സീരിയല്‍ നടിയെ വേണ്ട, പോസ്റ്ററീന്ന് ഫോട്ടോ മാറ്റണം! ഇനി നാട്ടിലെ ഒരു പരിപാടിയ്ക്കും ഇല്ല: അമൃത
നടി അമൃത നായര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും നേരിട്ട അവഹേളനം വാര്‍ത്തയായി മാറിയിരുന്നു. പഠിച്ച സ്‌കൂളില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്. അതിഥിയായി വിളിച്ച പരിപാടിയില്‍ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു. മന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടാന്‍ അമൃതയ്ക്ക് യോഗ്യതയില്ലെന്നായിരുന്നു സംഘാടകര്‍ പറഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള അമൃതയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു.
പിന്നാലെ താരത്തിന് പിന്തുണയുമായി മന്ത്രിയും നടനുമായ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് വിശദമാക്കുകയാണ് നടി അമൃത. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. അമൃതയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സ്‌കൂളിന്റെ നൂറാം വാര്‍ഷികമായിരുന്നു. ഗണേഷേട്ടനായിരുന്നു മുഖ്യാതിഥി. അവിടെ പഠിച്ച കുട്ടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും അതിഥിയാകണം എന്ന് പറഞ്ഞാണ് വിളിച്ചത്. സ്‌കൂള്‍ പിടിഎയില്‍ നേരത്തെ ഉണ്ടായിരുന്ന എന്റെ ബന്ധുവാണ് വിളിക്കുന്നത്. അദ്ദേഹം വിളിച്ചതു കൊണ്ടാണ് ഓക്കെ പറഞ്ഞത്. ഷൂട്ടുള്ള ദിവസമായിരുന്നു. ജൂണ്‍ എട്ടിനായിരുന്നു പരിപാടി. പിറ്റേദിവസം തന്നെ പോസ്റ്റര്‍ അയച്ചു തന്നുവെന്നാണ് അമൃത പറയുന്നത്.
പരിപാടി ഓര്‍ഗനൈസ് ചെയ്യാന്‍ ഒരു സംഘടന ഉണ്ടായിരുന്നു. അവരാണ് എന്നെ അതിഥിയായി വിളിക്കണമെന്ന് പറഞ്ഞത്. അതിലെ കുറച്ച് അംഗങ്ങള്‍ക്കായിരുന്നു ഞാന്‍ അതിഥിയാകുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നത്. അവര്‍ പറഞ്ഞത്, എനിക്ക് അദ്ദേഹത്തിനൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ല എന്നാണ്. പോസ്റ്ററില്‍ എന്റെ ഫോട്ടോ വേണ്ടെന്നും മാറ്റണമെന്നും പറഞ്ഞിരുന്നു. ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. അവര്‍ക്ക് എന്നെ വിളിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്ത കാര്യം വിളിച്ച് പറയേണ്ട മാന്യതയെങ്കിലും കാണിക്കണമായിരുന്നു എന്നാണ് അമൃത പറയുന്നത്.
പരിപാടിയ്ക്ക് പോകാനായി ഷൂട്ടിന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ് തയ്യാറായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ വിളിച്ച് പുതിയ നോട്ടീസ് അടിച്ചത് പറയുന്നത്. പുതിയ നോട്ടീസില്‍ എന്റെ പേരേ ഇല്ലായിരുന്നു. അങ്ങനെയാണെങ്കില്‍ പരിപാടിയ്ക്ക് പോകണ്ട എന്ന് പറഞ്ഞു. അവര്‍ വിളിച്ച് പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാന്‍ രാവിലെ ഒരുങ്ങിക്കെട്ടി പോയേനെ. പക്ഷെ ഇതുവരെ സ്‌കൂളില്‍ നിന്നും ഒരാളും വിളിക്കുകയോ സത്യാവസ്ഥ എന്തെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും താരം പറയുന്നു.
അര്‍ഹത എന്ന് പറയുന്നത് എങ്ങനെയാണ് നിര്‍ണയിക്കുന്നത്? ഇനി ഞാനൊരു സീരിയല്‍ നടി ആയതു കൊണ്ടാണോ? അവരുടെ വോയ്‌സില്‍ പറയുന്നുണ്ടായിരുന്നു ഇവിടെ ആവശ്യം ഒരു സീരിയല്‍ നടിയെ അല്ല എന്ന്. ഞങ്ങള്‍ക്ക് മന്ത്രിയെയാണ് വേണ്ടതെന്നും പറയുന്നുണ്ട്. പക്ഷെ ഗണേഷേട്ടന്‍ ഇതൊന്നും അറിഞ്ഞിട്ടേയില്ല. ഈ പ്രശ്‌നം പുറത്ത് വന്നതോടെ നാണക്കേടുണ്ടായത് നാടിന് മൊത്തമാണെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു.
വ്യക്തിപരമായി ഞാന്‍ അവര്‍ക്കാര്‍ക്കും മോശം വരുന്ന ഒന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. സിനിമ ചെയ്യുന്ന നടിയായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്നുറപ്പുണ്ട്. എന്റെ അടുത്ത് തന്നെ സിനിമ നടിയുണ്ട്. എന്റെ വീടിന്റെ മുറ്റത്തെ അമ്പലത്തിലെ പരിപാടിയ്ക്ക് പോലും എന്നെ വിൡക്കില്ല. ആ നടിയെയായിരിക്കും വിളിക്കുക. സിനിമയേയും സീരിയലിലേയും അവര്‍ എങ്ങനെയാണ് വ്യത്യസ്തമായി കാണുന്നതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ കുറഞ്ഞവരാണെന്ന് അവര്‍ കരുതുന്നതു കൊണ്ടാകും. സീരിയല്‍-സിനിമ വേര്‍തിരിവുണ്ടെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
സ്‌കൂളില്‍ നിന്നും ആരും ഇതുവരേയും വിളിച്ചിട്ടില്ല. എന്റെ ഫോട്ടോ പോസ്റ്ററില്‍ വന്നതാണ് അവര്‍ക്കൊക്കെ കുഴപ്പമായത്. സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടില്ലെന്ന് പറയാനാകില്ല. അവര്‍ വിളിച്ച് സംസാരിക്കേണ്ടതായിരുന്നു. പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല. കുറച്ചാളുകള്‍ ചെയ്തതു കാരണം എന്റെ നാട്ടിലെ എല്ലാവരേയും ഇത് ബാധിക്കും എന്നതാണ് വിഷമം എന്നാണ് താരം പറയുന്നത്.

പോസ്റ്റ് ഇട്ട ശേഷം ആത്മയില്‍ നിന്നും സാജന്‍ സൂര്യ ചേട്ടന്‍ വിളിച്ചു. ഇക്കാര്യം ഗണേഷേട്ടന്‍ അറിഞ്ഞിട്ടുണ്ടാകില്ലെന്നും അതിനാല്‍ അദ്ദേഹത്തോട് പറയണമെന്നും പറഞ്ഞു. പിറ്റേദിവസം ആത്മയുടെ മീറ്റിംഗില്‍ വച്ച് ഗണേഷേട്ടനെ കണ്ടിരുന്നു. താന്‍ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അനുവദിക്കില്ലെന്നും പറഞ്ഞു. പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് എനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. അദ്ദേഹം സപ്പോര്‍ട്ട് ചെയ്തുവെന്നത് ഒരുപാട് സന്തോഷം തോന്നിയെന്നും അമൃത പറഞ്ഞു.
ഇനി ഞാന്‍ നാട്ടിലെ ഒരു പരിപാടിയ്ക്കും ഞാന്‍ പോകില്ല. നാട് എനിക്ക് ഒരുപാടിഷ്ടമാണ്. നാട്ടില്‍ പോകും. പക്ഷെ ഇഷ്ടമുള്ളവരാണെങ്കിലും അല്ലെങ്കിലും ഒരു പരിപാടിയ്ക്ക് വിളിച്ചാനും ഇനി പോകില്ല. ഇത് എന്റെ മാത്രം അനുഭവമല്ല. ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്ന് ഒരുപാട് സെലിബ്രിറ്റികള്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications