'അപകടത്തിന് ശേഷം ചേട്ടൻ എന്നെ പോലും മറന്നു, ഓര്‍ത്തത് നിങ്ങളെ!'; ഇതിലും വലിയ അവാർഡ് കിട്ടാനില്ലെന്ന് അനീഷ് രവി

മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള ടെലിവിഷൻ ഹാസ്യ പരമ്പരയാണ് അളിയൻസ്. അനീഷ് രവി, മഞ്ജു പത്രോസ് അടക്കമുള്ള താരങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അളിയൻസിലെ കനകനും ക്ലീറ്റസും തങ്കവും ലില്ലിയുമൊക്കെ പ്രേക്ഷകരുടെ വീട്ടിലെ ഓരോ അംഗങ്ങളെ പോലെയാണ് ഇന്ന്. അളിയൻസ് താരങ്ങളെല്ലാം തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അനീഷ് രവി തന്റെ ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈലിൽ പങ്കുവച്ച ഒരു കുറിപ്പ് വൈറലാവുകയാണ്. അളിയൻസ് ലൊക്കേഷനിലേക്ക് അതിഥിയായി എത്തിയവരെ കുറിച്ചാണ് നടന്റെ പോസ്റ്റ്. അനീഷിന്റെ കുറിപ്പ് വായിക്കാം.

aneesh ravi

'ഇതിലും വലിയ ഒരു പുരസ്‌കാരം ഞങ്ങൾക്കിനി കിട്ടാനില്ല. ഞങ്ങടെ കുടുംബ വീട്ടിലേയ്ക്ക് (പാങ്ങോട് ) ഓരോ ദിവസവും കൈനിറയെ സമ്മാനങ്ങളുമായി ബന്ധുജനങ്ങൾ വന്നു പോകുന്നത് അയൽ വീട്ടുകാർക്ക് ഒരു സ്ഥിരം കാഴ്ചയാണ്. കൂടുതലും പ്രവാസികളാണ്. ആദ്യമായാണ് വരുന്നതെങ്കിലും വീടും പരിസരവും സ്വന്തം എന്ന പോൽ അവർ പെരുമാറുന്നത് കാണുമ്പോൾ ഞങ്ങൾക്കെന്തു സന്തോഷമാണെന്നോ.

അടുത്ത ബന്ധുക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറുന്നതും. എത്ര പറഞ്ഞാലും കണ്ടാലും മതി വരാതെ വീണ്ടും വീണ്ടും ഞങ്ങളെ കാണാനെത്തുന്ന മറ്റൊരു കൂട്ടർ. അങ്ങിനെ. അങ്ങിനെ. ഓരോ ദിവസം കഴിയും തോറും ഞങ്ങട ബന്ധുബലം കൂടി കൊണ്ടേ ഇരിയ്ക്കുന്നു. മനസ്സ് മുഴുവൻ നാട്ടിൻ പുറത്തിന്റെ നന്മയും കാഴ്ചകളും നിറച്ച് നാടുവിട്ടെന്നോ പോയ പ്രിയ പ്രവാസികളോടാണ് ഞങ്ങൾക്കിപ്പോ കൂടുതലുടപ്പവും.

ങ്ങളോരോരുത്തരുടേയും ജന്മദിനത്തിന് കേക്കുകൾ സമ്മാനിയ്ക്കുന്ന അങ്ങ് ടെക്സസിലെ മഞ്ജിമയിൽ തുടങ്ങി ഞങ്ങളുടെ കുടുംബ ചിത്രം തന്റെ വീടിന്റെ സ്വീകരണ മുറിയിൽ വച്ചിട്ടുള്ള ഫാദർ ഷാജി തോമസ്, ഇടയ്ക്കു വിളിച്ചു കുശലാന്വേഷണം നടത്തുന്ന മലയാളത്തിന്റെ മഹാ നടി ഷീലാമ്മ, ഞങ്ങളെ കുടുംബത്തോടെ തന്റെ വീട്ടിലേയ്ക്കു വിളിച്ചു ഉച്ച ഭക്ഷണം തന്നു സ്നേഹം കൊണ്ട് അമ്പരപ്പിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ സർ.

'ഞാൻ മിക്കവാറും കാണുന്ന ടെലിവിഷൻ ഷോ ആണ് അളിയൻസ്' എന്ന് തുറന്നു പറഞ്ഞ ചലച്ചിത്ര വിസ്മയം പ്രിയദർശൻ സർ, കഴിഞ്ഞ ദിവസം ഞങ്ങളെ കാണാൻ കുടുംബ സമേതം വന്ന അർജുന അവാർഡ് ജേതാവ് ഒളിമ്പിയൻ ഡിജോ. അങ്ങനെ ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തിൽ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു.

എങ്കിലും കഴിഞ്ഞ ദിവസം ഞങ്ങളെ കാണാനായി ചെന്നൈയിൽ നിന്നും വന്ന ഒരു ഭാര്യയും ഭർത്താവും ഞങ്ങടെ മനസ്സിൽ നിന്ന് മായുന്നേ ഇല്ല. ഏതോ അത്ഭുത ലോകത്തെന്നപോലെ ഞങ്ങടെ വീടിന്റെ അല്പം പൊട്ടി പൊളിഞ്ഞ റോഡിലൂടെ അവർ ഒഴുകി വരുന്ന പോലെ ഞങ്ങൾക്ക് തോന്നി. ഞങ്ങളെ കാണുമ്പോൾ ഒരു സ്വപ്ന ലോകത്തെന്നവണ്ണം അവരുടെ കണ്ണിലെ തിരയിളക്കം ഞങ്ങൾക്ക് കാണാമായിരുന്നു. അടുത്തെത്തി അദ്ദേഹം ഒന്നും മിണ്ടിയില്ല. നിറഞ്ഞ ചിരി മാത്രം.

വിതുമ്പലോടെ ആ സ്ത്രീ പറഞ്ഞു തുടങ്ങി. ഞങ്ങടെ സ്വപ്നം യാഥാർഥ്യമായി. സാധാരണ എന്ന പോലെ ഞങ്ങൾ അവരെയും സ്വീകരിച്ച് അകത്ത് ഇരുത്തി. തമിഴ് കലർന്ന മലയാളത്തിൽ അവർ പറഞ്ഞു തുടങ്ങി. കുറച്ചു നാൾ മുൻപ് ചേട്ടനൊരു ആക്സിഡന്റ് പറ്റി സർജറി കഴിഞ്ഞു കിടപ്പിലായിരുന്നു. ബോധം തിരിച്ചു വരുമ്പോ ഒന്നും ആരെയും ഓർമ്മയില്ല. എന്നെയും എന്ന് പറയുമ്പോഴേയ്ക്കും അവരുടെ കണ്ണ് തുളുമ്പാൻ തുടങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളോട് അവർ ബാക്കി കൂടി പറഞ്ഞു. ഡോക്ടർ ചോദിയ്ക്കുമ്പോ ആകെ അറിയുന്നത് കനകനെയും ലില്ലിയെയും ക്ളീറ്റസിനെയും തങ്കത്തിനെയും മുത്തിനെയും മാത്രം. കാര്യം അന്വേഷിച്ചറിഞ്ഞ ഡോക്ടർ ആ പ്രോഗ്രാം വീണ്ടും വീണ്ടും കാണാൻ പറഞ്ഞത്രേ.

ദിവസങ്ങൾ പ്രതീക്ഷകളോടെ കടന്നുപോയി. ആ മനുഷ്യൻ ക്രമേണ നിത്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. പറഞ്ഞവസാനിപ്പിയ്ക്കുമ്പോ അവർ പൊട്ടി കരയുന്നുണ്ടായിരുന്നു. അപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ ദൈവം തൊട്ടു തലോടിപ്പോയ ആ മനുഷ്യൻ കൗതുകത്തോടെ ഞങ്ങളെ നോക്കി നന്ദിയോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അറിയാതെ ഞങ്ങട കവിളുകൾ നനയാൻ തുടങ്ങി.

രാജേഷ് (തലച്ചിറ) ഉൾപ്പടെ ഞങ്ങൾ. ഒന്നും മിണ്ടാനാകാതെ നിന്നു. വല്ലാത്ത ഒരു നിശബ്ദത. നിശ്ശബ്ദതയ്ക്കു സാന്ത്വനം എന്ന ഒരർത്ഥം കൂടി ഉണ്ടെന്ന് ആ നിമിഷം ഞങ്ങൾക്ക് ബോധ്യമാകുന്നു. സ്നേഹത്തിന്റെ നീണ്ട ഒരു നെടുവീർപ്പിനൊടുവിൽ അവർ നിറകണ്ണുകളോടെ എന്നാൽ സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ യാത്ര പറഞ്ഞിറങ്ങി.

aneesh ravi

മടക്കയാത്രയിൽ ഞങ്ങടെ വഴിയിലെ ഇളകി കിടക്കുന്ന ചില കല്ലുകളിൽ ചവിട്ടാതെ, മാവിലകളെ ഒന്ന് തൊട്ടു തലോടി. സ്വപ്നമല്ല സത്യമെന്ന് സ്വയം ബോധ്യപ്പെടുത്തി അവർ നടന്നകന്നു. ഇനിയും വരുമെന്ന് പറഞ്ഞുറപ്പിച്ച് കൊണ്ട്. ഞങ്ങൾ പരസ്പരം നോക്കി ആരും ഒന്നും മിണ്ടിയില്ല. ഇതിലും വലിയ ഒരു സന്തോഷം ഞങ്ങൾക്കും ഇനി കിട്ടാനില്ല.

ഒരു മനുഷ്യന്റെ, ഒരു കുടുംബത്തിന്റെ തിരിച്ചു വരവിന് ഞങ്ങൾ കാരണക്കാരായെങ്കിൽ കൊട്ടിഘോഷിയ്ക്കലുകളൊന്നുമില്ലാതെ ,ചമയങ്ങളുടെ അതി പ്രസരമില്ലാതെ, ഞങ്ങൾ ഒരുക്കുന്ന ജീവിത യാഥാർഥ്യങ്ങൾ ഇത്രമേൽ മനുഷ്യ മനസിനെ സ്വാധീനിയ്ക്കാൻ കഴിയുന്നു എങ്കിൽ ഞങ്ങൾ ധന്യരായി. ഞങ്ങളെ ഞങ്ങളാക്കുന്ന പ്രിയ പ്രേക്ഷകരായ ബന്ധുമിത്രാദികൾക്ക് അളിയൻസ് കുടുംബത്തിന്റെ ഒരായിരം നന്ദി', അനീഷ് രവി കുറിച്ചു.

More from Filmibeat

Read more about: aneesh ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X