കുഞ്ഞ് ജനിച്ചിട്ട് രണ്ടു വർഷം! മാതൃത്വം തന്നെ മുഴുവനായും സ്വാധീനിക്കുന്നുവെന്ന് പാർവ്വതി കൃഷ്ണ, കുറിപ്പ് വൈറൽ
കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം. 2020 ഡിസംബറിലാണ് പാർവതിക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. കഴിഞ്ഞ ആഴ്ചയാണ് മകന്റെ രണ്ടാം പിറന്നാൾ താരം ആഘോഷിച്ചത്.
സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാർവതിയെ വിവാഹം ചെയ്തത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാർവ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തൻ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്‌ളോഗിങ്ങിൽ വളരെ സജീവമാണ് നടി.

മകന്റെ ജനനം മുതൽ ഓരോ വിശേഷങ്ങളും പാർവ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മകൻ, അച്യൂത് എന്ന അച്ചുക്കുട്ടൻ പ്രേക്ഷകർക്കും പ്രിയങ്കരനാണ്. കുഞ്ഞ് ജനിച്ച ശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിച്ചതിനെ കുറിച്ചൊക്കെ നടി സംസാരിച്ചിരുന്നു. ഇപ്പോഴിതാ, മാതൃത്വത്തെ കുറിച്ചുള്ള പാർവ്വതിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്.

ഈ ഘട്ടത്തിൽ അമ്മമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് പാർവ്വതിയുടെ പോസ്റ്റ്. 'ഞാൻ ത്യാഗം ചെയ്യുന്നുണ്ട്. ഞാൻ സ്നേഹിക്കുന്നുണ്ട്. ഞാൻ ചിരിക്കുന്നുണ്ട്. കരയുന്നുണ്ട്... ചിലപ്പോഴൊക്കെ ഒരുപാട്. എനിക്ക് തോന്നുന്നു. എനിക്ക് ഉറക്കം കുറവാണ്. ഞാൻ വിഷമിക്കാറുണ്ട്. ഞാൻ പുഞ്ചിരിക്കാറുണ്ട്... ഒരുപാട്. മാതൃത്വം എന്നെ മുഴുവനായും സ്വാധീനിക്കുന്നു.
എന്റെ ഹൃദയം എനിക്ക് മുഖത്ത് കാണാം, അത് ക്ഷീണിച്ചതായി തോന്നുന്നു, അതിന് അങ്ങനെ സമയമൊന്നുമില്ലെന്ന് തോന്നുന്നു, മണിക്കൂറിൽ ഒരുപാട് ലോഡ് എടുക്കുന്നത് പോലെ... കാരണം അതിൽ പരിചരണത്തിനായി മണിക്കൂറുകൾ ഉണ്ട്, ആശങ്കയുടെ മണിക്കൂറുകൾ ഉണ്ട്, ആലിംഗനങ്ങൾ ഉണ്ട്.

എന്റെ കൺമുന്നിൽ കാണുന്ന നിറഞ്ഞ ഹൃദയത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമ്മമാരെ.. നിങ്ങൾ സ്വയം പ്രോത്സാഹിപ്പിക്കണം! നിങ്ങളിൽ മാതൃത്വം കാണാം... അത് മനോഹരമാണ്' എന്നാണ് പാർവ്വതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. തന്റെ പുത്തൻ ചിത്രങ്ങൾക്ക് ഒപ്പമാണ് പാർവ്വതിയുടെ വരികൾ. ഇടയ്ക്ക് തനിക്കായി ചില ഇടവേളകൾ വേണം, താൻ മാത്രമല്ല ഇതിൽ ഉള്ളതെന്നും നടി കുറിച്ചിട്ടുണ്ട്. ഒരുപാട് പേർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം മകന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് പാർവ്വതി പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടിയിരുന്നു. 'അമ്മയുടെ രാജകുമാരൻ രണ്ടു വയസ്' എന്നാണ് നടി കുറിച്ചത്. ടെലിവിഷൻ രംഗത്തെ പ്രമുഖർ അടക്കം അച്ചുകുട്ടന് ആശംസകളുമായി എത്തിയിരുന്നു.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി അഭിനയരംഗത്തേക്ക് വരുന്നത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച താരം കെ.കെ രാജീവ് ഒരുക്കിയ പരമ്പരകളായ അമ്മമാനസം, ഈശ്വരൻ സാക്ഷി എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ രാത്രിമഴയിലൂടേയും ശ്രദ്ധനേടുകയായിരുന്നു.
നിരവധി സിനിമകളിലും ചെറിയ വേഷങ്ങളിൽ പാർവതി എത്തിയിട്ടുണ്ട്. പാർവതിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഫഹദ് ഫാസിലിന്റെ മാലിക്കായിരുന്നു. ഡോ. ഷെറിൻ അൻവർ എന്ന കഥപാത്രത്തെയാണ് മാലിക്കിൽ പാർവതി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.


Click it and Unblock the Notifications