'ഉറക്കമാണ് എന്റെ ഏക ആശ്വാസം! വിശ്വാസം നഷ്ടപ്പെടാൻ വെറും സെക്കൻഡുകൾ മതി'; രഞ്ജുഷ പറയാൻ ശ്രമിച്ചത്!
മലയാള സിനിമാ-സീരിയൽ ലോകത്തെ നടുക്കി മറ്റൊരു മരണ വാര്‍ത്ത കൂടെ പുറത്തുവന്നിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടി രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടെയും മുഖത്ത്.
ഈയ്യടുത്താണ് സമാന രീതിയിൽ നടി അപർണ നായരേ സീരിയൽ ലോകത്തിന് നഷ്ടമാകുന്നത്. വെറും രണ്ടു മാസങ്ങൾക്ക് ഇപ്പുറം മഞ്ജുഷയും ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണിൽ കിട്ടാതായതോടെ മനോജ് ഫ്‌ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രഞ്ജുഷയെ കാണുന്നത്.

രഞ്ജുഷയുടെ മരണത്തിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു രഞ്ജുഷ. ഇന്നലെ വരെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ റീൽസ് വീഡിയോ പങ്കുവെച്ചിട്ടുണ്ട് താരം. വലിയ സന്തോഷത്തോടെയുള്ള പോസ്റ്റുകളാണ് മഞ്ജുഷയുടെ ഇൻസ്റ്റാഗ്രാമിൽ കാണുന്നത്. എന്നാൽ ഫേസ്ബുക്കിൽ അങ്ങനെയല്ല കാര്യങ്ങൾ. വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണ് രഞ്ജുഷ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
സ്വയം മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലുള്ള വാചകങ്ങൾ അടങ്ങിയതാണ് മഞ്ജുഷയുടെ അവസാന പോസ്റ്റുകളിൽ പലതും. 'ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല' എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റാണ് കഴിഞ്ഞ ഒക്ടോബർ 16ന് രഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്. ഇതിനു ശേഷം രണ്ടു പോസ്റ്റുകൾ കൂടി താരത്തിന്റെ പേജിൽ കാണാം.
'ഏറെ വർഷമെടുക്കും ഒരു വിശ്വാസം നേടിയെടുക്കാൻ എന്നാൽ ആ വിശ്വാസം നഷ്ടപ്പെടാൻ വെറും സെക്കൻഡുകൾ മതിയാകും. പിന്നെ ഒരിക്കലും അത് കൂടിച്ചേരുകയില്ല' എന്നാണ് ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ രഞ്ജുഷയും നടി ശ്രീദേവി അനിലും കൂടിയുള്ള രസമുള്ള റീൽസ് വീഡിയോകളാണ് കൂടുതലും. ഇതിൽ പലതും ശ്രീദേവി പോസ്റ്റ് ചെയ്യുകയും രഞ്ജുഷയെ ടാഗ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. അവസാന പോസ്റ്റും അങ്ങനെ ഉള്ളതാണ്. നിരവധിപേർ ഈ പോസ്റ്റുകൾക്ക് താഴെ താരത്തിന് ആദരാഞ്ജലികൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.

സിനിമയിലൂടെയാണ് രഞ്ജുഷ കരിയർ ആരംഭിക്കുന്നത്. എന്നാൽ സീരിയലുകളിലൂടെയാണ് രഞ്ജുഷ കൂടുതൽ തിളങ്ങുന്നത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളാണ് ഇതിൽ ഏറെ ശ്രദ്ധനേടിയത്. നിലവിൽ കൗമുദി ചാനലിലെ വരൻ ഡോക്‌ടറാണ് എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു താരം.
കൊച്ചി സ്വദേശിയാണ് രഞ്ജുഷ. രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ഒരു മകളുണ്ട് താരത്തിന്. സീരിയൽ അഭിനയിത്തിനായി മാറിനിൽക്കുമ്പോൾ അമ്മയാണ് മകളെ നോക്കുന്നത്. മുപ്പതോളം സീരിയലുകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് എന്നിവയാണ് രഞ്ജുഷ അഭിനയിച്ച ശ്രദ്ധേയ സിനിമകൾ.


Click it and Unblock the Notifications