ളത് വേണ്ട, നല്ല രീതിയില്‍ വരുന്നത് എടുക്കാമെന്ന് തീരുമാനിച്ചെന്നും നാസില പറയുന്നു.

കൂടെ അഭിനയിച്ചവരില്‍ പ്രൊപ്പോസ് ചെയ്തിട്ടുള്ളവരുണ്ട്. പക്ഷെ മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ടെക്‌നീഷ്യന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. ഷൂട്ടെല്ലാം കഴിഞ്ഞ് പോയി രാത്രി അയാള്‍ മെസേജ് അയക്കും. ആ ചേട്ടന്റെ മോള്‍ടെ മോള്‍ടെ പ്രായമേ ഉള്ളൂ എനിക്ക്. യു ആര്‍ കൂട്ട്, യു ലുക്ക് ബ്യൂട്ടിഫുള്‍ എന്നൊക്കെ. അതും ഫുള്‍ സ്‌പെല്ലിംഗ് മിസ്റ്റേക്. ഇയാള്‍ക്ക് എപ്പോഴാണ് ഇതിനൊക്കെ സമയം എന്ന് ഞാന്‍ ചിന്തിക്കാറുള്ളതെന്നും താരം പറയുന്നു.
ഒരു ദിവസമായി, രണ്ട് ദിവസമായി, സഹിക്കാന്‍ പറ്റാതായി. ഒരു ഫോട്ടോ അയച്ചു തരുമോ? ഇപ്പോള്‍ നില്‍ക്കുന്ന കോലത്തില്‍ അയച്ചു തരുമോ കാണാനാണ് എന്നൊക്കെ മെസേജ് അയക്കും. ഞാനിത് സംവിധായകനെ കാണിച്ചു. അയാളെ അടുത്ത ഷെഡ്യൂളില്‍ മാറ്റിയിരുന്നുവെന്നും നാസില പറയുന്നു.


Click it and Unblock the Notifications