വീണയുടെ തുറന്ന് പറച്ചില്‍ ഒരു ഭര്‍ത്താവും ഇഷ്ടപ്പെടില്ല; മഞ്ജുവിന് സംഭവിച്ച തെറ്റ്: ആലപ്പി അഷ്‌റഫ് പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 7 നായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാണ് പുതിയ സീസണ്‍ ആരംഭിക്കുക എന്ന് ഇതുവരേയും അറിയിപ്പുകളൊന്നും വന്നിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാകും എന്നാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴേ ചര്‍ച്ചയായി മാറുകയാണ് ബിഗ് ബോസ് 7. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളെക്കുറിച്ചുള്ള സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ അവലോകനം ശ്രദ്ധ നേടുകയാണ്.
സീസണ്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ചില മത്സരാര്‍ത്ഥികളെക്കുറിച്ചാണ് ആലപ്പി അഷ്‌റഫ് തന്റെ വീഡിയോയില്‍ സംസാരിക്കുന്നത്. ജനപ്രീയ താരങ്ങളായ സാബു മോന്‍, രജത് കുമാര്‍, അഖില്‍ മാരാര്‍, റോബിന്‍ രാധാകൃഷ്ണന്‍, ആര്യ, വീണ നായര്‍, ജാസ്മിന്‍ ജാഫര്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്ത ഭാഗം വായിക്കാം.

''ആദ്യ സീസണ്‍ തന്നെ കോളിളക്കവും വമ്പന്‍ വിജയവും സൃഷ്ടിച്ചു. ആ വിജയത്തിന്റെ പ്രധാന പങ്ക് മോഹന്‍ലാലിനാണ്. ആദ്യ സീസണില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ സാബു മോന്‍, രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍, പേളി മാണി തുടങ്ങിയവരാണ്. ആദ്യ സീസണില്‍ തന്നെ തമ്മിലടി, ചീത്ത വിളി, അപവാദം പറച്ചില്‍, കൊങ്ങയ്ക്ക് പിടിത്തം, ആക്ഷേപം പറച്ചില്‍ തുടങ്ങിയ കലാപരിപാടികളിലൂടെ ഈ പരിപാടി എങ്ങനെയാണെന്ന് ഒരു ധാരണ പൊതുസമൂഹത്തിനുണ്ടാക്കി കൊടുത്തു.
ആദ്യ സീസണിലെ വിന്നര്‍ സാബുമാനോയിരുന്നു. ഒരുപാട് കേസുകളും പ്രശ്‌നങ്ങളും ദുഷ്‌പേരുമുണ്ടായിരുന്ന സമയത്താണ് സാബു മോന് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്. ഈ ദുഷ്‌പേരെല്ലാം ഒറ്റയടിക്ക് മാറി. നാടന്‍ റൗഡി വേഷത്തില്‍ നടന്നിരുന്ന സാബു മോന്‍ പെട്ടെന്ന് രജനീകാന്ത് പടത്തില്‍ വരുന്നത് പോലെ കോട്ടും സ്യൂട്ടുമിട്ടു. രജനിയ്ക്ക് കിട്ടുന്നത് പോലെ കയ്യടിയും കിട്ടി. റണ്ണറപ്പായ പേളി മാണിക്ക് കിട്ടിയ നേട്ടം, ബിഗ് ബോസ് ഹൗസ് ഒരു സ്വയംവര പന്തലാക്കാന്‍ കഴിഞ്ഞുവെന്നതാണ്. സാബുമോന്‍ നല്ലവനായ ഉണ്ണിയായി മാറി കരിയര്‍ മെച്ചപ്പെടുത്തി. പേളി മാണി സുന്ദരമായ മാതൃകാ കുടുംബ ജീവിതം നയിക്കുന്നു.
പിന്നീടുള്ള സീസണുകള്‍ വന്നവരില്‍ ഡോക്ടര്‍ രജത് കുമാര്‍ ഏറ്റവും അധികം ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുക്കുന്ന ആളെന്ന നിലയിലും കോളേജ് അധ്യാപകന്‍ എന്ന നിലയിലും അദ്ദേഹത്തിന് വമ്പിച്ച ജനപിന്തുണ ലഭിച്ചു. മുമ്പ് പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പറ്റാത്ത സ്ത്രീവിരുദ്ധ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല. ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രം ചുരുങ്ങും, അവര്‍ പ്രസവിക്കില്ല എന്നാണ് പറഞ്ഞത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിമണ്‍സ് കോളേജില്‍ വച്ചാണ് പറഞ്ഞത്.
അന്നുണ്ടാക്കിയ ഡാമേജ് മാറ്റിയെടുത്ത് തിരിച്ചുവരുമെന്ന് എല്ലാവരേയും പോലെ ഞാനും പ്രതീക്ഷിച്ചു. എന്നാല്‍ കപ്പടിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അതിനേക്കാള്‍ പതിന്മടങ്ങ് വീര്യമുള്ള വിവരക്കേട്, ക്രൂരത അദ്ദേഹം കാട്ടിക്കൂട്ടി. ഒരു പെണ്‍കുട്ടിയുടെ അസുഖം ബാധിച്ചിരുന്ന കണ്ണില്‍ മുളക് തേച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് ആ പച്ചമുളക് തല്ലിത്തകര്‍ത്തത്.
കലാരംഗത്ത് ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് വീണ നായര്‍ ബിഗ് ബോസിലേക്ക് കടന്നു വരുന്നത്. നല്ല സ്വഭാവം, നല്ല പെരുമാറ്റം. നര്‍ത്തകിയും സുന്ദരിയുമായ നിഷ്‌കളങ്കയായ കലാകാരി. അവരുടെ കുടുംബത്തേയും ഭര്‍ത്താവിനേയും മകനേയും കുറിച്ചുള്ള വാതോരാതെയുള്ള വര്‍ണന നാം കേട്ടിട്ടുള്ളതാണ്. ബിഗ് ബോസിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു തുറന്നു പറച്ചിലിന് അവസരം ലഭിച്ചപ്പോള്‍ തന്റെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള ചില അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞു. അന്നുവരെ തന്റെ പ്രാണേശ്വരനോട് പോലും പറയാത്ത ആ ജീവിത രഹസ്യം കോടിക്കണക്കിന് പ്രേക്ഷകരുടെ മുമ്പില്‍ വിളമ്പി. ഒരു ഭര്‍ത്താവും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായിരുന്നു ആ കഥ.
ആശുപത്രി കിടക്കയില്‍ കിടക്കുന്ന തന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍, തെറ്റാണെന്ന് അറിഞ്ഞിട്ടും മനസില്ലാ മനസോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനമായിരുന്നു ആ തുറന്ന് പറച്ചില്‍. എല്ലാം എല്ലാവരോടും വിളിച്ച് പറയുന്നതല്ല വിവേകം. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കുകയാണ് വേണ്ടത്. ഈ തുറന്നു പറച്ചിലിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടത് അവര്‍ സ്‌നേഹനിധിയെന്ന് പുകഴ്ത്തി പറഞ്ഞ ഭര്‍ത്താവിനെയും കുടുംബത്തേയുമാണ്.
റോബിന്‍ രാധാകൃഷ്ണന്റേത് മല പോലെ വന്ന് എലി പോലെ പോയ ചരിത്രാണ്. മോട്ടിവേറ്ററും ഡോക്ടറുമായ റോബിന്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു. പ്രേക്ഷകര്‍ ഒന്നടങ്കം വിന്നര്‍ അദ്ദേഹമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ നടന്ന അടിപിടിയില്‍ എല്ലാം തകിടം മറിഞ്ഞു. അയാള്‍ക്കും അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. പുറത്ത് വന്ന റോബിന്‍ തന്റെ പ്രേക്ഷകരോട് ദില്‍ഷ പ്രസന്നന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ തമ്മിലുള്ള അടുപ്പം വിവാഹത്തില്‍ കലാശിക്കുമെന്ന് വിശ്വസിച്ച പ്രേക്ഷകര്‍ ഒന്നടങ്കം ദില്‍ഷയ്ക്ക് വോട്ട് ചെയ്തു. ദില്‍ഷ വിന്നറായി. എന്നാല്‍ അവര്‍ പരസ്പരം ചെരിവാരിയെറിഞ്ഞു, സൗഹൃദം പോലും എന്നന്നേക്കുമായി ഇല്ലായി.
വിവാഹത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ആര്യ ബിഗ് ബോസിലേക്ക് കടന്നു വരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക് നഷ്ടപ്പെട്ടത് ജീവന് തുല്യം പ്രണയിച്ച കാമുകനെയാണെന്ന് അവര്‍ പറയുന്നു. സ്റ്റേജ് ഷോയിലൂടെ ഉന്നതിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കെയാണ് പാഷാണം ഷാജി ബിബി ഹൗസിലേക്ക് എത്തുന്നത്. സിനിമയിലെ കോമേഡിയന്മാരില്‍ ഒന്നാമനാകാന്‍ അല്‍പം ദൂരം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട കലാകാരന് ബിഗ് ബോസ് നഷ്ടക്കച്ചവടമായിരുന്നു. അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും പ്രേക്ഷകരും സിനിമയും കൈ വിട്ടു.
കഠിനമായ ജീവിത പ്രതിസന്ധികളിലൂടെ കടന്നു വന്ന കലാകാരിയാണ് മഞ്ജു പത്രോസ്. പ്രേക്ഷകര്‍ക്ക് അവരോടുള്ള ഇഷ്ടവും താല്‍പര്യവും ഇല്ലാതാക്കിക്കൊണ്ടാണ് അവര്‍ പടിയിറങ്ങിയത്. ഒരു പരിധി വരെ അത് കുടുംബ ജീവിതത്തേയും ബാധിച്ചുവെന്നാണ് പറയുന്നത്. മഞ്ജു ബിഗ് ബോസില്‍ നിന്നിരുന്നപ്പോള്‍ പ്രചരിച്ച കിംവദന്തികൡ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് അവരുടെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയിയലൂടെ പറഞ്ഞു. അതൊക്കെ അവരുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം.
ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരായിരുന്നു അമൃത സുരേഷും അഭിരാമി സുരേഷും. ഒരുപക്ഷെ എല്ലാം കണ്ടും കേട്ടും അറിഞ്ഞും കടന്നു വന്നതിനാലാകാം. കോളിളക്കം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികള്‍ ഉണ്ടായിട്ടും ബുദ്ധിപരമായി അതൊന്നും അവിടെ വിളമ്പിയില്ല. അതുകൊണ്ട് തന്നെ വലിയ ഡാമേജൊന്നും കൂടാതെ അവിടെ നിന്നും ഇറങ്ങി വരാനും സാധിച്ചു.

യൂട്യൂബറായ സിജോയ്ക്ക് ബിബി ഹൗസില്‍ നിന്നുണ്ടായ നഷ്ടം ജീവിച്ചിരിക്കുന്നിടത്തോളം കാലം മറക്കാന്‍ പറ്റാത്തതാണ്. റോക്കി എന്ന മസില്‍മാന്റെ ഇടിയില്‍ താടിയെല്ല് പൊട്ടി. ഒരു പല്ലും പോയി. ജാസ്മിന്‍ ജാഫറെ ബിബി ഹൗസില്‍ കൊണ്ടാക്കിയത് വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന വ്യക്തിയാണ്. എന്നാല്‍ ആ ബന്ധം തകര്‍ന്നു. അതിന് കാരണം ബിഗ് ബോസ് ഹൗസില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും പ്രേമലീലകളുമാണ്.
ബിഗ് ബോസില്‍ പോകുന്നതിനെക്കുറിച്ച് മുമ്പ് ചോദിച്ചപ്പോള്‍ അഖില്‍ മാരാര്‍ പറഞ്ഞത് അവിടെ പോകുന്നതിലും ഭേദമാണ് ലുലു മാളില്‍ പോയി തുണി പൊക്കി കാണിക്കുന്നതാണ് എന്നാണ്. ബിഗ് ബോസില്‍ പരിഹസിച്ച ആള്‍ തന്നെ ബിഗ് ബോസില്‍ ചെന്ന് തുണി പൊക്കിക്കാണിച്ചു. എന്നാല്‍ വാചക കസര്‍ത്തുകൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് വോട്ട് നേടി കപ്പും കരസ്ഥമാക്കി. ബിഗ് ബോസ് കൊണ്ട് ഏറ്റവും ഉയര്‍ച്ച നേടാനായാത് അഖില്‍ മാരാര്‍ക്കാണ്. വട്ട പൂജ്യത്തില്‍ നിന്നും കൊട്ടക്കണക്കിന് പണം നേടാനും പ്രശസ്തി നേടാനും സാധിച്ചു.
ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ പറയുന്നത് ജനങ്ങള്‍ക്കൊപ്പം നിന്ന് ശരികള്‍ക്ക് വേണ്ടി പോരാടും എന്നാണ്. ചില അഭിപ്രായങ്ങളുടെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റാമെങ്കിലും സൂക്ഷിച്ച്, ശ്രദ്ധയോടെ മുന്നേറിയാല്‍ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാം. സ്വയം പ്രഖ്യാപിത ബുദ്ധി ജീവി ചമയാതിരുന്നാല്‍ മാത്രം മതി''.


Click it and Unblock the Notifications