നായികയ്ക്കുള്ള ബോഡി ഇല്ലെന്ന് പറഞ്ഞു, വണ്ണം ഉള്ള നീരജ! അച്ഛന്‍ മദ്യപനായ കുട്ടിക്കാലം: നീരജ
തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി നീരജ. പട്ടുസാരി ഉള്‍പ്പടെ മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സീരിയലുകളില്‍ അഭിനയിച്ച് താരമായി മാറിയ നടിയാണ് നീരജ. സ്‌കൂള്‍ കാലം മുതല്‍ സീരിയിലേക്ക് എത്തിയ ശേഷം വരെ താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് നീരജ.
ജോഷ് ടോക്കിലൂടെയാണ് നീരജ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

അച്ഛന്‍ മദ്യപിക്കുമായിരുന്നു. വീട്ടിലൊരു മദ്യപിക്കുന്നയാളുണ്ടെങ്കില്‍ അവിടുത്തെ അന്തരീക്ഷം എത്രമാത്രം കലുഷിതമായിരിക്കും എന്ന് ചിന്തിക്കാം. അച്ഛനും അമ്മയും പ്രണയ വിവാഹമായിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കുന്ന അവസ്ഥയായി അച്ഛന്‍. അത് ബുദ്ധിമുട്ടായി. അമ്മയ്ക്ക് വീട്ടുകാരെ പിന്തുണ ഉണ്ടായിരുന്നില്ല. ഞങ്ങളും ഉണ്ട്. ചിലപ്പോള്‍ ബാറില്‍ നിന്നും വിളിച്ച് അച്ഛനെ വന്ന് കൂട്ടി കൊണ്ടു പോകാന്‍ പറയും.
അമ്മയുടെ വില്‍ പവര്‍ പറയേണ്ടതാണ്. അച്ഛനെ ആ അവസ്ഥയില്‍ നിന്നൊക്കെ മാറ്റിക്കൊണ്ടു വന്നത് അമ്മയാണ്. അച്ഛനെ ഡിഅഡിക്ഷന്‍ സെന്ററില്‍ കൊണ്ടു പോകേണ്ടി വന്നു. പിന്നെ അച്ഛന് തന്നെ കാര്യ ഗൗരവം മനസിലായി. കുടുംബം പിരിയേണ്ടി വരുമെന്ന് ചിന്തിച്ചു. അങ്ങനെ മാറ്റമുണ്ടായി. ഇപ്പോള്‍ നന്നായി പോകുന്നുണ്ട്. പക്ഷെ മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കാലഘട്ടം ചെറിയ വിഷമമായിരുന്നില്ല. ജോലിയായിരുന്നു അമ്മയുടെ ഏക ബലം. അതില്‍ നിന്നാണ് ഞങ്ങള്‍ രണ്ടു പേരേയും നോക്കിയത്. എന്റെ റോള്‍ മോഡല്‍ അമ്മയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്ത് കഴിച്ചാലും പെട്ടെന്ന് വണ്ണം വെക്കുന്ന ശരീര പ്രകൃതിയാണ് എന്റേത് എന്ന് മനസിലാകുന്നത്. കുട്ടിയതു കൊണ്ട് തന്നെ എന്ത് കിട്ടിയാലും കഴിക്കും. കൂട്ടുകാരൊക്കെ പറയുന്നത് തന്നെ ഫൈവ് സിയിലെ വണ്ണമുള്ള നീരജ എന്നായി തുടങ്ങി. അത് ചെറിയ വിഷമമായി. നമ്മളെ അവര്‍ തിരിച്ചറിയുന്നത് തന്നെ അങ്ങനെയാണല്ലോ, വണ്ണമുണ്ടെങ്കില്‍ ഒന്നിനും കൊള്ളില്ല എന്ന ചിന്താഗതിയായി.
വീട്ടില്‍ വരുന്ന ബന്ധുക്കള്‍ കണ്ട പാടെ പറയുക, കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ വണ്ണം വച്ചല്ലോ എന്നാകും. എന്നാല്‍ ഈ സമയത്തും പാട്ടും ഡാന്‍സുമൊക്കെയായി കഴിവ് ഒരു വശത്തു കൂടെ കൊണ്ടു പോകുന്നുണ്ടായിരുന്നു. പക്ഷെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായത്തിലാണ് നമ്മളുടെ ആത്മവിശ്വാസമിരിക്കുന്നത്.
പ്ലസ് വണ്‍-പ്ലസ് ടു എത്തിയപ്പോള്‍ എന്റെ ക്ലാസിലെ പെണ്‍കുട്ടികളൊക്കെ മെലിഞ്ഞിരിക്കുന്നു. എല്ലാവരും അവരോടാണ് ചങ്ങാത്തം കൂടാന്‍ പോകുന്നത്. അഥവാ ഏതെങ്കിലും ആണ്‍കുട്ടി എന്റെ അടുത്ത് വന്നിരുന്നാലും ഞാന്‍ കല്ലു പോലെ ഇരിക്കും. അത്രയും നെഗറ്റീവായിരുന്ന കാഴ്ചപ്പാടായിരുന്നു. ഡിഗ്രി സമയത്ത് വിജെ ആയിട്ടാണ് കരിയര്‍ തുടങ്ങുന്നത്. കഴിവിനെ ഇംപ്രൂവ് ചെയ്യുണ്ടെങ്കിലും ബോഡിയില്‍ ഒട്ടും കോണ്‍ഫിഡന്റ് അല്ല.
പട്ടുസാരിയാണ് ആദ്യ സീരിയല്‍. സെറ്റില്‍ ചെല്ലുമ്പോള്‍ ഇപ്പോള്‍ നീ വണ്ണമാണെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നൊക്കെ ആളുകള്‍ കമന്റ് പറയുന്നുണ്ട്. പുറമെ ചിരിക്കുമെങ്കിലും എവിടെ പോയാലും ഇത് തന്നെയാണല്ലോ കേള്‍ക്കുന്നത് എന്ന് ചിന്തിക്കും. 2015-16 കാലത്ത് എനിക്ക് സ്‌പെഷ്യല്‍ ആയൊരു വ്യക്തിയുണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ നിന്നെ കാണാന്‍ പെര്‍ഫെക്ട് അല്ലെന്ന് പറഞ്ഞു. വണ്ണമായിരുന്നു കാരണം.

ചിലപ്പോള്‍ ആ സൗഹൃദം അവസാനിപ്പിക്കാന്‍ പറഞ്ഞതാകും. പക്ഷെ എന്നെയത് സാരമായി ബാധിച്ചു. പക്ഷെ ഞാന്‍ അവരെ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ചില്ല. എന്റെ അവസ്ഥയില്‍ സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ പോട്ടെ എന്ന് കരുതി. പിന്നീട് തമിഴില്‍ അവസരങ്ങള്‍ കിട്ടി. അവിടെ ചെല്ലുമ്പോഴും നീരജ വണ്ണം കുറയ്ക്കണം അല്ലെങ്കില്‍ ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം ആളുകള്‍ ഇങ്ങനെ പറയുന്നുവെന്നായി.
പിന്നെ മാറ്റം വരുത്തി നോക്കാം എന്ന് കരുതി. 2019 ആയപ്പോള്‍ ഫിറ്റ്‌നെസ് സെന്ററില്‍ പോയി. വണ്ണം കുറഞ്ഞു. ഞാന്‍ മൊത്തത്തില്‍ മാറി. പിന്നെ ആളുകള്‍ പറയുന്നത് ഒരുപാട് ക്ഷീണിച്ചല്ലോ, ഇങ്ങനെ മെലിഞ്ഞാല്‍ ഭംഗിയുണ്ടാകില്ല എന്നായി. ഞാന്‍ മനസിലാക്കുന്നത്, ആളുകള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ അവരുടെ കമന്റിനെ അടിസ്ഥാനമാക്കി ആത്മവിശ്വാസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ മുന്നോട്ട് പോകാനാകില്ല എന്നാണ്. പിന്നീട് ജീവിതത്തില്‍ അങ്ങനൊരു ആത്മവിശ്വാസം എനിക്കുണ്ടായി.


Click it and Unblock the Notifications











