'ഏട്ടനോട് എന്നെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കിട്ടും'; വിവാഹ വാർഷികദിനത്തിൽ കുറിപ്പുമായി രശ്മി അനിൽ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്പരകരളിലൂടെയുമൊക്കെയാണ് രശ്മി പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. നാടകത്തിലൂടെയാണ് രശ്മിയുടെ തുടക്കം. പിന്നീട് വിവിധ കോമഡി ഷോകളുടെ ഭാഗമായി കൊണ്ട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷം സിനിമകളിലടക്കം സാന്നിധ്യമറിയിക്കാൻ രശ്‌മിക്ക് കഴിഞ്ഞു. ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി തന്റെ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അടുത്തിടെ രശ്മി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതം 17ാം വര്‍ഷത്തിലേക്ക് കടന്നതിനെക്കുറിച്ചുള്ള രശ്മിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇണക്കത്തേക്കാൾ പിണക്കങ്ങൾ ആണെങ്കിലും ഒരാൾക്ക് ഒരാളില്ലാതെ പറ്റില്ലെന്ന് രശ്മി പറയുന്നു.

"ഞങ്ങൾ ഒരുമിച്ച് നടന്നിട്ട് 17 വർഷങ്ങൾ. ഇണക്കത്തേക്കാൾ കൂടുതൽ പിണക്കങ്ങൾ. എത്ര പിണങ്ങിയാലും ഒരാൾക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും. എന്റെ വിഡ്ഡിത്തങ്ങൾ കേട്ട് ആർത്ത് ചിരിക്കുന്ന ആൾ. എപ്പോഴും കൂടെ നടക്കുന്ന എന്റെ മാത്രം ആൾ. ഏട്ടനോട് എന്നെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കിട്ടും. എന്റെ പൊന്നോ ഞാൻ സഹിക്കയല്ലേന്ന്," രശ്മി ഫേസ്‌ബുക്കിൽ കുറിച്ചു. വിവാഹ വാർഷിക ദിനത്തിൽ തന്നെ മകന്റെ ജനന നാൾ വന്നതിന്റെ സന്തോഷവും രശ്മി മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
"ഇന്ന് ഇരട്ടി സന്തോഷം. വ്യശ്ചികത്തിലെ ചതയം എന്റെ അമ്പാടിക്കണ്ണന്റെ പിറന്നാൾ. ഞങ്ങളുടെ കല്യാണം നവംബർ 21 വൃശ്ചികം അഞ്ചിന് ആയിരുന്നു. ഇന്ന് ഇംഗ്ലീഷ് മാസത്തിലെയും മലയാള മാസത്തിലെയും ഡേറ്റ് ഒരുമിച്ച് വന്നിരിക്കുന്നു. അന്ന് തന്നെ അമ്പുവിന്റെ പിറന്നാളും. ഡിസംബർ 2നാണ് ബർത്ത്ഡേ വരുന്നത്. അന്ന് ഞങ്ങൾ പൊളിക്കും, ഇന്ന് ഞങ്ങൾ ലൊക്കേഷനിലായിപ്പോയി" എന്നാണ് രശ്മി കുറിച്ചത്. നിരവധി പേരാണ് രശ്മിയുടെ രണ്ടു പോസ്റ്റുകൾക്ക് താഴെയും ആശംസകൾ നേർന്ന് എത്തുന്നത്.
2006 ലാണ് രശ്മിയും അനിലും വിവാഹിതരായത്. അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. പെണ്ണുകാണാൻ വന്നപ്പോൾ ആളുമാറി ചായ നൽകിയതിനെ കുറിച്ചൊക്കെ രശ്മി മുൻപ് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ വിവാഹമോചനത്തിനെ കുറിച്ച് ചിന്തിച്ച ഘട്ടമുണ്ടായിരുന്നുവെന്നും രശ്മി വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിഞ്ഞ സമയത്ത് ഭര്‍ത്താവിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു എന്നാണ് രശ്മി പറഞ്ഞത്. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഭര്‍ത്താവിന് ഇഷ്ടമായിരുന്നു. സാരി ആയിരുന്നു ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നായിരുന്നു ആവശ്യം അതിൽ നിന്നും ഇങ്ങനെയാക്കി എടുക്കാൻ കഷ്ടപ്പെട്ടു എന്നാണ് നടി ഒരിക്കൽ പറഞ്ഞത്.
ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്. വസ്ത്രധാരണത്തിലൊക്കെ എന്റെ ഇഷ്ടം പരിഗണിക്കാന്‍ തുടങ്ങി. കുറച്ച് സ്‌നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്‌നേഹമാണെന്ന് എനിക്ക് പറയാം. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് ഡിവോഴ്‌സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകാനാകുമെന്ന് തോന്നുന്നില്ലായിരുന്നു. പിന്നെ കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് ചിന്തിച്ചത്. പക്ഷെ ഇപ്പോള്‍ ആൾ മാറി. സന്തോഷകരമായാണ് മുന്നോട്ട് പോകുന്നത് എന്നാണ് രശ്മി പറഞ്ഞത്.


Click it and Unblock the Notifications