വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുമായിരുന്നു, ജീവിക്കേണ്ട എന്ന് തോന്നും; വിഷാദത്തെക്കുറിച്ച് ശ്രീകല
താര ജീവിതം എന്നത് പലപ്പോഴും പുറമെ കാണുന്ന ഗ്ലാമറിന്റെ മാത്രം ലോകമായിരിക്കില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്ന താരങ്ങളും മനുഷ്യരാണ്. സാധാരണക്കാരെ പോലെ തന്നെ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമെല്ലാം അവരും നേരിടുന്നുണ്ട്. അവയെ അതിജീവിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് എല്ലാവരും പ്രിയപ്പെട്ട താരമായി നിറഞ്ഞു നില്‍ക്കുകയും പിന്നീട് എങ്ങോ പോയ് മറയുകയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്. ഇപ്പോള്‍ എവിടെയാകുമെന്ന് എപ്പോഴെങ്കിലും ആരാധകരുടെ മനസിലേക്ക് കടന്നു വരുന്ന പേരുകളും മുഖങ്ങളുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവര്‍ സൃഷ്ടിച്ച സ്വാധീനമാണ് ഇന്നും അവരെ ഓര്‍ത്തിരിക്കാന്‍ കാരണമാകുന്നത്.
അങ്ങനെ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു ശ്രീകല. മാനസപുത്രിയെന്ന പരമ്പരയിലൂടെ മലയാളികളുടെ മാനസപുത്രിയായി മാറുകയായിരുന്നു ശ്രീകല. ടെലിവിഷനിലെ സൂപ്പര്‍ നായിക. എന്നാല്‍ പിന്നീട് ശ്രീകല അഭിനയത്തില്‍ നിന്നും ക്യാമറയ്ക്കു മുന്നില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി. ഭര്‍ത്താവിനൊപ്പം യുകെയില്‍ സ്ഥിര താമസമാക്കുകയായിരുന്നു ശ്രീകല. ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം ശ്രീകല തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അവസരങ്ങള്‍ തേടി വന്നപ്പോഴും താന്‍ നിരസിക്കുകയായിരുന്നു എന്നാണ് ശ്രീകല പറയുന്നത്. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തിനാണ് താനിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ശ്രീകല പറയുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണണായതുമെന്നാണ് ശ്രീകല പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ 'ഇതത്ര വലിയ കുഴപ്പമാണോ' എന്നൊക്കെയായിരുന്നു തന്റെ വിചാരം എന്നാണ് ശ്രീകല പറയുന്നത്. എന്നാല്‍ പിന്നീട് താനും ആ അവസ്ഥയിലെത്തുകയായിരുന്നു. അമ്മ പോയ ശേഷം താന്‍ ആ അവസ്ഥയിലേക്കെത്തി എന്നാണ് താരം പറയുന്നത്. അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. 'സ്വാമി അയ്യപ്പനി'ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തില്‍ കുറച്ചു ദിവസത്തെ വര്‍ക്കേ ഉണ്ടാകൂ. മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ തുടങ്ങി. അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കുകയായിരുന്നുവെന്നാണ് ശ്രീകല ഓര്‍ക്കുന്നത്.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നുമായിരുന്നുവെന്ന് ശ്രീകല പറയുന്നു.അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നുവെന്നും താരം തുറന്നു പറയുന്നു.
എന്നാല്‍ മകനേയും വിപിനേട്ടനെയും ഓര്‍ത്തു മാത്രമാണ് പിടിച്ചു നിന്നത്. തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നല്‍. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. 'നീ ഇനി അവിടെ നില്‍ക്കണ്ട...' എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് താന്‍ ഇങ്ങോട്ട് പോന്നത്. എന്നാണ് താരം പറയുന്നത്. അതേസമയം തനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ സന്തോഷവതിയാണ് എന്നും ശ്രീകല തുറന്നു പറയുന്നുണ്ട്.

കായംകുളം കൊച്ചുണ്ണിയിലൂടെയായിരുന്നു ശ്രീകലയുടെ അരങ്ങേറ്റം. പിന്നാലെ മാനസപുത്രിയിലെ സോഫിയായി എത്തി കേരളക്കരയുടെ മനസിലിടം നേടുകയായിരുന്നു. സ്വാമി അയ്യപ്പന്‍, മഞ്ഞള്‍ പ്രസാദം, സ്നേഹതീരം, അമ്മ തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീകല പിന്നീട് രാത്രിമഴയിലൂടെ തിരികെ വന്നിരുന്നു.


Click it and Unblock the Notifications











