'അവൻ പോയി...! വിളിച്ചാൽ ഓടിവരാൻ ഇനി നീ ഇല്ലല്ലോ; കണ്ണു നനയാതെ നിന്നെ ഓർക്കാൻ വയ്യ...'; വേദന പങ്കുവച്ച് മഞ്ജു
മലയാളികൾക്ക് സുപരിചിതയാണ് നടി മഞ്ജു സുനിച്ചൻ. സിനിമകളിലും സീരിയലിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജുവിനെ പ്രേക്ഷകർ ആദ്യമായി കാണുന്നത്. ഷോയിലൂടെയാണ് മഞ്ജുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു.
വെറുതെ അല്ല ഭാര്യക്ക് ശേഷം മറിമായം എന്ന പരമ്പരയിൽ അവസരം ലഭിച്ചതാണ് മഞ്ജുവിന് വഴിത്തിരിവായത്. അതിൽ തിളങ്ങിയതോടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്നാണ് മഞ്ജു ബിഗ് ബോസിലേക്കെല്ലാം എത്തുന്നത്. നിലവിൽ അളിയൻസ് എന്ന പരമ്പരയിലാണ് മഞ്ജു അഭിനയിക്കുന്നത്. ഒപ്പം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ടവരിലൊരാളെ നഷ്ടമായതിന്റെ വേദന പങ്കുവെയ്ക്കുകയാണ് മഞ്ജു സുനിച്ചൻ. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അരവിന്ദിന്റെ വിയോഗത്തെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്. സെറ്റിൽ എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും മഞ്ജു സുനിച്ചൻ പറഞ്ഞു.
"അവൻ പോയി... ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി... നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം... ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ.. അരവിന്ദേ... ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ... അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ... അരവിന്ദേ ഇന്നാടാ മുട്ടായി...
ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല... വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി... കണ്ണ് നനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ...," മഞ്ജു കുറിച്ചു.
ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും, ഷൂട്ട് കഴിഞ്ഞ് വണ്ടിയില്‍ കയറ്റിവിടാനുമെല്ലാം മുന്നിലുണ്ടാവാറുള്ള അരവിന്ദ് ഇനിയില്ലെന്ന് വിശ്വസിക്കാനാവാത്തതിന്റെ സങ്കടം അനുമോളും പങ്കുവെച്ചിരുന്നു. അളിയൻസിലെ മറ്റു താരങ്ങളായ അനീഷ് രവിയും റാഫിയും പ്രിയപ്പെട്ടവന്റെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

"എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്. നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയിൽ കയറ്റി വിട്ടേ ഇനി ആരാടാ എനിക്ക് ലൊക്കേഷനിൽ കൂട്ടുള്ളത്. ആരാടാ എനിക്ക് ഫോട്ടോസ് വീഡിയോസ് എടുത്തു തരുന്നത്, ഷൂട്ട് കഴിയുന്നത് വരെ കൂടെ ഉണ്ടാകും, എപ്പോൾ വിളിച്ചാലും ഓടി വരും.
കണ്ടില്ലെങ്കിൽ വിളിച്ചു ചോദിക്കും നീ എവിടെ ടാ എന്ന്. നീ ഇത്ര പെട്ടന്ന് പോകും എന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട്. മറക്കില്ല ഡാ. എന്നും എപ്പോഴും," എന്നായിരുന്നു അനുമോൾ കുറിച്ചത്.
കനകന്റെ വീട്ടിൽ പത്രമിടാൻ ഇനി അരവിന്ദൻ വരില്ല അല്ലേ എന്നായിരുന്നു അനീഷ് രവിയുടെ പ്രതികരണം. അരവിന്ദിന് എന്താണ് പറ്റിയതെന്നുള്ള ചോദ്യങ്ങളും താരങ്ങളുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നു. ചെറിയ തലവേദന വന്നതാണ്, അത് ഇന്‍ഫക്ഷനായെന്നായിരുന്നു ഒരാള്‍ മറുപടി നൽകിയത്. പെട്ടെന്ന് വയ്യാതായി, ബ്രയിന്‍ ഇന്‍ഫെക്ടടായിപ്പോയി എന്നാണ് ബീന ആന്റണിയുടെ ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി.
ആരാണെന്നറിയില്ല, എങ്കിലും ഒരുപാട് വേദന തോന്നി ഈ പോസ്റ്റ് കണ്ടപ്പോള്‍. കണ്ണുനിറഞ്ഞത് കാരണം വായിച്ചുതീര്‍ക്കാന്‍ പോലും പറ്റിയില്ല, ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളുടെ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വിഷമം വരുന്നു തുടങ്ങിയ കമന്റുകളും മഞ്ജു സുനിച്ചന്റെ പോസ്റ്റിന് താഴെയുണ്ട്.


Click it and Unblock the Notifications